തിരുവനന്തപുരം: നാലുകൊല്ലത്തിൽ തീരേണ്ട ബാച്ചിലർ ഓഫ് ഫാർമസി (ബി. ഫാം) കോഴ്സ് ആരോഗ്യസർവകലാശാലയുടെ കടുംപിടിത്തത്തിൽ ഏഴുവർഷം നീണ്ടതോടെ വിദ്യാർഥികൾ കടുത്ത ആശങ്കയിൽ. 2018-22, 2019- 23 ബാച്ച് വിദ്യാർഥികളാണ് പ്രതിസന്ധി നേരിടുന്നത്. ഇയർബാക്ക് സമ്പ്രദായം കൂടി കൊണ്ടുവന്നത്തോടെ ഫാർമസി പഠിക്കുന്ന കുട്ടികളുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാകുന്ന അവസ്ഥയാണ്.
വർഷാവർഷം പരീക്ഷ നടന്നിരുന്ന ബി.ഫാം കോഴ്സ് 2017 മുതലാണ് സെമസ്റ്റർ രീതിയിലേക്ക് മാറിയത്. അതിനൊപ്പമാണ് ഇയർബാക്ക് രീതികൂടി വന്നത്. ഒന്നുംരണ്ടും സെമസ്റ്റർ പൂർത്തിയാക്കിയാലേ അഞ്ചാം സെമസ്റ്റർ വിദ്യാർഥിക്ക് പഠിക്കാനാകൂ. നാലുവരെ മുഴുവൻ സെമസ്റ്ററുകളും പൂർത്തിയാക്കിയാൽ മാത്രമേ ഏഴാം സെമസ്റ്ററിൽ പ്രവേശിക്കാനാകൂ. ഇതിനായി ഒറ്റ സംഖ്യയുള്ള സെമസ്റ്ററുകളിൽ റെഗുലർ പരീക്ഷ കൂടാതെ, മൂന്ന് അവസരവും ഇരട്ട സംഖ്യയുള്ള സെമസ്റ്ററുകളിൽ റെഗുലർ പരീക്ഷ കൂടാതെ, രണ്ട് അവസരവുമാണ് നൽകുന്നത്. ഒരു മാർക്കിന് ഒരു വിഷയം നഷ്ടപ്പെട്ടാൽ ഒരു വർഷം ക്ലാസിന് പോകാനാവില്ല.
ഇന്റേണൽ പരീക്ഷക്കും തിയറിക്കും കൂടി 50 ശതമാനം മാർക്ക് മതിയെന്ന ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശം ആരോഗ്യസർവകലാശാല കാറ്റിൽപറത്തിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ഇന്റേണലിനും തിയറിക്കും വെവ്വേറെ 50 ശതമാനം എന്നാക്കി അട്ടിമറിച്ചു. പുനർമൂല്യനിർണയം ഇല്ലാത്തതും തിരിച്ചടിയാണ്. കോവിഡും ഓൺലൈൻ ക്ലാസുകളും കൂടിയായതോടെ ഒരു വർഷത്തോളം പിന്നിലാണ് എല്ലാ ക്ലാസുകളും. ഇയർബാക്ക് കൂടി നിലവിലുള്ളതിനാൽ നാലു വർഷംകൊണ്ട് തീരേണ്ട കോഴ്സ് ആറും ഏഴും വർഷമായിട്ടും അവസാനിക്കുന്നില്ല.
കോവിഡ് സമയത്ത് സാങ്കേതിക സർവകലാശാല തിയറിക്ക് 40 ശതമാനം എന്നത് 27 ശതമാനമാക്കി മാറ്റിയിരുന്നെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഈ മാതൃക ആരോഗ്യസർവകലാശാലയും പിന്തുടരണമെന്നാണ് ആവശ്യം. കടുകട്ടി സിലബസിന് പുറമെ, ഇടവേളകളില്ലാതെ പരീക്ഷ നടത്തുന്നതും വിദ്യാർഥികളെ വലക്കുന്നു. ഒരു സെമസ്റ്റർ പരീക്ഷ കഴിഞ്ഞാൽ ഇടവേളയില്ലാതെ അടുത്ത സെമസ്റ്റർ പരീക്ഷ തുടങ്ങുന്ന രീതിയിലാണ് പലപ്പോഴും ടൈംടേബിൾ ക്രമീകരിക്കുന്നത്. പരീക്ഷഫലമാകട്ടെ ഏറെ സമയമെടുത്താണ് പുറത്തുവരുന്നത്. ഇയർബാക്ക് സംവിധാനം മരവിപ്പിക്കണമെന്നതുൾപ്പെടെ ആവശ്യങ്ങളുമായി 20 ദിവസമായി വിദ്യാർഥികൾ സമരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.