കണ്ണൂർ: ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി സമൂഹ മാധ്യമത്തിൽ നടത്തിയ പരാമർശം വിവാദമായതോടെ പാർട്ടി ഒന്നടങ്കമാണ് രംഗത്തെത്തിയത്. ക്രിമിനലെന്നും ക്വട്ടേഷൻ സംഘത്തലവനെന്നും വിശേഷിപ്പിച്ച് ആകാശ് തില്ലങ്കേരിക്കെതിരെ സി.പി.എം ജില്ല സെക്രട്ടറിയും ഇത്തരം പൊതുശല്യങ്ങളെ നിയമപരമായി നേരിടുമെന്നു പറഞ്ഞ് ഡി.വൈ.എഫ്.ഐ നേതൃത്വവും ആണ് ആദ്യം രംഗത്തുവന്നത്. താമസിയാതെ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ പരാതിയിൽ മട്ടന്നൂർ സ്റ്റേഷനിലും വനിത നേതാവിന്റെ പരാതിയിൽ മുഴക്കുന്ന് സ്റ്റേഷനിലും ജാമ്യമില്ലാ കേസുകൾ രജിസ്റ്റർ ചെയ്തു.
ആകാശ്, സുഹൃത്തുക്കളായ ജിജോ, ജയപ്രകാശ് എന്നിവരെ പിടികൂടാൻ മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്തുപീടികയുടെയും മട്ടന്നൂർ സി.ഐ എം. കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡും രൂപവത്കരിച്ചു. ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ കഴിഞ്ഞരാത്രി രണ്ടു തവണ പൊലീസ് പരിശോധനക്കെത്തി. ആകാശും കൂട്ടരും ഒളിവിൽപോയെന്ന് പൊലീസ് പറഞ്ഞു. ഫോണുകൾ നിശ്ചലമാണെന്നും വ്യക്തമാക്കി. ഇതിനിടയിലും സമൂഹമാധ്യമത്തിൽ ആകാശിന്റെ പോസ്റ്റുകളും കമന്റും യഥേഷ്ടം വന്നുകൊണ്ടിരുന്നു.
ഇതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിഷയത്തിൽ പ്രതികരിച്ചു. ഒരു ക്രിമിനൽ പറയുന്നതിനൊക്കെ എന്തു പറയാനാണ് എന്നാണ് അദ്ദേഹം ചോദിച്ചത്. ജാമ്യമില്ലാ കേസ് എടുത്തിട്ട് പിടികൂടാനായില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്; നിങ്ങൾ ഭയപ്പെടേണ്ട, പൊലീസ് പിടിച്ചോളും എന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. ആകാശിനെ നിയന്ത്രിക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും അവൻ സ്വയംതന്നെ നിയന്ത്രിച്ചോളുമെന്നും കുറെ കഴിയുമ്പോൾ ശരിയായിക്കോളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുപറഞ്ഞ് മണിക്കൂറുകൾക്കകമാണ് ആകാശിന്റെ കൂട്ടാളികളായ രണ്ടുപേരെ തില്ലങ്കേരിയിൽനിന്ന് പൊലീസ് പിടികൂടിയ വാർത്ത വന്നത്. ആകാശ് ഒളിവിലാണെന്ന് പൊലീസ് വീണ്ടും വ്യക്തമാക്കി. അറസ്റ്റുചെയ്തവരുടെ വൈദ്യപരിശോധന പൂർത്തിയാക്കുന്ന വേളയിൽ പൊലീസിനെ വെട്ടിച്ച് ആകാശ് മട്ടന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയിരുന്നുവെന്നുവേണം കരുതാൻ. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി ജാമ്യം ലഭിച്ചതിനുപിന്നാലെ ആകാശിനുവേണ്ടിയും ജാമ്യ ഹരജിയുമായി മറ്റൊരു അഭിഭാഷകൻ എത്തി. ആ ‘ടൈമിങ്’ ആണ് സിനിമക്കഥകളെപോലും വെല്ലുന്ന രംഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.