പാലക്കാട്: ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു ശേഷം പാലക്കാട് ഇന്ന് വിധിയെഴുതുന്നു. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് പൂർത്തിയാകും. രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണുള്ളത്. ഇതിൽ 100290 പേർ സ്ത്രീകളാണ്.
അതേസമയം, വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ യൂനീറ്റിൽ തകരാർ കണ്ടെത്തി. ട്രൂലൈൻ സ്കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാർ കണ്ടെത്തിയത്. മെഷീന്‍റെ ബാറ്ററി മാറ്റാനായെന്നാണ് സൂചന നൽകിയത്.
ഇടത് സ്വതന്ത്രൻ പി. സരിനും ഭാര്യയും വോട്ട് ചെയ്യാൻ എത്തിയ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. സാങ്കേതിക വിദഗ്ധർ എത്തി മെഷീൻ പരിശോധിച്ച് തകരാർ പരിഹരിച്ചു. 88-ാം ബൂത്തിൽ വോട്ടർമാരുടെ വലിയ നിര ദൃശ്യമായിരുന്നു.
അതിനിടെ, പാലക്കാട്ടെ പിരായിരിയിൽ ഇരട്ട വോട്ടെന്ന് പരാതി ഉയർന്നു. വോട്ടർ പോളിങ് ബൂത്തിൽ എത്തിയപ്പോഴാണ് എൽ.ഡി.എഫ് ഏജന്‍റ് പരാതി ഉന്നയിച്ചത്. പിരായിരി ജി.എൽ.പി സ്കൂളിലെ ബൂത്തിലാണ് സംഭവം.
പ്രിസൈഡിങ് ഓഫീസറുടെ നിർദേശ പ്രകാരം വോട്ടറുടെ ഫോട്ടോ എടുത്ത ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി. തുടർന്ന് വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ അനുവദിച്ചു.
നാല് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഗവ. വിക്ടോറിയ കോളജിൽ നിന്ന് വിതരണം ചെയ്ത വോട്ടുയന്ത്രങ്ങള്‍ വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് തിരികെ എത്തിക്കുക. തുടര്‍ന്ന് രാത്രിയോടെ കോളജിലെ പുതിയ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ച സ്ട്രോങ് റൂമുകളിലേക്ക് മാറ്റും.
ബുധനാഴ്ച പാലക്കാട് നിയോജകമണ്ഡല പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതുഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.