വി.എം. മുനീറിനുശേഷം താങ്കളെയാണ് പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചത്, എങ്ങനെ കാണുന്നു?
പുതിയ ചെയർമാനെ എല്ലാവരും ആകാംക്ഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. അതുപോലെ ഞാനും വളരെ ആവേശപൂർവമാണ് ഈ ചെയർമാൻസ്ഥാനം കാണുന്നത്. കാസർകോട് നഗരത്തിൽ ജനങ്ങളുടെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ പദവിയിലിരിക്കുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് മുൻഗണന. ആ പ്രശ്നങ്ങൾ തീർക്കാൻ അവർക്ക് ആരുമില്ല, അതിന് മുൻകൈയെടുത്ത് ഞാൻ പ്രവർത്തിക്കും. ഇവിടെ 2014ൽ ആശ്രയ പദ്ധതി എന്ന സംവിധാനമുണ്ടായിരുന്നു. കേവലം 450 സ്ക്വയർ ഫീറ്റിൽ വീടൊരുക്കുന്നതാണ് പദ്ധതി. എന്നാൽ, എന്തുകൊണ്ടോ ആ പദ്ധതി നിലച്ചു. അത് തുടർന്നുകൊണ്ടുപോകലായിരിക്കും എന്റെ ആദ്യത്തെ പരിപാടി.
നഗരസഭയിൽ എന്തെങ്കിലും പുതുതായി?
നഗരം നമുക്ക് മോടിപിടിപ്പിക്കേണ്ടതുണ്ട്. പല ആളുകളും പറയാറുണ്ട് മറ്റ് മുനിസിപ്പാലിറ്റിയെ അപേക്ഷിച്ച് കാസർകോട് നഗരം ആരീതിയിൽ വളരുന്നില്ലെന്ന്. അത് മാറ്റിയെടുക്കണം. ശുചീകരണപ്രവൃത്തി നല്ലരീതിയിൽ നഗരസഭ നടത്തുന്നുണ്ട്. അതിന് കാര്യമായി വേണ്ടത് ഇവിടത്തെ വ്യാപാരികളുടെ മുഴുവൻ സപ്പോർട്ടാണ്. അങ്ങനെയായാൽ ഒരുമാസം തികച്ചുവേണ്ട, നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റാൻ കഴിയുമെന്നതിൽ എനിക്ക് സംശയമില്ല. ഇപ്പോൾതന്നെ വ്യാപാരികളും മറ്റും വേണ്ടവിധത്തിൽ സഹകരിക്കുന്നുണ്ട്. അത് കൂടുതൽ ഫലപ്രദമാക്കാനുള്ള നടപടി നഗരസഭ സ്വീകരിക്കും. നഗരസഭ കൂടുതൽ സൗന്ദര്യവത്കരിക്കാനും ഇതോടൊപ്പം സമയം കണ്ടെത്തും.
തെരുവുകച്ചവടക്കാരുടെ പുനരധിവാസകേന്ദ്രം തുറന്നുകൊടുത്തിട്ടില്ല, എന്താണ് നടപടി?
തെരുവുകച്ചവടക്കാരുടെ പുനരധിവാസമടക്കമുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടു. അതിനുവേണ്ട ക്രമീകരണങ്ങൾ ഉടൻ ചെയ്യും.
പുതിയ ബസ് സ്റ്റാൻഡിനകത്തുള്ള കേന്ദ്രം എത്രയും പെട്ടെന്ന് തുറന്നുകൊടുക്കാനും പഴയ സ്റ്റാൻഡിലെ തെരുവുകച്ചവടക്കാരടക്കമുള്ളവരെ പുനരധിവസിപ്പിക്കാനും ചെയർമാൻ എന്നനിലയിൽ പ്രയത്നിക്കും.
മുൻ ചെയർമാൻ വി.എം. മുനീറുമായുള്ള ബന്ധം?
വി.എം. മുനീറുമായുള്ളത് വളരെ വലിയ ആത്മബന്ധമാണ്. കഴിഞ്ഞ മൂന്നുവർഷം നമ്മളൊരുമിച്ചാണ് നഗരസഭയിലും മറ്റും പ്രവർത്തിച്ചത്. അതിലൊരഭിപ്രായ വ്യത്യാസവുമില്ലാതെയാണ്, ഭരണതലത്തിലായാലും വ്യക്തിജീവിതത്തിലായാലും പ്രവർത്തിച്ചതെന്ന് സത്യസന്ധമായി പറയാൻപറ്റും. തീർച്ചയായിട്ടും ഭാവിയിലും അത് തുടർന്നുകൊണ്ടുപോകാൻ എന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും.
