തിരുവനന്തപുരം: ആ ശില്പത്തിന് ശില്പികൾ 'ആശ' എന്ന് നാമകരണംചെയ്തു. കാരണം, പൊരുതുന്ന സ്ത്രീ രൂപമാണ് അവർ ശില്പമാക്കിയത്. ലോകമെമ്പാടുമുള്ള സ്ത്രീ തൊഴിലാളികളുടെ പ്രതീകമായി നീതിക്കുവേണ്ടി ശിരസ്സുയർത്തുന്ന 'ആശ'ശിൽപ്പം സെക്രട്ടേറിയറ്റിനു മുന്നിലെ സമരഭൂമിയിൽ അനാച്ഛാദനം ചെയ്പ്പെട്ടു.
ഒരു കൈയിൽ തുല്യതക്കുവേണ്ടി ഉയർത്തിപ്പിടിച്ച ത്രാസും മറുകൈയിൽ ചൂഷിതരായ മനുഷ്യരെ ചേർത്തുപിടിച്ചും നിൽക്കുന്ന സ്ത്രീശില്പം ആശാസമരത്തിൻറെ ഉൾക്കാമ്പ് വിളിച്ചോതുന്നതാണ്. പ്രശസ്ത ശിൽപ്പി സി. ഹണിയും അനീഷ് തകഴിയും ചേർന്ന് നിർമിച്ച ശിൽപ്പം നൂറ് കണക്കിന് ആശാപ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് അനാച്ഛാദനം ചെയ്തത്.
'ആശാ വർക്കേഴ്സിൻറെ സമരം സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സ്ത്രീ തൊഴിലാളികൾ ലോകമെമ്പാടും ചൂഷണം അനുഭവിക്കുന്ന കാലഘട്ടത്തിൽ ആശാവർക്കേഴ്സ് നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമരത്തിന് കലയിലൂടെ ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.' ശിൽപ്പം സമർപ്പിച്ചു കൊണ്ട് സി.ഹണി പറഞ്ഞു.
അമ്പലപ്പുഴയിലെ പ്രശസ്തമായ കുഞ്ചൻ നമ്പ്യാർ ശിൽപ്പം, വടക്കൻ പറവൂരിലെ മാതാ എഞ്ചിനിയറിംഗ് കോളേജിലെ 25 അടി ഉയരമുള്ള സരസ്വതി ശിൽപ്പം, കേശവദാസപുരത്തെ വില്ലുവണ്ടി സ്മാരക ശിൽപ്പം തുടങ്ങി കേരളത്തിലെമ്പാടും നിരവധിയായ ശിൽപ്പങ്ങൾ നിർമ്മിച്ചിട്ടുള്ള കലാകാരനാണ് സി.ഹണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.