ഫയൽ

കോടതി കാണിച്ചത് നീതീകരിക്കാനാവാത്ത ധൃതി; വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയിൽ നീതി ലഭിച്ചില്ല - പി.ജയരാജൻ

കണ്ണൂർ: വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും കോടതി കാണിച്ചത് നീതീകരിക്കാനാവാത്ത ധൃതിയായിരുന്നെന്നും സി.പി.എം നേതാവ് പി.ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിന്റെ ഇടപെടലുകൾ സാർവത്രികമായി ചർച്ച ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ ഹൈകോടതിയുടെ ഈ കേസിലെ നടപടി ക്രമങ്ങൾ സസൂക്ഷ്മം പിന്തുടർന്നിരുന്നുവെന്നും ജയരാജൻ പറഞ്ഞു.

പി.ജയരാജനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണകോടതി ശിക്ഷിച്ച ആറ് പ്രതികളിൽ അഞ്ച് പേരുടെ ശിക്ഷ ഹൈകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയെങ്കിലും 10 വർഷത്തെ കഠിനതടവ് ഒരു വർഷത്തെ സാധാരണ തടവായി കുറച്ചു. വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്​ അഞ്ച്​ പ്രതിക​ളുടെ ശിക്ഷ ​ജസ്റ്റിസ്​ സോമരാജൻ റദ്ദാക്കിയത്​. വിചാരണക്കോടതി വിട്ടയച്ച മൂന്ന്​ പ്രതികളെ ശിക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സർക്കാർ നൽകിയ അപ്പീലും തള്ളി.

പി.ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്

24 വർഷങ്ങൾക്ക് മുമ്പ് തിരുവോണദിവസം വീട്ടിൽ കയറി എന്നെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് വിചാരണ കോടതി നൽകിയ ശിക്ഷ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നിരിക്കുന്നു. വിധി ഉണ്ടാക്കിയ അമ്പരപ്പിനെ തുടർന്ന് പലരും എന്നെ വിളിച്ച് അവരുടെ അഭിപ്രായങ്ങൾ അറിയിക്കുകയുണ്ടായി.

കീഴ്ക്കോടതികളുടെ വിധികൾ മേൽക്കോടതികൾ റദ്ദാക്കുന്നത് സ്വാഭാവികമാണ്. ഞാൻ ഇരയായിട്ടുള്ള വധശ്രമ കേസിൻ്റെ ഹൈക്കോടതി വിധിയും അതുകൊണ്ട് തന്നെ ഞാൻ വ്യക്തിപരമായി എടുക്കുന്നുമില്ല. എന്നാൽ ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിൻ്റെ ഇടപെടലുകൾ സാർവ്വത്രികമായി ചർച്ച ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ കേരള ഹൈക്കോടതിയുടെ ഈ കേസിലെ നടപടി ക്രമങ്ങൾ സസൂക്ഷ്മം പിന്തുടർന്നിരുന്നു. കാരണം ആർ.എസ്.എസ്. പ്രമുഖൻ കൂടി പ്രതികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.

2023 ഡിസംബർ 20 നാണ് അപ്പീൽ ഹരജികൾ ബഹുമാനപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്. പരിഗണനക്കെടുത്തപ്പോൾ കേസ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് ഗവൺമെൻ്റ് പ്ലീഡർ കോടതിയോടപേക്ഷിച്ചു . അപ്പീൽ ഹരജി കേൾക്കുന്നത് ക്രിസ്മസ് വെക്കേഷന് ശേഷം പരിഗണിക്കാമെന്ന് ജഡ്ജ് പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം അതായത് ഡിസംബർ 21ന് ഈ മൂന്ന് അപ്പീലുകളും പരിഗണനക്കായി പോസ്റ്റ് ചെയ്യുകയാണുണ്ടായത്. 21ന് ഈ കേസ് പരിഗണനക്കെടുത്തപ്പോൾ തലേ ദിവസത്തെ കോടതിയുടെ തീരുമാനം വെക്കേഷന് ശേഷം പരിഗണിക്കണമെന്നായിരുന്നുവെന്ന കാര്യം ഗവൺമെൻ്റ് പ്ലീഡർ ഓർമ്മിപ്പിച്ചു. അങ്ങനെയാവാമെന്ന് കോടതിയും. ക്രിസ്മസ് അവധിക്ക് ശേഷം 2024 ജനുവരി 4ന് കേസ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെയാണ് അസ്വാഭാവികമായ നടപടിയുണ്ടായത്. ഈ കേസ് 'ഭാഗീകമായി കേട്ടു' എന്നു കൂടി കോടതി രേഖപ്പെടുത്തി. യഥാർത്ഥത്തിൽ അപ്പീലുകളുടെ ഭാഗമായി ഒരു വാദവും ആരും ഉയർത്തിയിരുന്നില്ല. ഇത് ഇങ്ങനെ രേഖപ്പെടുത്തിയത് നീതിനിർവഹണ കാര്യത്തിൽ ഗൗരവമായ പ്രശ്നമാണ്. അപ്പീൽ പരിഗണിച്ച ബെഞ്ചിലെ വീഡിയോ ഫുട്ടേജ് പരിശോധിച്ചാൽ മേൽപറഞ്ഞതെല്ലാം വസ്തുതയാണെന്ന് വ്യക്തമാവും.

