കോർപറേഷൻ കൗൺസിൽ യോഗത്തിൽ വികാരാധീനയായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്‌.ആർ.ടി.സി ഡ്രൈവറും തമ്മിലെ തർക്കത്തെച്ചൊല്ലി തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും. യോഗത്തിൽ സംസാരിക്കവെ ആര്യ രാജേന്ദ്രൻ വികാരാധീനയായി.

എനിക്ക് വല്ല്യ പ്രയാസമുണ്ട്. ഞാൻ ഒരുപക്ഷേ തുടർന്ന് സംസാരിച്ചാൽ വികാരത്തോടുകൂടി പ്രയാസത്തിൽ പോകും എന്നതുകൊണ്ട് പല കാര്യങ്ങളും പറയുന്നില്ല. കാരണം ഒരു സ്ത്രീയെ സംബന്ധിച്ച് ഇതൊരു പ്രശ്നം തന്നെയാണ്. ആ പ്രശ്നത്തിൽ മേയർ ആര്യ രാജേന്ദ്രൻ മാത്രമല്ല, ഒരു കുടുംബമുണ്ട്... -തൊണ്ടയിടറി മേയർ പറഞ്ഞു.

ബി.ജെ.പി കൗൺസിലർ തിരുമല അനിലാണ് ഇന്ന് കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചത്. അനിൽ സംസാരിച്ച് തുടങ്ങിയതും പ്രതിഷേധവുമായി സി.പി.എം കൗൺസിലർമാർ എഴുന്നേറ്റു. ബി.ജെ.പി കൗൺസിലർമാർ അനിലിന്‌ പിന്തുണയുമായി വന്നതോടെ വാക്‌പോരായി.

തനിക്കെതിരെ ഇത്തരമൊരു സംഭവമുണ്ടായിട്ട്‌ കൗൺസിലർമാർ വിവരം അന്വേഷിച്ചില്ലെന്ന്‌ മേയർ പറഞ്ഞു. വിളിച്ചാൽ മേയർ ഫോണെടുക്കാറില്ലെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ മറുപടി. മേയറുടെ ഭർത്താവ് യാത്രക്കാരെ ബസിൽനിന്ന്​ ഇറക്കിവിട്ടത് ശരിയായില്ലെന്ന്‌ യു.ഡി.എഫ്‌ കൗൺസിലർ മേരി പുഷ്‌പം പറഞ്ഞു. അതിനു തെളിവുണ്ടോയെന്ന്​ മേയർ ചോദിച്ചു.

മേയറുടെ നടപടി നഗരവാസികൾക്ക് അപമാനമുണ്ടാക്കിയെന്നും മാപ്പ് പറയണമെന്നും ബി.ജെപി കൗൺസിലർ തിരുമല അനിൽ ആവശ്യപ്പെട്ടു. തുടർന്ന്‌ മറുപടി പറഞ്ഞ മേയർ വികാരാധീനയായി. കൗൺസിൽ ബഹിഷ്‌കരിച്ച്‌ എൻ.ഡി.എ, യു.ഡി.എഫ്​ അംഗങ്ങൾ പ്രകടനം നടത്തി.

ചീഫ്​ ഓഫിസിലേക്ക് ജീവനക്കാരുടെ മാർച്ച്

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ബസ്​ തടഞ്ഞ മേയർക്കും എം.എൽ.എക്കുമെതിരെ നടപടി ആവശ്യ​പ്പെട്ട്​ ചീഫ്​ ഓഫിസിലേക്ക്​ കോൺഗ്രസ്​ അനുകൂല സംഘടനയായ ടി.ഡി.എഫ്​ മാർച്ച്​. ജനങ്ങൾ നൽകിയ അധികാരം​കൊണ്ട്​ ജനങ്ങളുടെ മേൽതന്നെ കുതിരകയറുകയാണ്​ മേയറും എം.എൽ.എയുമെന്ന്​ മാർച്ച്​ ഉദ്​ഘാടനം ചെയ്ത്​ എം. വിൻസെന്‍റ്​ എം.എൽ.എ ആരോപിച്ചു.

സർവിസ്​ തടസ്സ​പ്പെടുത്തിയതിനെതിരെ ​നടപടിയെടുക്കേണ്ടതിനു​ പകരം താൽക്കാലിക ഡ്രൈവറെ ഡ്യൂട്ടിയിൽനിന്ന്​ മാറ്റി നിർത്തുകയാണ്​ കെ.എസ്​.ആർ.ടി.സി ചെയ്തത്​. ഇത്​ എന്തിനെന്ന്​ വ്യക്തമാക്കണമെന്നും എം. വിൻസെന്‍റ്​ വ്യക്തമാക്കി.

മേയർക്കും എം.എൽ.എക്കുമെതിരെ കേസെടുക്കണം, യാത്രക്കാരെ പാതി വഴിയിൽ ഇറക്കിവിട്ട പൊലീസുകാർക്കെതിരെ നടപടി വേണം, ട്രിപ്​ തടസ്സപ്പെടുത്തിയതിനെരിരെ കെ.എസ്​.ആർ.ടി നിയമനടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ്​ ടി.ഡി.എഫ്​ ഉന്നയിക്കുന്നത്​.

Tags:    
News Summary - Arya Rajendran became emotional in the Corporation Council meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.