മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടങ്ങളും വീടുകളും  (ഫോട്ടോ പി. സന്ദീപ്) 

മുണ്ടക്കൈയിൽ ഉരുളെടുത്തത് അഞ്ഞൂറോളം വീടുകൾ; അവശേഷിക്കുന്നത് 30 വീടുകൾ മാത്രം

മേപ്പാടി: നിനച്ചിരിക്കാതെ പ്രകൃതി കലിതുള്ളി എത്തിയതോടെ മുണ്ടക്കൈ എന്ന ഗ്രാമം ഒന്നാകെയാണ് മണ്ണെടുത്തത്. തകർന്നടിഞ്ഞ കോൺക്രീറ്റ് കെട്ടിടങ്ങളും വലിയ പാറക്കൂട്ടങ്ങളും മരങ്ങളും വളർത്തു മൃഗങ്ങളും അല്ലാതെ മറ്റൊന്നും ഇവിടെ അവശേഷിക്കുന്നില്ല.

ചളി നിറഞ്ഞതിനാൽ കാലു കുത്തിയാൽ താഴേക്ക് ആഴ്ന്നു പോകുന്ന അവസ്ഥ. വീടിന്റെ മുകളിലെ റൂഫിനൊപ്പം മണ്ണ് മൂടിയിരിക്കുന്നു. മണ്ണിനടിയിൽ എത്ര പേരുണ്ടെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായതും പ്രതിസന്ധിയാകുകയാണ്. ചൂരൽമലയിൽ താൽക്കാലിമ പാലം സജ്ജമായാൽ മാത്രമേ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിനായി മണ്ണു മാന്തി യന്ത്രങ്ങളും മറ്റും എത്തിക്കാനാകു.

മുണ്ടക്കൈയിൽ അഞ്ഞൂറിലധികം വീടുകളാണ് ഉണ്ടായിരുന്നത്. നിലവിൽ അവശേഷിക്കുന്നത് 30 വീടുകൾ മാത്രമാണെന്ന് വാർഡ് മെമ്പർ കെ. ബാബു പറ‍യുന്നു. ദുരന്തത്തിന്റെ വ്യാപ്തി ഇതിൽനിന്നു തന്നെ മനസ്സിലാക്കാനാകും. നിലംപൊത്തിയ കോൺക്രീറ്റ് പാളികൾക്കുള്ളിലാണ് പലരുടെയും മൃതദേഹങ്ങളുള്ളത്.

കോൺക്രീറ്റ് പൊളിച്ചുവേണം ഉള്ളിൽ കുടുങ്ങികിടക്കുന്നവരെ പുറത്തെടുക്കാൻ. ഉറ്റവരെ തേടി രാവിലെ മുതൽ പ്രദേശവാസികളും ദുരന്തഭൂമിയിലുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ടവരെ എങ്ങനെ കണ്ടെത്തുമെന്ന് പറഞ്ഞ് വിലപിക്കുകയാണ്. രക്ഷപ്പെട്ടവരെ ചൊവ്വാഴ്ച വൈകീട്ടോടെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. മുണ്ടക്കൈയിൽ മണ്ണിനടിയിൽപ്പെട്ടവർക്കായി ബുധനാഴ്ച രാവിലെ മുതലാണ് തിരച്ചിൽ തുടങ്ങിയത്. എന്നാൽ, ഉപകരണങ്ങളുടെ അപര്യാപ്തത വെല്ലുവിളിയായി. കോൺക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോൺക്രീറ്റും റൂഫും നീക്കം ചെയ്യാൻ സാധിച്ചാൽ മാത്രമേ മണ്ണിനടിയിൽ കുടുങ്ങിയവർക്കരികിലെത്താൻ സാധിക്കുകയുള്ളൂ.

അത്യാധുനിക ഉപകരണങ്ങൾ എപ്പോൾ എത്തിക്കാനാവുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലാത്തതിനാൽ ചുറ്റിക ഉൾപ്പെടെ ഉപയോഗിച്ച് തടസം നീക്കി വളരെ പ്രയാസപ്പെട്ടാണ് സംഘം തിരച്ചിൽ നടത്തുന്നത്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയിൽ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. ചൂരൽമലയിൽ പുഴക്കു കുറുകെ ബെയ്‍ലി പാലത്തിന്‍റെ നിർമാണം സൈന്യം തുടങ്ങിയിട്ടുണ്ട്.

കണ്ണീർ ശ്മശാനം; എരിഞ്ഞടങ്ങുന്നു സ്വപ്നങ്ങൾ

മുണ്ടക്കെ ദുരന്തത്തിൽ മരിച്ചവരുടെ നിലവിളിയിൽ മേപ്പാടിയിലെ പൊതു ശ്മാശനം വിറങ്ങലിച്ചു. ചൊവ്വാഴ്ച രാത്രി ഏഴു മുതൽ ബുധനാഴ്ച പുലർച്ചെ മൂന്നു വരെ 15 മൃതശരീരങ്ങളാണ് ഈ ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത്. രാവിലെ ഏഴു മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി.

ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. മുഖം പോലും കാണാൻ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങൾ കണ്ണീർ നൊമ്പരമായി. സന്നദ്ധ പ്രവർത്തകരടക്കമുള്ളവരാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. അവസാനമായി വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയാത്തവിധം എല്ലാം നഷ്ടപ്പെട്ടവരുട നൊമ്പരങ്ങളാണ് ഇവിടെ എരിഞ്ഞടങ്ങുന്നത്.

Tags:    
News Summary - Around five hundred houses demolished in Mundakai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.