കൊച്ചി: ആസിയാൻ കരാറുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ വഴി തടസ്സപ്പെടുത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നിവരടക്കം നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി.
ആസിയാൻ കരാർ കേന്ദ്ര സർക്കാർ ഒപ്പുവെച്ചതിനെതിരെ 2009ൽ സി.പി.എം മനുഷ്യച്ചങ്ങല തീർത്തതിനെത്തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് പുറമെ മറ്റ് പ്രതികളായ മന്ത്രി വി. ശിവൻകുട്ടി, മുൻ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, മുൻമന്ത്രി പി.കെ. ശ്രീമതി, ആനത്തലവട്ടം ആനന്ദൻ, പ്രഭാത് പട്‌നായിക്, എം. വിജയകുമാർ, വി. സുരേന്ദ്രൻ പിള്ള, കടകംപള്ളി സുരേന്ദ്രൻ, സി. ജയൻബാബു എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. സമരത്തിന്‍റെ ഭാഗമായി സംഘം ചേർന്നത് ക്രിമിനൽ കുറ്റകൃത്യത്തിന് വേണ്ടിയല്ലാത്തതിനാൽ നിയമവിരുദ്ധമായ സംഘം ചേരലെന്ന കുറ്റം നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
2009 ഒക്ടോബർ രണ്ടിനാണ് സി.പി.എം കാസർകോടുമുതൽ തിരുവനന്തപുരംവരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചത്. രാജ്ഭവന് മുന്നിൽ പൊതുയോഗവും സംഘടിപ്പിച്ചു. പൊതുവഴി തടസ്സപ്പെടുത്തിയ സമരത്തിനെതിരെ നെയ്യാറ്റിൻകര പി. നാഗരാജ് നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതി കേസെടുത്തത്. നിയമവിരുദ്ധ സംഘം ചേരൽ, കലാപം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഒത്തുചേരാനുള്ള അവകാശം മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതാണെന്ന ഹരജിക്കാരുടെ വാദം ശരിവെച്ച കോടതി, സമരത്തിൽ അക്രമമോ ബലപ്രയോഗമോ ഉണ്ടായതായി പരാതിയുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.