അഗസ്ത്യമലനിരകളും ബോണക്കാട് തോട്ടം മേഖലയും തലസ്ഥാനത്തെ കുടിവെള്ള കേന്ദ്രമായ അരുവിക്കരയും ഉൾപ്പെടുന്നതാണ് അരുവിക്കര നിയോജക മണ്ഡലം.1957ൽ സി.പി.ഐയില്‍നിന്നുള്ള ആര്. ബാലകൃഷ്ണപിള്ള മുതല്‍ കെ.എസ്. ശബരീനാഥന്വരെയുള്ള കാലഘട്ടത്തില്‍ നിയോജകമണ്ഡലത്തിെൻറ പേരും പ്രദേശങ്ങളും മാറിയെങ്കിലും മൂന്നുപതിറ്റാണ്ടായി മണ്ഡലത്തിെൻറ ഹൃദയം യു.ഡി.എഫിനൊപ്പമാണ്. കാട്ടാക്കട, പൂവച്ചല്‍, കുറ്റിച്ചല്‍, ആര്യനാട്, വിതുര, തൊളിക്കോട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുന്നതായിരുന്നു പഴയ ആര്യനാട് മണ്ഡലം. എന്നാൽ, അഴിച്ചുപണിക്കൊടുവിൽ കാട്ടാക്കട പഞ്ചായത്ത് പുറത്തും വെള്ളനാട്, അരുവിക്കര പഞ്ചായത്തുകള്‍ അകത്തുമായി. ഇതാണ് നിലവിലെ മണ്ഡലത്തിെൻറ മുഖരേഖ.
1957ൽ സി.പി.ഐയിലെ ആർ. ബാലകൃഷ്ണപിള്ള കോൺഗ്രസിലെ ആർ. കേരളവൻനായരെ തോൽപിച്ച് പഴയ ആര്യനാടിെൻറ ആദ്യ പ്രതിനിധിയായി. 91വരെ വോട്ടർമാർക്ക് പ്രണയം ഇടതിനോട് മാത്രമായിരുന്നു. എന്നാൽ,1991ൽ ചിത്രം മാറി. നാലാംതവണ എം.എൽ.എ സ്ഥാനം സ്വപ്നം കണ്ടിറക്കിയ ആർ.എസ്.പിയുടെ തീപ്പൊരി േനതാവ് കെ. പങ്കജാക്ഷനെ ജി. കാർത്തികേയൻ മലർത്തിയടിച്ചു.
പിന്നീടങ്ങോട്ട് അരുവിക്കരയുടെ ശബ്ദം ജി.കെ ആയിരുന്നു. 1996ൽ കെ.പി. ശങ്കരദാസും 2001ൽ ജി. അർജുനനും 2006ൽ ടി.ജെ. ചന്ദ്രചൂഡനും 2011ൽ അമ്പലത്തറ ശ്രീധരൻ നായരും ജി. കാർത്തികേയനോട് മുട്ടിയെങ്കിലും തോൽവിയുടെ കയ്പ്പുനീര് കുടിച്ച് മടങ്ങേണ്ടിവന്നു.
അരുവിക്കരയുടെ ജനപ്രതിനിധിയായാണ് 2015ൽ ജി.കെ കേരള രാഷ്ട്രീയത്തോട് വിടപറയുന്നത്. അദ്ദേഹത്തിെൻറ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ കെ.എസ്. ശബരീനാഥനെയാണ് കോൺഗ്രസ് കളത്തിലിറക്കിയത്. സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം. വിജയകുമാറിനെ 10128 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് ശബരി പരാജയപ്പെടുത്തിയത്. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിെൻറ എ.എ. റഷീദിനെ പരാജയപ്പെടുത്തി ഭൂരിപക്ഷം 21314 വോട്ടായി ശബരി വർധിപ്പിച്ചു.
എന്നാൽ, ഈ കണക്കുകൾെവച്ച് മണ്ഡലം യു.ഡി.എഫിെൻറ കോട്ടയെന്ന് വിധിയെഴുതാൻ കഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പഞ്ചായത്തുകള്‍ ചുവപ്പണിയുന്നതാണ് മണ്ഡല ചരിത്രം. മാസങ്ങൾക്ക് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ പൂവച്ചല്‍, കുറ്റിച്ചല്‍, ആര്യനാട്, അരുവിക്കര, തൊളിക്കോട്, വിതുര, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തുകളുടെ ഭരണം ഇടതുമുന്നണി നേടി. വെള്ളനാട് ഗ്രാമപഞ്ചായത്ത് ഭരണം മാത്രമാണ് യു.ഡിഎഫിന് ലഭിച്ചത്. എട്ട് പഞ്ചായത്തുകളിലായി കിടക്കുന്ന 140 വാർഡുകളിൽ എൽ.ഡി.എഫ് 72 വാർഡുകൾ നേടിയപ്പോൾ യു.ഡി.എഫിന് 49 ഉം ബി.ജെ.പിക്ക് 17ഉം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
എല്ലാ പഞ്ചായത്തിലുമായി 5992 വോട്ടിെൻറ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് നേടിയത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ വോട്ടിനെക്കാൽ 8160 വോട്ട് അധികം നേടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒന്ന് ആഞ്ഞുപിടിച്ചാൽ ഇത്തവണ അരുവിക്കര നീന്തിക്കയറാമെന്ന പ്രതീക്ഷ ഇടത് മുന്നണിക്കുണ്ട്. എന്നാൽ, തദ്ദേശഫലങ്ങൾ നിയമസഭയിൽ പ്രതിഭലിക്കാറില്ലെന്ന ചരിത്രം ആവർത്തിച്ചാണ് യു.ഡി.എഫ് മുന്നോട്ടുപോകുന്നത്. മണ്ഡലത്തിൽ വേരോട്ടം വർധിപ്പിക്കാനായതിെൻറ ആത്മവിശ്വാസം ബി.ജെ.പിക്കുണ്ട്.
1. അടൂർ പ്രകാശ് (കോൺ) 58,952
2. എ. സമ്പത്ത് (സി.പി.എം) 50,403
3. ശോഭാ സുരേന്ദ്രൻ (ബി.ജെ.പി) 30,151
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.