കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കുന്ന മണ്ഡലങ്ങളിൽ പുതുമുറക്കാരും പരിചയ സമ്പന്നരും. എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകിയ പട്ടികയിൽ അപ്രതീക്ഷിതമായി ചില സ്ഥാനാർഥികളുമെത്തി.
തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങളാണ് കോഴിക്കോട് നോർത്തിൽ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനും കൊയിലാണ്ടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീലക്കും തുണയായത്. നോർത്തിൽ എ. പ്രദീപ് കുമാറിന് ശേഷം അനുയോജ്യനായ ഒരു യുവനേതാവിനെ കണ്ടെത്താൻ കഴിയാത്തത് പാർട്ടി ഘടകങ്ങളിൽ കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. നഗരത്തിെൻറ മുക്കും മൂലയുമറിയുന്ന തോട്ടത്തിൽ രവീന്ദ്രന് വിജയപ്രതീക്ഷ ഏറെയാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനുമായി ചർച്ച നടത്തിയെന്ന വാർത്തകൾക്ക് പ്രചാരണത്തിനിടെ തോട്ടത്തിലിന് മറുപടി പറയേണ്ടി വരും.
പാർട്ടി സംവിധാനം ശക്തമായ പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണേൻറത് നേരത്തേ ഉറപ്പിച്ച സ്ഥാനാർഥിത്വമാണ്. എക്സൈസ് മന്ത്രിമാർ കേൾക്കുന്ന ആരോപണങ്ങളില്ലാതെ സംശുദ്ധമായാണ് ടി.പി തുടർച്ചയായ രണ്ടാമങ്കത്തിനിറങ്ങുന്നത്.
2005ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാളയം വാർഡിലും 2009ൽ കോഴിക്കോട് ലോക്സഭയിലും തോറ്റ പി.എ. മുഹമ്മദ് റിയാസ് കന്നി ജയം തേടിയാണ് ബേപ്പൂരിൽ മത്സരിക്കുന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് കൂടിയായ റിയാസിന് സ്ഥാനാർഥിപ്പട്ടികയിൽ എതിരാളികളുണ്ടായിരുന്നില്ല.
ബാലുശ്ശേരിയിൽ കെ.എം. സചിൻ ദേവും തിരുവമ്പാടിയിൽ ലിേൻറാ ജോസഫും ജില്ലയിലെ സി.പി.എം സ്ഥാനാർഥിപ്പട്ടികക്ക് പ്രസരിപ്പേകുന്നതാണ്. പട്ടികജാതി സംവരണമായ ബാലുശ്ശേരിയിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ കെ.എം. സചിൻ ദേവിന് വിജയമുറപ്പാണെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.
27കാരനായ സചിൻ ദേവ് സംസ്ഥാനത്തുതന്നെ പാർട്ടിയിലെ 'ബേബി' സ്ഥാനാർഥിയാണ്. സി.പി.എമ്മിെൻറ താമരശ്ശേരി ഏരിയയിൽപ്പെട്ട ഗിരീഷ് ജോണിനെ സ്ഥാനാർഥിയാക്കാൻ ഒരു സംസ്ഥാന നേതാവ് ശ്രമിച്ചിരുന്നെങ്കിലും കൂടരഞ്ഞി പഞ്ചായത്ത് സാരഥിയായ ലിേൻറായുടെ സ്ഥാനാർഥിത്വമാണ് ഗുണം ചെയ്യുകയെന്നായിരുന്നു പാർട്ടി വിലയിരുത്തൽ.
കുടിയേറ്റ കർഷക പ്രത്യേകതകളടക്കം സി.പി.എം കഴിഞ്ഞ ദിവസം മുതൽ പ്രചരിപ്പിക്കുന്നുണ്ട്.
നാലാം തവണയും മത്സരിക്കുന്ന കുന്ദമംഗലത്തെ സ്വതന്ത്രൻ പി.ടി.എ. റഹീമും രണ്ടാം പോരിനിറങ്ങുന്ന കൊടുവള്ളിയിലെ സ്വതന്ത്രൻ കാരാട്ട് റസാഖും ഇത്തവണ കനത്തപോരാട്ടമാകും നേരിടേണ്ടി വരുക.
