'മകൻ ദുബൈയിൽ മരണപ്പെട്ടത്​ അറിയിച്ചപ്പോൾ കർഷക സമരത്തിലായിരുന്ന പിതാവ്​ പറഞ്ഞത്​ അദ്​​ഭുതപ്പെടുത്തി'; അഷ്​റഫ്​ താമരശ്ശേരി പറയുന്നു

ദുബൈ: യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശ്ശേരി പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​ ശ്രദ്ധേമാകുന്നു.ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ട്രക്ക്​ ഡ്രൈവറായി ജോലിചെയ്യുന്ന ഗുർവിന്ദർ സിങ്ങിന്‍റെ മരണം കർഷക സമരത്തിലായിരുന്ന പിതാവ്​ പര്‍വിന്ദര്‍ സിങ്ങിനെ യു.എ.ഇയിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചിരുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ അമൃത്​സറിലേക്ക്​ വരില്ലേ എന്ന ചോദ്യത്തിന്​ പിതാവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു?. ''രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും അവന്‍റെ അമ്മയെയും കൂട്ടി ഇറങ്ങിയപ്പോള്‍ തിരിച്ച് വീട്ടില്‍ വരാന്‍ കഴിയുമോയെന്ന് അറിയില്ലെന്ന കാര്യം അവനെ വിളിച്ച് പറഞ്ഞിരുന്നു. ഞങ്ങള്‍ കര്‍ഷകര്‍ മണ്ണില്‍ പണിയെടുക്കുന്നവരാണ്, മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെയാണ്''. അഷ്​റഫ്​ താമരശ്ശേരി പങ്കുവെച്ച പോസ്റ്റ്​ ഇതിനോടകം നിരവധി പേർ പങ്കുവെച്ചുകഴിഞ്ഞു.

അഷ്​റഫ്​ താമരശ്ശേരി പങ്കുവെച്ച ഫേസ്​ബുക്ക്​ കുറിപ്പ്​

മകന്‍ മരണപ്പെട്ട വിവരം പിതാവ് പര്‍വിന്ദര്‍ സിംഗിനെ അറിയിച്ചപ്പോള്‍, അദ്ദേഹം കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നു. പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ കജൂറുളള എന്ന പ്രദേശത്ത് ഒരു കാര്‍ഷിക കുടുംബത്തിലാണ്,
ഗുര്‍വിന്ദര്‍ സിംഗ് ജനിച്ചത്​. പിതാവ് പര്‍വിന്ദര്‍ സിംഗിന്‍റെ കുടുംംബം തലമുറകളായി കൃഷിക്കാരാണ്.കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുര്‍വിന്ദര്‍ സിംഗ് ഹെവി ട്രക്ക് ഡ്രൈവറായി ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത്വരുകയായിരുന്നു. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ മരണവിവരം നാട്ടിലേക്ക് പറയുവാന്‍ വിളിച്ചപ്പോള്‍ കുടുംബം മുഴുവനും കര്‍ഷക സമരത്തിന്‍റെ ഭാഗമായി ദിവസങ്ങളായി ഡല്‍ഹിയിലാണ്.

ഒരു ജനത, അവരുടെ അതിജീവനത്തിന്‍റെ ഭാഗമായി സമരത്തിലാണ്. അധികാരവര്‍ഗ്ഗങ്ങളുടെ കണ്ണ് തുറപ്പിക്കുവാനുളള സമരത്തിലാണ്. അതിന്‍റെ ഭാഗമായിട്ടാണ് ഗുര്‍വിന്ദറിന്‍റെ പിതാവും അവകാശങ്ങള്‍ നേടിയെടുക്കുവാനുളള ഈ പോരാട്ടത്തില്‍ അണിചേര്‍ന്നത്.എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നും അല്ല. ഇന്ന് മകന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് ആ പിതാവിനോട് പറഞ്ഞപ്പോള്‍, അമൃത്​സറിലേക്ക് അയച്ചോളു, അവിടെ ആരെങ്കിലും പറഞ്ഞയക്കാം, താങ്കള്‍ എയർപോർട്ടിലേക്ക് വരുന്നില്ലേ എന്ന എന്‍റെ ചോദ്യത്തിന് അയാളുടെ മറുപടി ഒരു ചിരി മാത്രം ആയിരുന്നു.

എന്നിട്ട് പര്‍വിന്ദര്‍ പറഞ്ഞ മറുപടിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും അവന്‍റെ അമ്മയും കൂട്ടി ഇറങ്ങിയപ്പോള്‍ തിരിച്ച് വീട്ടില്‍ വരാന്‍ കഴിയുമോയെന്ന് അറിയില്ലായെന്ന കാരൃം, അവനെ വിളിച്ച് പറഞ്ഞിരുന്നു.ഞങ്ങള്‍ കര്‍ഷകര്‍ മണ്ണില്‍ പണിയെടുക്കുന്നവരാണ്,മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെയാണ്,പിന്നോട്ടില്ല ഭായ് എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വെക്കുമ്പോള്‍ ആ പഞ്ചാബിയുടെ വാക്കുകളിലെ ദൃഢനിശ്ചയം എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

എതൊരു ജനകീയ സമരത്തെയും ഒരു അധികാരവര്‍ഗത്തിനും അടിച്ചമര്‍ത്താന്‍ കഴിയില്ല. ഒരു പരിധിവരെ അധികാരം ഉപയോഗിച്ച് തടയുവാന്‍ കഴിയും, അവസാനം കീഴടങ്ങിയേ പറ്റൂ. അതാണ് ചരിത്രം നമ്മളെ ഓര്‍മപ്പെടുത്തുന്നതും. പര്‍വിന്ദര്‍ സിംഗ് ഒറ്റക്കല്ല, പര്‍വിന്ദറിനെ പോലെ ലക്ഷക്കണക്കിന് പേര്‍ സമരമുഖത്തുണ്ട്. സ്വന്തം മകന്‍റെ അന്ത്യകർമങ്ങള്‍ നിര്‍വഹിക്കുവാന്‍ പോലും പോകാതെ ഒരു ജനതയുടെ അവകാശങ്ങള്‍ക്കായി സമരമുഖത്ത് നില്‍ക്കുന്ന ധീര നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.