തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എന്നാൽ ഇത് സാധിക്കില്ലെന്ന നിലപാടെടുത്ത് പ്രോസിക്യൂഷൻ. എന്നാൽ ക്രിമിനൽ ചട്ട നിയമപ്രകാരം കേസിൽ കക്ഷി ചേർക്കാൻ കഴിയുമെന്ന് കോടതി പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഹരജിയിൽ കോടതി ആഗസ്റ്റ് 31ന് വാദം പരിഗണിക്കും. അതിനിടെ കേസിൽ കക്ഷിചേർക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകപരിഷത്തും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ ഹരജികളിലെല്ലാം വാദംകേട്ടശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന് കോടതി വ്യക്തമാക്കി.
പുതിയ ഹരജികൾ പരിഗണനക്ക് എത്തിയ സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ പ്രതികളായ ആറ് ഇടതുനേതാക്കൾ നൽകിയ വിടുതൽ ഹരജികൾ ഇതിനുശേഷം പരിഗണിക്കാം എന്ന് പറഞ്ഞ് കോടതി മാറ്റി. നേരേത്ത കൈയാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിനെതുടർന്ന് ഹൈകോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പ്രതികളെ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി രൂക്ഷ വിമർശനത്തോടെ തള്ളിയിരുന്നു. കേസ് ആദ്യം പരിഗണിച്ച കോടതിയിൽ പ്രതികൾ വിചാരണ നേരിടണമെന്ന നിർദേശവും സുപ്രീംകോടതി നൽകി. അതിെൻറ അടിസ്ഥാനത്തിൽ നിലവിലെ മുഴുവൻ പ്രതികളും കേസിൽ വിചാരണ നേരിടും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.