കോഴിക്കോട്: എൽ.ഡി.എഫ് പട്ടികയിലെ യുവമുഖങ്ങളിൽ പ്രധാനിയാണ് ബാലുേശ്ശരിയിൽനിന്ന് ജനവിധിതേടുന്ന കെ.എം. സചിൻദേവ്. മണ്ഡലത്തിൽ എൽ.ഡി.എഫിനായി ഉയർന്നുകേട്ട പേര് സചിേൻറത് മാത്രമായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം ടൗൺ ഏരിയ കമ്മിറ്റി അംഗവുമാണ്. ദേവഗിരി സേവിയോ ഹയർ സെക്കൻഡറിയിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും മെഡിക്കൽ കോളജ് ഹയർ സെക്കൻഡറിയിൽനിന്ന് സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തീകരിച്ചു.
കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് നിയമത്തിൽ ബിരുദവും നേടി. ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിയൻ ചെയർമാൻ, എസ്.എഫ്.ഐ ജില്ല പ്രസിഡൻറ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.
നിലവിൽ അഖിലേന്ത്യാ ജോയൻറ് സെക്രട്ടറിയാണ്. നെല്ലിക്കോട് സ്വദേശിയായ സചിൻ മാതൃഭൂമി റിട്ട. ജീവനക്കാരൻ കെ.എം. നന്ദകുമാറിെൻറയും മെഡിക്കൽ കോളജ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും കെ.എസ്.ടി.എ ജില്ല ജോയൻറ് സെക്രട്ടറിയുമായ എം. ഷീജയുടെയും മകനാണ്. സഹോദരി കെ.എം. സാന്ദ്ര ബി.എഡ് വിദ്യാർഥിനിയാണ്.
കോഴിക്കോട്: എസ്.എഫ്.ഐയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ പുതുമുഖമാണ് തിരുവമ്പാടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ലിേൻറാ ജോസഫ്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരിക്കെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങുന്നത്. സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം, കൂമ്പാറ ലോക്കൽ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്ന ലിേൻറാ നേരത്തെ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന ജോയൻറ് സെക്രട്ടറി, ജില്ല സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
മുത്തപ്പൻപുഴ സെൻറ് സെബാസ്റ്റ്യൻ എൽ.പി സ്കൂൾ, ആനക്കാംപൊയിൽ സെൻറ് മേരീസ് യു.പി സ്കൂൾ, പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കോട്ടയം ഏന്തയാർ ജെ.ജെ.എം.എം.എച്ച്.എസ്.എസിലാണ് ഹയർസെക്കൻഡറി പഠനം. ദ്രോണാചാര്യ അവാർഡ് ജേതാവ് കെ.പി. തോമസിെൻറ കീഴിൽ കായികപരിശീലനം നേടി.
തിരുവമ്പാടി ഐ.എച്ച്.ആർ.ഡി കോളജിൽനിന്ന് ബി.കോം ബിരുദവും എം.ജി സർവകലാശാല ഓഫ് കാമ്പസിൽനിന്ന് എം.കോം ബിരുദവും നേടി. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലൂടെ കായിക രംഗത്തും സജീവമായി.
1500 മീറ്റർ ഓട്ടം, ക്രോസ് കൺട്രി എന്നിവയിൽ സംസ്ഥാനതല വിജയിയായി. 2007ലെ ഗോവ നാഷനൽ മീറ്റിൽ ക്രോസ് കൺട്രിയിൽ സംസ്ഥാനത്തെ പ്രതിനിധാനംചെയ്തു. കൂമ്പാറ പാലക്കൽ ജോസഫ്- അന്നമ്മ ദമ്പതികളുടെ ഇളയ മകനാണ്. ഇടുക്കി തങ്കമണിയിൽനിന്ന് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലേക്ക് കുടിയേറിയ കുടുംബമാണിവരുടേത്. സഹോദരൻ മാലിയിൽ അധ്യാപകനായ ലിബിൻ ജോസഫ്, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് ലിൻറു ആൻസ് ജോസഫ് എന്നിവരാണ് സഹോദരങ്ങൾ.
