തൃശൂർ/ചേർപ്പ്: വെങ്ങിണിശ്ശേരിയിൽ മാരകായുധങ്ങളുമായി കാറിൽ സഞ്ചരിക്കുന്നതിനിടെ വാഹനാപകടത്തിൽപെട്ട സംഘം മറ്റൊരു കാറിൽ രക്ഷപ്പെടുന്നതിനിടെ സിനിമ സ്റ്റൈലിൽ പൊലീസ് പിടികൂടി. മിനിലോറിയിൽ ഇടിച്ച കാറിൽ സഞ്ചരിച്ച നാലുപേർ ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന മറ്റൊരു കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ചേർപ്പ് ചെവ്വൂരിൽനിന്നാണ് സംഘത്തെ പിടികൂടിയത്. പൊലീസ് ജീപ്പിൽ കാറിടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് നാടകീയമായി പിടികൂടുകയായിരുന്നു. ഇതിനിടെ പരിക്കേറ്റ മൂന്ന് പ്രതികളെയും രണ്ട് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ സഞ്ചരിച്ച കാറിൽനിന്ന് വടിവാളുകളും കഞ്ചാവും കണ്ടെടുത്തു.
വെങ്ങിണിശ്ശേരിയിൽ മിനിലോറിയിൽ ഇടിച്ച് കാറിന്റെ മുൻഭാഗം തകർന്നിരുന്നു. അപകടം കണ്ട് നാട്ടുകാർ കൂടിയതോടെ കാറിലുണ്ടായിരുന്ന നാലുപേർ ലോറി ഡ്രൈവറോട് പരാതിയില്ലെന്ന് അറിയിച്ച് ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ച് നടത്തിയ പരിശോധനയിലാണ് കാറിൽനിന്ന് വടിവാൾ കണ്ടെത്തിയത്. ഗുണ്ടാസംഘങ്ങൾ ഉപയോഗിക്കുന്ന പോലുള്ള വടിവാളായിരുന്നു ഇത്. ഫോറൻസിക് വിദഗ്ധരെത്തി നടത്തിയ പരിശോധനയിൽ വാളിൽ രക്തക്കറയുള്ളതായാണ് പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനക്കായി കാറും വടിവാളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തിൽപെട്ട കാർ. ഇയാളുമായി ബന്ധപ്പെട്ടപ്പോൾ കാർ നിലവിൽ മറ്റൊരാളാണ് ഉപയോഗിക്കുന്നതെന്ന് മൊഴി നൽകി. കാർ ഉടമയെ പൊലീസ് വിളിച്ചുവരുത്തി ഉറപ്പ് വരുത്തി. സി.സി.ടി.വി കേന്ദ്രീകരിച്ചും സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയും അന്വേഷണം പുരോഗമിക്കുന്നതിനിടെ ചെവ്വൂരിൽ പൊലീസിന്റെ വാഹന പരിശോധനക്കിടയിലാണ് പ്രതികൾ എത്തിയത്. ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് പൊലീസ് ജീപ്പ് കുറുകെയിട്ട് തടയാൻ ശ്രമിച്ചെങ്കിലും കാർ ഇടിച്ചുകയറുകയായിരുന്നു. ഇതിലാണ് രണ്ട് പൊലീസുകാർക്കും കാറിലുണ്ടായിരുന്ന മൂന്നുപേർക്കും പരിക്കേറ്റത്. ഇറങ്ങിയോടിയവരെ പൊലീസ് പിന്തുടർന്ന് പിടികൂടി. ഒരാളെ കാർ സഹിതം കസ്റ്റഡിയിൽ എടുത്തു.
കോട്ടയത്തുനിന്ന് എത്തിയ ക്വട്ടേഷന് സംഘമാണ് കാറിൽ ഉണ്ടായിരുന്നത് എന്നാണ് പൊലീസിന് പറയുന്നത്. രണ്ടാമത്തെ കാർ ചേർപ്പ് സ്വദേശിയുടേതാണെന്നാണ് സൂചന.
കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ ലിബിൻ, ബിബിൻ, നിക്കോളാസ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവര് തൃശൂരിലെത്തിയതും ക്വട്ടേഷന്റെ ഭാഗമായാണെന്നാണ് പൊലീസിന് ലഭിച്ച സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.