കോഴിക്കോട്: ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാൻ വീട്ടിൽ ഫസീല (33)യെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുവില്വാമല കുതിരംപാറക്കൽ അബ്ദുൽ സനൂഫിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ, ടൗൺ അസി. കമീഷണർ ടി.കെ. അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. സനൂഫിനെ കണ്ടെത്താൻ നടക്കാവ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ചൊവ്വാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടക്കാവ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയതോടെയാണ് മരണം കൊലപാതകമെന്ന് നിഗമനത്തിലെത്തിയത്. യുവതിയുടെ കഴുത്തിൽ പാടുകളുണ്ട്.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. കൊലപ്പെടുത്തിയശേഷം സനൂഫ് കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സനൂഫ് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. ഇയാൾ സഞ്ചരിച്ച കാർ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാറിൽ ഉപയോഗിച്ച വസ്ത്രങ്ങളുമുണ്ട്.
സനൂഫും മരിച്ച ഫസീലയും തമ്മിൽ നേരത്തെ പരിചയമുണ്ട്. സനൂഫിനെതിരെ ഫസീല ഒറ്റപ്പാലത്ത് പീഡനക്കേസ് നൽകുകയും 89 ദിവസത്തോളം ഇയാൾ ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയശേഷം വീണ്ടും ഇരുവരും സൗഹൃദം തുടർന്നു. ഞായറാഴ്ച ഇരുവരും കോഴിക്കോടെത്തി മുറിയെടുത്തു. ഒരു ദിവസത്തേക്കായിരുന്നു മുറിയെടുത്തത്. എന്നാൽ, തിങ്കളാഴ്ചയും ഇവർ ഇവിടെ താമസിച്ചു. കൂടുതൽ ദിവസം മുറി ആവശ്യമുണ്ടെന്നും പണം ഒരുമിച്ച് തരാമെന്നും സനൂഫ് പറഞ്ഞിരുന്നുവത്രേ. എന്നാൽ, ചൊവ്വാഴ്ച ലോഡ്ജ് ജീവനക്കാരൻ എത്തിയപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീണ്ടും എത്തി മുറി തുറന്നപ്പോഴാണ് ഫസീലയെ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഇതോടെ സനൂഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ലോഡ്ജിൽ നൽകിയ ഫോൺ നമ്പർ വ്യാജമായിരുന്നു. എന്നാൽ, സനൂഫ് ഉപയോഗിച്ച മറ്റൊരു ഫോൺ നമ്പർ സംബന്ധിച്ച വിവരം സൈബർ സെല്ലിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഫസീല കേസ് കൊടുത്തതിലുള്ള വൈരാഗ്യത്തെ തുടർന്നാകാം കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ്, കമീഷണറുടെയും അസി.കമീഷണറുടെയും ക്രൈം സ്‌ക്വാഡ്, സൈബർ ടീം എന്നിവരാണ് കേസന്വേഷിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.