കൊടുവള്ളി: കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ കരുത്തിലാണ് കാരാട്ട് റസാഖ് വീണ്ടും അങ്കത്തിനിറങ്ങുന്നത്. കൊടുവള്ളിയുടെ സാമൂഹിക-രാഷ്ട്രീയ- കല-കാരുണ്യപ്രവർത്തന രംഗത്തെല്ലാം നിറസാന്നിധ്യമാണ്.
10 വർഷം കൊടുവള്ളി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. രണ്ട് തവണ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു.12 വർഷം കൊടുവള്ളി ഹൗസിങ് സൊസൈറ്റി പ്രസിഡൻറ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, വികസനകാര്യ സ്ഥിരംസമിതി ചെയർമാനായും പ്രവർത്തിച്ചു. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. മുസ്ലിം ലീഗിെൻറ മണ്ഡലം ജനറൽ സെക്രട്ടറി, ട്രഷറർ, എസ്.ടി.യു ജില്ല സെക്രട്ടറി, യു.ഡി.എഫ് മണ്ഡലം കൺവീനർ എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.
പരേതനായ കാരാട്ട് അയമ്മദ് ഹാജിയുടേയും പാത്തുമേയ് ഹജ്ജുമ്മയുടേയും മകനായി 1965 മേയ് 27നാണ് ജനനം. സെക്കൻഡറി വിദ്യാഭ്യാസമുള്ള കാരാട്ടിന് മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകൾ അറിയാം. സുലൈഖയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഹിറാസ്, ഫസ്ന, ജസ്ന.
1950 ജൂൺ 15ന് കീഴരിയൂരിൽ താഴത്തെ പറമ്പത്ത് ശങ്കരെൻറയും മാണിക്യത്തിെൻറയും മകനായി ജനിച്ച ടി.പി. രാമകൃഷ്ണൻ 1970കളിൽ സി.പി.എമ്മിെൻറ നമ്പ്രത്തുകര ബ്രാഞ്ച് കമ്മിറ്റിയംഗമായി പ്രവർത്തിച്ചുകൊണ്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്.
കീഴരിയൂർ ലോക്കൽ കമ്മിറ്റിയംഗവും ചങ്ങരോത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായി പ്രവർത്തിച്ചു. പേരാമ്പ്ര, ബാലുശ്ശേരി എന്നീ ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായി. പ്ലാേൻറഷൻ കോർപറേഷെൻറ പേരാമ്പ്ര എസ്റ്റേറ്റിൽ സി.ഐ.ടി.യു യൂനിയൻ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കൊയിലാണ്ടി താലൂക്കിൽ ചെത്തുതൊഴിലാളി യൂനിയനും മദ്യവ്യവസായ തൊഴിലാളി യൂനിയനും സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകി.
സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം, ജില്ല സെക്രട്ടറി എന്നീ നിലകളിൽ തിളങ്ങിയ അദ്ദേഹം ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ്. 2001ൽ പേരാമ്പ്രയിൽനിന്ന് കന്നിയങ്കത്തിൽ വിജയിച്ച ടി.പി 2016ൽ വീണ്ടും വിജയിച്ച് എക്സൈസ് - തൊഴിൽ മന്ത്രിയായി. നിലവിൽ നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരിൽ താമസിക്കുന്നു. സി.പി.എം ജില്ല കമ്മിറ്റി അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ എം.കെ. നളിനിയാണ് ഭാര്യ. മകൻ രജുലാൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും മകൾ രഞ്ജിനി യു.എൽ.സി.സി ജീവനക്കാരിയുമാണ്.
കുന്ദമംഗലം: ഇടതു മുന്നണി സ്ഥാനാർഥിയായി കുന്ദമംഗലം അസംബ്ലി മണ്ഡലത്തിൽനിന്ന് സിറ്റിങ് എം.എൽ.എയായ പി.ടി.എ. റഹീംതന്നെ മത്സരിക്കും. സി.പി.എം സ്വതന്ത്രനായാണ് മത്സരം. കുന്ദമംഗലത്ത് ഇദ്ദേഹത്തിന് ഹാട്രിക് മത്സരമാണ്.
