കോഴിക്കോട്: ഇടതുമുന്നണി ആൻറണി കോൺഗ്രസുമായി അധികാരം പങ്കുവെച്ചപ്പോൾ നിയമസഭ അംഗമല്ലാതെ മന്ത്രിയായ കോൺഗ്രസ് നേതാവാണ് ആര്യാടൻ മുഹമ്മദ്. ഇ.കെ. നായനാരുടെ നേതൃത്വത്തിൽ 1980ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസിലെ ആന്റണി വിഭാഗം ഇടതു മുന്നണിക്കൊപ്പമായിരുന്നു. അന്ന് രൂപീകരിച്ച മന്ത്രിസഭയിൽ എ.കെ. ആൻറണി നയിച്ച കോൺഗ്രസിന് നാല് മന്ത്രി സ്ഥാനങ്ങൾ ലഭിച്ചിരുന്നു. വക്കം പുരുഷോത്തമൻ, പി.സി. ചാക്കോ, എ.സി. ഷണ്മുഖദാസ്, ആര്യാടൻ മുഹമ്മദ് എന്നിവരായിരുന്നു മന്ത്രിമാരായത്. ആരോഗ്യം, തൊഴിൽ, വനം, വ്യവസായം, സ്പോർട്സ് തുടങ്ങിയ വകുപ്പുകളാണ് കോൺഗ്രസിന് ലഭിച്ചത്.
1978ലാണ് കോൺഗ്രസ് പിളർന്നത്. തുടർന്ന് എ.കെ. ആന്റണിയുടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. കേരളത്തിൽ അക്കാലത്ത് മറ്റൊരു രാഷ്ട്രീയ ധ്രുവീകരണവുമുണ്ടായി. എ.കെ. ആന്റണി നയിക്കുന്ന കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ചേർന്ന് കേരളത്തിൽ ജനാധിപത്യ കക്ഷികളുടെ മുന്നണി ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചന തുടങ്ങി. മാർക്സിസ്റ്റ് പാർട്ടിയാണ് അങ്ങനെയൊരു രാഷ്ട്രീയ നീക്കത്തിന് മുൻകൈയെടുത്തത്. അതിൽ പ്രധാന പങ്കുവഹിച്ചത് ആര്യാടനാണ്.
സി.പി.എം. നേതാക്കളായ എം.വി. രാഘവനും പി.വി. കുഞ്ഞിക്കണ്ണനും കോൺഗ്രസ് നേതാക്കളോട് നിരന്തരം നടത്തിയ ചർച്ചകളിലൂടെയാണ് ഈ നീക്കം ശക്തമായത്. എ.കെ. ആന്റണി ഇടതുപക്ഷവുമായി സഹകരിക്കാൻ തീരുമാനിച്ചതോടെ സി.പി.എമ്മുമായുള്ള ബന്ധത്തോട് താത്പര്യമില്ലാത്തവരും അതിനോട് യോജിക്കുകയാണുണ്ടായത്. 1980ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയായി കോൺഗ്രസും സി.പി.എമ്മും ചേർന്ന മുന്നണി രൂപം കൊണ്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സി.പി.എമ്മുമായി ചിലയിടങ്ങളിൽ ധാരണയോടെ മത്സരിച്ചു. തൊട്ടുപിന്നാലെയാണ് 1980ൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കേന്ദ്രത്തിലെ ജനതാപാർട്ടി സർക്കാരിന്റെ തകർച്ചയോടെയാണ് 1980ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ കേരള നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു.
