'ആര്യാടൻ ഷൗക്കത്തിന് കൈപത്തി വിട്ട് ഓട്ടോയിലും ചെണ്ടയിലും പോകേണ്ട കാര്യമില്ല'; എ.കെ.ബാലന് മറുപടിയുമായി കെ.മുരളീധരൻ

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസ് നടപടിയെടുത്താൽ ഇടതുപക്ഷം സംരക്ഷിമെന്നുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം  എ.കെ.ബാലന്റെ പ്രസ്താവനക്ക് മറുപടിയുമായി കെ.മുരളീധരൻ.

കോൺഗ്രസിന്റെ ആളുകളെ സംരക്ഷിക്കാൻ കോൺഗ്രസുകാർക്ക് അറിയാം. ബാലനെ പ്രസ്താവനയെ കണക്കിലെടുക്കേണ്ടതില്ല. ബാലൻ സൈക്കിൾ മുട്ടിയ കേസ് വാദിച്ചാലും ജഡ്ജി പ്രതിയെ തൂക്കിക്കൊല്ലാൻ വിധിക്കും. അതുപോലെയാണ് അദ്ദേഹത്തിന്റെ പാർട്ടിക്ക് വേണ്ടിയുള്ള ഇടപെടൽ. അത്ര ആത്മാർത്ഥമായാണ് ബാലൻ കേസ് വാദിക്കുക. ആത്മാർത്ഥത കൂടും തോറും പ്രതിയുടെ ശിക്ഷയും കൂടുമെന്നും മുരളീധരൻ പരിഹസിച്ചു.

ഫലസ്തീൻ ഐക്യദാർഢ്യം നടത്തിയതിനല്ല. മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തിൽ നടത്തിയ പരസ്യ പ്രതിഷേധത്തിലാണ് അച്ചടക്ക സമിതി വിളിപ്പിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിന് കൈപത്തി വിട്ട് ഓട്ടോയിലും ചെണ്ടയിലും കയറിപ്പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെ പോലും തെറ്റായി ചിത്രീകരിച്ച് കൊണ്ട് അങ്ങേയറ്റം തരംതാണ രാഷ്ട്രീയ പ്രവർത്തനമാണ് മാർക്സിസ്റ്റ് പാർട്ടി നടത്തികൊണ്ടിരിക്കുന്നത്. ഫലസ്തീൻ വിഷയത്തിൽ ഒരേ സ്റ്റാൻഡ് സ്വീകരിച്ച രണ്ടുപാർട്ടികളിൽ ഒരു കൂട്ടരെ മാറ്റിനിർത്തി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചത് കൊണ്ടാണ് റാലിയിൽ പങ്കെടുക്കുന്നില്ലെന്ന് ലീഗ് പ്രഖ്യാപിച്ചത്. അല്ലാതെ കോൺഗ്രസ് വിലക്കാണ് മുസ്ലിം ലീഗ് എവിടെയും പറഞ്ഞിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.

ലീഗിന്റെ മനസും ശരീരവും ഒരിടത്ത് തന്നെയാണ്. അത് കൊണ്ട് ലീഗിന്റെ മനസ് അളക്കുന്ന സമയത്ത് പെൻഷൻകാർക്ക് പെൻഷൻ കൊടുക്കാനും സപ്ലൈകോയിൽ സാധനങ്ങൾ എത്തിക്കാനും ശ്രമിക്കുന്നത് നന്നായിരിക്കുമെന്ന് കെ.മുരളീധരൻ പരിഹസിച്ചു. 

Tags:    
News Summary - Aryadan Shaukat: K. Muralidharan criticizes AK Balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.