നേരത്തേ 2006ൽ കൊടുവള്ളി മണ്ഡലത്തിൽനിന്ന് എം.എൽ.എയായി നിയമസഭയിലെത്തിയ ഇദ്ദേഹം 2011ലും 2016ലും കുന്ദമംഗലത്തുനിന്ന് എം.എൽ.എ ആയിരുന്നു. 2011ൽ 3269 വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2016ൽ 11, 205 വോട്ടിെൻറയും.
കൊടുവള്ളി പഞ്ചായത്ത് പ്രസിഡൻറ്, ഹജ്ജ് കമ്മിറ്റി ചെയർമാൻ, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം, വഫഫ് ബോർഡ് അംഗം തുടങ്ങി നിരവധി പദവികൾ വഹിച്ചു. കൊടുവള്ളി മുസ്ലിം ഓർഫനേജ് പ്രസിഡൻറാണ്. ബി.കോം, എൽഎൽ.ബി ബിരുദധാരി. സി.എച്ച്. മുഹമ്മദ്കോയ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാനാണ്. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഇസ്മയിൽ ഷബീർ, ഫാത്തിമ ഷബ്ന, ആയിഷ ഷബ്ജ.
കോഴിക്കോട്: കോഴിക്കോട് കോർപറേഷനെ നയിച്ച അനുഭവക്കരുത്തുമായാണ് തോട്ടത്തിൽ രവീന്ദ്രൻ കോഴിക്കോട് നോർത്തിൽ പോരാട്ടത്തിനിറങ്ങുന്നത്. രണ്ടുതവണ വീതം അദ്ദേഹം നഗരത്തിെൻറ മേയർ, ഡെപ്യൂട്ടി മേയർ പദവികൾ അലങ്കരിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
നഗരത്തിലെ കലാസാംസ്കാരിക രംഗത്തെ സാന്നിധ്യം കൂടിയാണ്. കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) പ്രസിഡൻറാണ്. 2000-05 കാലത്താണ് നേരത്തേ മേയറായത്. '98ൽ മേയറായിരുന്ന എ.കെ. േപ്രമജം എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രണ്ട് മാസം മേയറായിരുന്നിട്ടുണ്ട്. 2007-11 കാലത്തിലാണ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായത്. 1968ൽ സി.പി.എം അംഗമായ തോട്ടത്തിൽ പാർട്ടി വെസ്റ്റ്ഹിൽ ലോക്കൽ കമ്മിറ്റി അംഗമാണ്.
1979ൽ ആദ്യമായി കൗൺസിലറായ അദ്ദേഹം ആകെ അഞ്ചു തവണയാണ് കോർപറേഷൻ ഭരണസമിതി അംഗമായത്. രണ്ടു തവണ കാലിക്കറ്റ് നോർത്ത് സർവിസ് കോഓപറേറ്റിവ് ബാങ്ക് ഡയറക്ടറും ആറ് വർഷം വെസ്റ്റ്ഹിൽ ഇൻഡസ്ട്രീസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ പ്രസിഡൻറുമായിരുന്നു. ഭാര്യ: വത്സല. മക്കൾ: വിഷ്ണു, ലക്ഷ്മി.
കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് നിയോഗിച്ചത് യുവജന പ്രസ്ഥാനത്തിെൻറ അമരക്കാരൻ അഡ്വ. പി.എ. മുഹമ്മദ് റിയാസിനെ.
ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡൻറായതോടെ ബീഫ് നിരോധനത്തിനെതിരെയും ആള്‍ക്കൂട്ട കൊലപാതകങ്ങള്ക്കെതിരായും നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തില്‍ ഡല്‍ഹിയിലും മുംബൈയിലും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഫാറൂഖ് കോളജില്‍ പ്രീഡിഗ്രി- ബിരുദ പഠനകാലത്തെ വിദ്യാർഥി രാഷ്ട്രീയകാലത്ത് റിയാസിെൻറ തട്ടകമായിരുന്നു ബേപ്പൂർ മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ ഫറോക്ക്. കോഴിക്കോട് സെൻറ് ജോസഫ്സ് ബോയ്സ് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. ഫാറൂഖ് കോളജില്‍നിന്ന് ബി.കോം ബിരുദവും കോഴിക്കോട് ലോ കോളജില്‍നിന്ന് നിയമബിരുദവും നേടി.