വി.എം. മുനീർ കൗൺസിലർസ്ഥാനമടക്കം രാജവെച്ചതിനെ പറ്റി?
ചെയർമാൻസ്ഥാനം മുനീർ രാജിവെച്ചത് ധാരണയുടെ അടിസ്ഥാനത്തിലാണ്. കൗൺസിലർസ്ഥാനം രാജിവെച്ചത് ധാരണയുടെയൊന്നും അടിസ്ഥാനത്തിലായിരുന്നില്ല. പാർട്ടിയുടെ തീരുമാനവും അക്കാര്യത്തിലില്ലായിരുന്നു. അതിനെ പറ്റി കൂടുതൽ പറയാൻ ഞാനാളല്ല. അത് അദ്ദേഹത്തോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.
ടാക്സി സ്റ്റാൻഡിലെ മാലിന്യമൊഴുക്ക് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?
ടാക്സി സ്റ്റാൻഡിലെ മലിനജലപ്രശ്നം അറിവിലുള്ള കാര്യമാണ്. പെട്ടെന്നുള്ള സജ്ജീകരണം എന്നനിലക്കാണ് ചെറിയൊരു ടാങ്ക് അന്നവിടെ പണികഴിപ്പിച്ചത്. കാസർകോട് ടൗണിനെ സംബന്ധിച്ചിടത്തോളം വലിയൊരു പദ്ധതി അവിടെ നടപ്പാക്കാൻ പരിമിതിയുണ്ട്. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പണിയാനാവശ്യമായ പദ്ധതിയുമായി നഗരസഭ മുന്നോട്ടുപോവുകയാണ്. അപ്പോൾ ഒരുപരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം. 90 ലക്ഷം രൂപയോളമാണ് ഇതിന്റെ ഫണ്ട്. അത് കണ്ടെത്താനുള്ള ആലോചനയിലാണ് നഗരസഭ. ഒരു വർഷത്തിനുള്ളിൽ പരിഹാരമാകും.
മറ്റ് രാഷ്ട്രീയപാർട്ടികളുമായി എങ്ങനെയാണ്?
എന്റെ പ്രവർത്തനം എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതായിരിക്കും. അതിൽ ജാതി-മത-വർഗ-രാഷ്ട്രീയ ഭേദമൊന്നും വെച്ചുപുലർത്തില്ല. എല്ലാവർക്കും വേണ്ടത് ചെയ്യുക എന്നതിനാണ് പ്രാമുഖ്യം.
എങ്ങനെയാണ് ചെയർമാന്റെ പ്രവർത്തനം മുന്നോട്ടുപോവുക?
ജനങ്ങളുടെ നന്മയാണ് ആത്യന്തികമായി ആഗ്രഹിക്കുന്നത്. അതിനുള്ള എന്ത് പ്രവർത്തനത്തിനും ജനങ്ങളുടെ കൂടെയുണ്ടാകും. രാഷ്ട്രീയഭേദമന്യേ എന്ത് കാര്യത്തിനും അവർക്ക് എന്നെ സമീപിക്കാം, വിമർശിക്കാം.
നല്ലരീതിയിൽ കൂട്ടായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. മറ്റ് പാർട്ടികളുടെ നിർദേശവും വിമർശനവും ഉൾക്കൊണ്ട് പ്രവർത്തിക്കും.
രാഷ്ട്രീയപ്രവർത്തനത്തിലേക്കുള്ള പ്രവേശനം?
എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് വന്നത്. പിന്നീട് പുണെയിൽ പിതാവിന്റെ ബിസിനസുമായി ബന്ധപ്പെട്ട് പോകേണ്ടിവന്നു. ’91 കാലഘട്ടത്തിലാണ് നാട്ടിൽ തിരിച്ചെത്തിയത്. അന്ന് എൻ.എ. നെല്ലിക്കുന്നിന്റെയും സേട്ടുസാഹിബിന്റെയും തണലിൽ വളരാൻ കഴിഞ്ഞു എന്നുള്ളതാണ് അനുഗ്രഹം. ആ വളർച്ചയിൽ തണലായി ഒട്ടേറെപ്പേർ കൂടെ നിന്നു, ഇപ്പോഴും കൂടെയുണ്ട്.
കുടുംബം എങ്ങനെ കാണുന്നു, പുതിയ സ്ഥാനം?
കുടുംബത്തിൽനിന്ന് നല്ല സപ്പോർട്ടാണ് ലഭിക്കുന്നത്. രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിട്ട് കുറെ കാലമായല്ലോ. ഈയൊരു സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ട്. ഇതൊക്കെ പ്രവർത്തനത്തിന്റെ ഭാഗമാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.