തിരുവനന്തപുരം: കോവിഡ് മുൻനിരപ്പോരാളികളായ ആശാവർക്കർമാർക്ക് അർഹമായ അടിസ്ഥാന വേതനം സർക്കാർ ഉടൻ ലഭ്യമാക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.
തുച്ഛമായ ഓണറേറിയത്തെ മാത്രം ആശ്രയിക്കുന്നതിലൂടെ അങ്ങേയറ്റം വിഷമകരമായ ജീവിത സാഹചര്യത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. കോവിഡിൻെറ കർമഭടൻമാരായ ആശാവർക്കർമാർ ഒഴിവുദിനങ്ങളില്ലാതെയാണ് അഹോരാത്രം സേവനങ്ങളിൽ ഏർപ്പെടുന്നത്. സേവന സമയങ്ങളിൽ അനിവാര്യമായ മാസ്കുകളും സാനിറ്റൈസറുകളും യാത്രാ ചിലവുകളും ഇൻറർനെറ്റ് സൗകര്യങ്ങളും മറ്റും തുഛമായ ഓണറേറിയത്തിൽനിന്നുള്ള സ്വന്തം ചിലവിലാണ് നടത്തുന്നത്. മതിയായ തൊഴിൽ സുരക്ഷയോ ഇൻഷുറൻസ് പരിരക്ഷയോ ഇവർക്ക് ലഭിക്കുന്നില്ലായെന്നത് പരിതാപകരമാണ്.
ദുർബല സാമൂഹിക-കുടുംബ സാഹചര്യങ്ങളിൽ നിന്നുള്ളവരായ ആശാവർക്കർമാരെ അടിമ വേലക്കാരാക്കി അവഗണിക്കുന്ന മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ സമീപനങ്ങൾക്കെതിരെ, ആശാവർക്കർമാരെ മുന്നിൽനിർത്തി ശബ്ദമുയർത്തുമെന്നും ജബീന ഇർഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.