കേസിൻ്റെ കാര്യത്തിൽ കോടതി കാണിച്ച നീതീകരിക്കാനാവാത്ത ധൃതി ശ്രദ്ധിക്കപ്പെടേണ്ടതാണ്. അക്രമത്തിൻ്റെ ഇരയെന്ന നിലയിൽ അതിനാൽ തന്നെ എനിക്ക് നീതി ലഭിച്ചില്ല. വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയിൽ നീതി നിഷേധമാണ് ഇവിടെ സംഭവിച്ചത്.

ഇതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് 2023 ഡിസംബർ 26ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഞാൻ രേഖാമൂലം പരാതി നൽകിയത്. ഈ പരാതി പരിഗണിച്ചിരുന്നെങ്കിൽ ക്രിസ്മസ് വെക്കേഷന് ശേഷമുള്ള ക്രിമിനൽ അപ്പീലുകൾ പരിഗണിക്കുന്ന ബെഞ്ചാകുമായിരുന്നു ഈ കേസിൽ വിധി പറയുക.

ക്രിസ്മസ് അവധിക്ക് ശേഷം പരിഗണനക്ക് വെച്ച കേസ് തൊട്ടടുത്ത ദിവസം തന്നെ പരിഗണനക്കെടുത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് 20ന് വൈകുന്നേരമാവുമ്പോഴേക്ക് ക്രിസ്മസ് അവധിക്ക് ശേഷമുള്ള ബെഞ്ചുകളുടെ ക്രമീകരണം ഹൈക്കോടതി തയ്യാറാക്കിയിരുന്നു. അതനുസരിച്ച് ഇപ്പോൾ വിധി പറഞ്ഞ ബെഞ്ചിൻ്റെ മുമ്പിലല്ല അപ്പീലുകൾ വരിക. രണ്ടാമതായി തലേ ദിവസം ഭാഗീകമായി കേട്ടു എന്ന് രേഖപ്പെടുത്തിയിരുന്നില്ല. 21ന് 'ഭാഗീകമായി കേട്ടു ' എന്ന് (കേൾക്കാതെ) രേഖപ്പെടുത്തിയാൽ വിധി പറഞ്ഞ ബെഞ്ചിൻ്റെ മുമ്പിൽ തന്നെ ക്രിസ്മസ് അവധിക്ക് ശേഷവും അപ്പീലുകൾ പരിഗണനക്ക് വരും. ഇക്കാരണങ്ങളാലാണ് നീതി ലഭിക്കുന്നതിന് വേണ്ടി റോസ്റ്റർ പ്രസിദ്ധീകരിച്ച പ്രകാരം ക്രിമിനൽ അപ്പീലുകൾ കേൾക്കുന്ന ബെഞ്ച് കേസ് പരിഗണിക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഡിസംബർ 26ന് തന്നെ രേഖാമൂലം ഞാനപേക്ഷിച്ചത്. ഈ അപേക്ഷ പരിഗണിക്കപ്പെട്ടില്ല.

വിയോജിപ്പുകൾ സാർവ്വത്രികമായി ഉയർന്ന പല വിധികളും പുറപ്പെടുവിച്ച ന്യായാധിപന്മാർക്ക് വിരമിച്ചതിന് ശേഷം ലഭിച്ച പദവികൾ ഇന്ത്യൻ ജുഡീഷ്യറിക്ക് കളങ്കമേൽപ്പിച്ചതാണ്. ഉത്തർ പ്രദേശിലെ വാരണാസിയിലെ ഗ്യാൻവാപി പള്ളി ഹിന്ദുക്കൾക്ക് ആരാധനക്കായി തുറന്ന് കൊടുക്കണമെന്ന വിശ്വഹിന്ദു പരിഷത്തിൻ്റെ ഹരജി അനുവദിച്ച ജഡ്ജിക്ക് ലോകായുക്തയായി നിയമനം നൽകിയതാണ് ഇന്നത്തെ വാർത്ത. ഇത്തരം വാർത്തകൾ തുടർക്കഥയാവുന്ന വർത്തമാനകാല സാഹചര്യത്തിൽ ഇനിയെന്ത് എന്നതാണ് നമ്മുടെ മുമ്പിലുള്ള ചോദ്യം.

ജുഡിഷ്യറിയിൽ നിന്ന് നീതി നിർവഹണത്തിൻ്റെ അന്തസത്ത ഉയർത്തിപ്പിടിക്കാൻ തയ്യാറാവുന്നതിലാണ് നമ്മുടെ പ്രതീക്ഷ. ഈ കേസിൻ്റെ കാര്യത്തിൽ സംസ്ഥാന ഗവൺമെൻ്റ് നൽകുന്ന ഹരജിയിൽ എനിക്കും സുപ്രീം കോടതിയിൽ കക്ഷി ചേരാനാവും എന്നതാണ് കിട്ടിയ ഉപദേശം. അതേ സമയം ജുഡീഷ്യറിയിലെ ഇത്തരം പുഴുക്കുത്തുകൾക്കെതിരായി ജനങ്ങൾ പ്രതികരിക്കുകയും വേണം. കാരണം ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണല്ലോ പരമാധികാരികൾ.

കോടതിയുടെ മഹനീയമായ പദവിയെ ജനങ്ങൾ ആദര പൂർവ്വമാണ് കാണുന്നത്. ന്യായാധിപന്മാർക്ക് നിർഭയമായും ധാർമ്മിക സത്യസന്ധത പാലിച്ചു കൊണ്ടും സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും പ്രലോഭനങ്ങൾക്ക് വശംവദരാവാതെയും ജനങ്ങൾക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യതയുണ്ട്.


Full View



Tags:    
News Summary - As a victim of an assassination attempt, he did not get justice from the court - P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.