ഫാറൂഖ് കോളജില്‍ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. 1998ല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ ഭാരവാഹിയായും വിജയിച്ചു.
ഫറോക്ക് ഏരിയയില്‍ എസ്.എഫ്.ഐ ജോയൻറ് സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കോഴിക്കോട് സിറ്റി ഏരിയ സെക്രട്ടറിയായും ജില്ല സെക്രട്ടേറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. സിറ്റി മോട്ടോര്‍ ആന്‍ഡ് എൻജിനീയറിങ് യൂനിയന്‍ സെക്രട്ടറി എന്നനിലയിലും പ്രവര്‍ത്തിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
കോഴിക്കോട്: പി.എം. അബൂബക്കർ പലതവണ വിജയക്കൊടി പാറിച്ച കോഴിക്കോട് സൗത്തിൽ കന്നിയങ്കത്തിനിറങ്ങുകയാണ് ശിഷ്യൻ 61കാരൻ അഹമ്മദ് ദേവർ കോവിൽ. കോഴിക്കോട് സ്വദേശിയായ അഹമ്മദ് നഗരത്തിൽ ജവഹർ നഗർ കോളനിയിലാണ് താമസം. അടിയന്തരാവസ്ഥയിൽ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചാണ് പൊതുജീവിതത്തിലേക്കുള്ള വരവ്. ദീർഘകാലം മഹാരാഷ്ട്രയിലായിരുന്നു.
മുംബൈ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി, മുംബൈ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, മുംബൈ മലയാളിസമാജം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ജി.എം. ബനാത്ത് വാലയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മുസ്ലിം ലീഗിെൻറ കാര്യദർശി പദവി വഹിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ്, മെഡിക്കൽ കോളജ് ആസ്ഥാനമായുള്ള മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് (എം.എം.സി.ടി) സ്ഥാപക ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു.
സരോവരം ഗ്രീൻ എക്സ്പ്രസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ഗവ. അംഗീകൃത ഹജ്ജ്-ഉംറ ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്. പരേതനായ ഒറുവയിൽ വളപ്പൻ മൂസയുടെയും പുത്തലത്ത് മറിയത്തിെൻറയും മകനാണ്. സാബിറയാണ് ഭാര്യ. താജുന ഷെർവിൻ അഹമ്മദ്, തെൻസിഹ ഷെറിൻ അഹമ്മദ്, ജെഫി മോനിസ് അഹമ്മദ് എന്നിവർ മക്കളാണ്.
കോഴിക്കോട്: ത്രിതല പഞ്ചായത്തിലെ പരിചയമികവിെൻറ പിൻബലത്തിലാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല നിയമസഭ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ അങ്കത്തിനിറങ്ങുന്നത്. സി.പി.എം ജില്ല കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയൻറ് െസക്രട്ടറി, ജില്ല പ്രസിഡൻറ് എന്നീനിലകളിലും ഇവർ പ്രവർത്തിക്കുന്നു. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നീനിലകിളിലും പ്രവർത്തിച്ചിട്ടുണ്ട്.
വൃക്കരോഗികളുടെ പരിപാലനവും ചികിത്സയും ഏറ്റെടുത്ത് നടത്തിയ 'സ്നേഹസ്പർശം' പദ്ധതിയായിരുന്നു 2010 മുതൽ 2015 വരെ കാനത്തിൽ ജമീല നേതൃത്വം നൽകിയപ്പോഴുള്ള ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ വേറിട്ട പ്രവർത്തനം. ജില്ല പഞ്ചായത്തിെൻറ ഫണ്ടിന് പുറമെ ജനകീയമായി സഹായങ്ങൾ സ്വീകരിച്ചുമായിരുന്നു മാതൃകാ ഇടപെടൽ.
ഡയാലിസിസിന് കാത്തിരിക്കുന്ന നൂറുകണക്കിന് പേർക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചത്. കുറ്റ്യാടി ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് കുറ്റ്യാടിയിലെ സമാന്തര കോളജിൽ പ്രീഡിഗ്രി പഠിച്ചു. ഭർത്താവ്: അബ്ദുറഹ്മാൻ: മക്കൾ: ഐറിജ് റഹ്മാൻ, അനൂജ സഹദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.