മലപ്പുറം: ഐക്യമുന്നണിയിൽ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് അപ്രമാദിത്വമുള്ള മലപ്പുറം ജില്ലയിൽ ലീഗിനോട് പോരടിച്ച് കൊണ്ടാണ് ആര്യാടന്റെ രാഷ്ട്രീയജീവിതം മുന്നോട്ടുനീങ്ങിയത്. ലീഗിനെ വെല്ലുവിളിക്കാൻ പ്രാപ്തിയുള്ള 'മതേതര മുസ്ലിം' പ്രതിച്ഛായ, മണ്ഡലത്തിലും ജില്ലയിലും സ്വാധീനിക്കുമെന്നതാണ് ലീഗുമായി ഏറ്റുമുട്ടുന്നതിന്റെ പിന്നിലെന്ന് നിരീക്ഷണമുണ്ട്.
മലപ്പുറം ജില്ലയിൽ പൊതുവെയുള്ള രാഷ്ട്രീയ-ജനസംഖ്യാനുപാതത്തിൽ നിന്ന് മാറിയുള്ള നിലമ്പൂരിന്റെ 'മലയോര മേഖല' രാഷ്ട്രീയ പശ്ചാത്തലവും ആര്യാടന് സഹായകമായി എന്ന വിലയിരുത്തലുണ്ട്. കമ്യൂണിസ്റ്റ് - പുരോഗമന പ്രസ്ഥാനങ്ങൾക്ക് വേരുള്ള നിലമ്പൂരിൽ, തെരഞ്ഞെടുപ്പിൽ സി.പി.എം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ, മുസ്ലിം വോട്ടുബാങ്കിനൊപ്പം നിർണായകമായ ഹിന്ദു - ക്രിസ്ത്യൻ വോട്ടുബാങ്കുകളെ കൂടി സ്വാധീനിക്കാവുന്ന തരത്തിലുള്ള പ്രതിച്ഛായ ഗുണം ചെയ്യുമെന്നായിരുന്നു ആ വിലയിരുത്തൽ.
ഇടതുപക്ഷം ഭരണത്തിലിരുന്ന 2006-2011 കാലഘട്ടത്തിലാണ് ആര്യാടന്റെ ഏറെ വിവാദമായ പ്രസ്താവനയുണ്ടായത്. ശിഹാബ് തങ്ങൾ ആത്മീയ നേതാവല്ലെന്നും ആത്മീയ നേതാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വിമർശനത്തിന് വിധേയമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഈ പ്രസ്താവന ലീഗ് - കോൺഗ്രസ് ബന്ധം വഷളാക്കുകയും ഒടുവിൽ കോൺഗ്രസ് നേതാക്കൾ പാണക്കാട്ടെത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തു. ജില്ലയിലെ യു.ഡി.എഫ് സംവിധാനത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും തനിക്കുള്ള അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാൻ വിവാദത്തിലൂടെ ആര്യാടന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.