കാസർകോട്: കേരള സർവകലാശാലയിലെ കോഴവിവാദത്തെ പിൻപറ്റി സർവകലാശാല കലോത്സവ നടത്തിപ്പിന്റെ രീതിയിൽ മാറ്റം വരുത്താൻ ആലോചന. മത്സരാർഥികളുടെ എണ്ണം കുറച്ച് കലോത്സവം കുറ്റമറ്റതാക്കാൻ പഴയ സോണൽ തലത്തിലേക്ക് മാറ്റി സംഘടിപ്പിക്കുന്നതിനുള്ള ചർച്ചകളാണ് നടക്കുന്നത്. കണ്ണൂർ സർവകലാശാലയിൽനിന്നാണ് ഇതിനുള്ള ആദ്യ സൂചനകൾ. കോഴ ആരോപണം ഉയർന്നതിനെ തുടർന്ന് മാന്വൽ പരിശോധിക്കുന്നതിന് കണ്ണൂർ സർവകലാശാല ഒരു സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഈ സമിതിയെടുക്കുന്ന തീരുമാനം മറ്റ് സർവകലാശാലകൾക്ക് മാതൃകയായേക്കാം. കണ്ണൂർ സർവകലാശാല കലോത്സവം ഫെബ്രുവരി മാസം കാസർകോട് മുന്നാട് പീപ്ൾസ് കോളജിൽ നടന്നിരുന്നു. മത്സര ഇനങ്ങളുടെ വേലിയേറ്റം തന്നെയായിരുന്നു. ഈ രീതി മേളയുടെ പ്രഭ കെടുത്തുകയും കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്യുമെന്ന നിഗമനത്തിലാണ് സർവകലാശാല.
മത്സര ഇനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവ കോളജ് തലത്തിൽനിന്നും നേരിട്ട് സർവകലാശാല കലോത്സവത്തിലേക്ക് പ്രവേശിക്കുന്ന രീതിയാണിപ്പോൾ. 118 കോളജുകളാണ് കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ളത്. ചില ഇനങ്ങൾക്ക് 70നും 80നും ഇടയിൽ എൻട്രികൾ ഉണ്ടാകും. 10 മണിക്കൂറോളം വേണ്ടിവരും ഈയിനത്തിലെ മത്സരം പൂർത്തിയാകാൻ. ഒരു ദിവസം ഒരു ഇനത്തിനു മാത്രം ഒരു സ്റ്റേജ് മുഴുവനായി നൽകേണ്ട സ്ഥിതി. ഇതൊഴിവാക്കാൻ കോളജ് മത്സരങ്ങൾ കഴിഞ്ഞാൽ സോൺ തലത്തിലേക്ക് സംഘടിപ്പിക്കുക, തുടർന്ന് ജില്ല തലത്തിലോ നിശ്ചിത എണ്ണം കോളജുകൾ എന്ന തലത്തിലോ സംഘടിപ്പിക്കുക, തുടർന്ന് സർവകലാശാല യൂനിയൻ തലത്തിലേക്ക് കൊണ്ടുവരുക എന്നിങ്ങനെയാണ് ആലോചന. നേരത്തേ ഈ രീതിയായിരുന്നു അവലംബിച്ചത്. ഇതിനുപുറമെ സ്റ്റേജ്-സ്റ്റേജിതര മത്സരങ്ങൾ വെവ്വേറെ കോളജുകളിൽ നടത്തുകയെന്നതും ചർച്ചയിലുണ്ട്. ഇത് സംഘാടനത്തിനും ചെലവിലും ആശ്വാസമാകും.
സ്റ്റേജ് മത്സരത്തിലാണ് ഏറെയും കോഴ ആരോപണം ഉയർന്നത്. വിധികർത്താക്കൾ തമ്മിലുള്ള അന്തർധാര മറനീക്കി പുറത്തുവന്നതിനാൽ വിധിനിർണയം സത്യസന്ധമല്ല എന്ന പ്രചാരണം ശക്തമാണ്. കൂടുതൽ എൻട്രികളിൽ അഴിമതിക്ക് കൂടുതൽ സാധ്യതയുണ്ടാക്കുന്നു. പരിശീലകരും വിധികർത്താക്കളും തമ്മിലാണ് അന്തർധാര. കോഡുകൾ രഹസ്യമായി പ്രദർശിപ്പിച്ച് പരിശീലകർ സ്റ്റേജിനും വിധികർത്താക്കൾക്കും ചുറ്റും വട്ടം കറങ്ങുന്നു. ഇതൊഴിവാക്കാൻ സോണൽ മത്സരങ്ങളാണ് നല്ലതെന്നും ഇത് പരിഹരിക്കാൻ പരിശീലകർക്ക് കലോത്സവ നഗരിയിലേക്ക് പ്രവേശനം നിഷേധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.