ഇടപക്ഷപാർട്ടികളും ആന്റണി കോൺഗ്രസും ചേർന്ന് മന്ത്രിസഭ രൂപീകരിച്ചു. നിയമസഭാംഗമല്ലാതിരുന്ന ആര്യാടൻ മന്ത്രിയായത് കോൺഗ്രസിലുണ്ടായ അസാധാരണ സംഭവമായിരുന്നു. മുസ്ലിം സമുദായത്തിൽപ്പെട്ട അഞ്ച് എം.എൽ.എ.മാർ കോൺഗ്രസിന്നുണ്ടായിരുന്നിട്ടും എം.എൽ.എ. അല്ലാത്ത ആര്യാടനെ മന്ത്രിയാക്കിയതിൽ അപാകതയുണ്ടായിരുന്നുവെങ്കിലും ആരും അതിനെ ചോദ്യം ചെയ്തില്ല. അന്നത്തെ കോൺഗ്രസിൽ അതൊരു പ്രശ്നമായില്ല. സീനിയർ നേതാക്കളായ എൻ.പി. മൊയ്തീനും കെ.പി. നൂറുദ്ദീനും നവാഗതരായ വി.സി. കബീർ, കെ. മുഹമ്മദാലി, എം.എം. ഹസൻ തുടങ്ങിയവരും എം.എൽ.എമാരായിരുന്നു.
എൻ.പി. മൊയ്തീന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് നിർദേശിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വം അനതിനെ അനുകൂലിച്ചില്ല. ഇടതുപക്ഷ മുന്നണിയുമായി കോൺഗ്രസ് ഐക്യമുണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചവരിൽ ഒരാളായിരുന്നു ആര്യാടൻ. സി.പി.എമ്മിനെ നേരിടാൻ ആര്യാടനെപ്പോലൊരാൾ മന്ത്രിസഭയിൽ വേണമെന്ന അഭിപ്രായം എ.കെ. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമുണ്ടായിരുന്നു. ഇതെല്ലാമാണ് എം.എൽ.എ. അല്ലാതിരുന്നിട്ടും ആര്യാടനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ അനുകൂല ഘടകമായത്.
കോൺഗ്രസ് പ്രവർത്തരുടെയും എം.എൽ.എമാരുടെയും പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ടാണ് ആര്യാടൻ മന്ത്രിയായത്. കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിൽ മുഖ്യമന്ത്രിയാണ് സാധാരണ മന്ത്രിമാരെ തീരുമാനിക്കുന്നത്. അതാകട്ടെ ഹൈക്കമാൻഡിന്റെ അനുമതിയോടെ തീരുമാനിക്കുന്നത്. 1980ലെ പ്രത്യേകത, മന്ത്രിസഭയെ നയിച്ചിരുന്നത് സി.പി.എം ആയിരുന്നുവെന്നതാണ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സ്ഥാനത്തു നിന്നുകൊണ്ട് തീരുമാനങ്ങൾ ജനാധിപത്യപരമായ ചർച്ചകളിലൂടെ തിരുമാനിച്ചത് ആന്റണിയാണ്. ആര്യാടൻ തൊഴിൽ- വനം വകുപ്പ് മന്ത്രി.
ഇടതുമുന്നണി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച ആര്യാടൻ നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. നിലമ്പൂർ മണ്ഡലത്തിൽ പൊന്നാനിക്കാരനായ സി. ഹരിദാസായിരുന്നു കോൺഗ്രസിന്റെ നിയമസഭ സ്ഥാനാർഥി. സി. ഹരിദാസ് നിലമ്പൂരിൽ വിജയിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിൽ വന്നപ്പോൾ നിയമസഭാംഗമല്ലാതിരുന്ന ആര്യാടൻ മുഹമ്മദിനെ മന്ത്രിയാക്കി. ആറു മാസം കഴിഞ്ഞപ്പോൾ സി. ഹരിദാസ് നിയസഭാംഗത്വം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ നിലമ്പൂരിൽ മത്സരിച്ചു ജയിച്ചാണ് നിയമസഭാംഗത്വം നേടിയത്.
അന്ന് ആര്യാടനെതിരെ കോൺഗ്രസ് (ഐ) സ്ഥാനാർഥിയായി മത്സരിച്ചത് യൂത്ത് കോൺഗ്രസ് (ഐ) പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ്. നിലമ്പൂരിൽ നിന്ന് ആര്യാടനു വേണ്ടി രാജിവച്ച ഹരിദാസിന് പിന്നീട് രാജ്യസഭാംഗത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.