മലപ്പുറം: അഷ്മിൽ ഡാനിഷിനെ കുറിച്ച അന്വേഷണങ്ങൾക്ക് ഞായറാഴ്ച രാവിലെയും പ്രതീക്ഷയുള്ള മറുപടിയായിരുന്നു ആരോഗ്യവകുപ്പ് നൽകിയത്. അവൻ രക്ഷപ്പെടേണമേ എന്നായിരുന്നു എല്ലാവരുടെയും പ്രാർഥന. എന്നാൽ, നിപ ചികിത്സക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പുണെ വൈറോളജി ലാബില്‍നിന്ന് എത്തിയപ്പോഴേക്കും ആ 14കാരൻ ഈ ലോകത്തോട് വിടപറഞ്ഞു.
ഒരാഴ്ചയോളമായി വെന്റിലേറ്ററിൽ രോഗത്തോട് പൊരുതുകയായിരുന്നു അഷ്മിൽ. വൈറസിന്റെ കരാളക്കൈകളിലാണ് താനെന്ന് ആ കുഞ്ഞുഹൃദയം നിനച്ചിരിക്കില്ല. പനിച്ചൂടാണ് വൈറസ് ആദ്യം അവന് പകർന്നുനൽകിയത്. പനി കടുത്തതോടെ അവൻ ഉമ്മയോട് ചോദിക്കുമായിരുന്നു, ‘‘അമീബിക് മെനിഞ്ചൈറ്റിസ് ആണോ ഉമ്മാ’’ എന്ന്. ജലജന്യരോഗ മരണങ്ങളെ കുറിച്ച വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ അവനും അറിഞ്ഞിരുന്നു.
പനി കടുത്തപ്പോൾ നാട്ടിലെ കുളത്തിലിറങ്ങി കുളിച്ച കാര്യം അവനോർമ വന്നു. അതുകൊണ്ടാണ് അമീബിക് മസ്തിഷ്കജ്വരമാണോ എന്ന് സ്വയം സംശയിച്ചത്. ജൂലൈ 15ഓടെ രോഗം മൂർച്ഛിച്ച് വെന്റിലേറ്ററിലായി. പിന്നെ ഇടക്ക് അപസ്മാരവും മസ്തിഷ്കജ്വര ലക്ഷണങ്ങളുമായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് ആദ്യം നിപ പരിശോധനക്കായി സ്രവം പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. അതിന്റെ ഫലമാണ് ശനിയാഴ്ച ലഭിച്ചത്. മരണം വരിഞ്ഞുമുറുക്കുന്ന വൈറസ് അഷ്മിലിലേക്ക് എത്തിയത് എപ്പോഴായിരുന്നു എന്ന അന്വേഷണത്തിലാണ് നാട്. ഈ വൈറസിന്റെ പിടിയിൽ ഇനിയാരും അകപ്പെടരുതേ എന്ന പ്രാർഥനയിലും.
അവന് നിപയാണെന്ന് സംശയിച്ചതോടെ പരിശോധനഫലം നെഗറ്റിവ് ആകണേ എന്നായിരുന്നു പ്രാർഥന. പക്ഷേ, ശനിയാഴ്ച വൈകീട്ട് ഉള്ളുലക്കുന്ന ആ വാർത്തയെത്തി. നിപ വൈറസ് തന്നെയെന്ന് പുണെയിൽനിന്ന് സ്ഥിരീകരണം വന്നു. അത് കഴിഞ്ഞ് 17 മണിക്കൂറായപ്പോഴേക്കും മരണവാർത്തയും സ്ഥിരീകരിച്ചു. നാടിന്റെ നെഞ്ചകത്ത് അഷ്മിൽ പന്തു തട്ടിക്കളിക്കുന്ന ദൃശ്യങ്ങൾ നിറഞ്ഞുകിടക്കുകയാണ്. ഫുട്ബാളായിരുന്നു അവന്റെ ഊർജമെന്ന് ആ ദൃശ്യങ്ങളിൽനിന്ന് വായിച്ചെടുക്കാം. ഇനി അവൻ സ്വർഗത്തിലെ മൈതാനങ്ങളിൽ പന്തുതട്ടിക്കളിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.