തിരുവനന്തപുരം: കാലഹരണപ്പെട്ടതെന്ന വാദമുന്നയിച്ച് അസിസ്റ്റന്റ് ലെപ്രസി ഓഫിസർമാരുടേതടക്കം 113 തസ്തിക ആരോഗ്യവകുപ്പ് നിർത്തലാക്കുന്നു. ജോലിഭാരത്തിനനുസരിച്ച് തസ്തിക ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് കടുംവെട്ട്. സംസ്ഥാനത്ത് കുഷ്ഠരോഗ നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കേണ്ട സമയത്താണ് ഇതിനായി നിയോഗിച്ച തസ്തികകൾപോലും അവസാനിപ്പിക്കുന്നത്. നിർത്തലാക്കുന്നവയിൽ ഒഴിവില്ലാത്തവ സൂപ്പർ ന്യൂമറിയായാണ് കണക്കാക്കുക. ജീവനക്കാരൻ വിരമിക്കുന്നതോടെ തസ്തിക അവസാനിക്കും വിധത്തിലാണ് ക്രമീകരണം. ഇത് പ്രകാരം 2025 ഓടെ അസിസ്റ്റന്റ് ലെപ്രസി ഓഫിസർമാരുടെ എണ്ണം ഒന്നോ രണ്ടോ ആയി പരിമിതപ്പെടുത്തും.
ജില്ലതലത്തിൽ ഓരോന്നുവീതം 14 അസിസ്റ്റന്റ് ലെപ്രസി ഓഫിസർ തസ്തികയാണ് നിലവിലുള്ളത്. ജില്ലകളിലെ പ്രവർത്തനം ഏകോപിപ്പിക്കലാണ് ഇവരുടെ ചുമതല. കുഷ്ഠരോഗ നിവാരണത്തെക്കുറിച്ച് വലിയ അവകാശവാദങ്ങളുയരുമ്പോഴും രോഗബാധയുടെ കാര്യത്തിൽ ആശങ്കജനകമാണ് സാഹചര്യം. മൾട്ടി ബാസിലറി (എം.ബി), പോസി ബാസിലറി (പി.ബി) എന്നിങ്ങനെ രണ്ടുതരം കുഷ്ഠരോഗ ഇനങ്ങളാണുള്ളത്. ഇതിൽ മൾട്ടി ബാസിലറി മറ്റുള്ളവരിലേക്ക് പകരാത്തതും ആറു മാസം കൊണ്ട് ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. പോസി ബാസലറിയാകട്ടെ പകർച്ച ശേഷിയുള്ളവയാണ്.
ചികിത്സിക്കാൻ 12 മാസത്തിലേറെ സമയവുമെടുക്കും. 2007 വരെയുള്ള കണക്കിൽ മൊത്തം കേസിൽ 80 ശതമാനം മൾട്ടി ബാസിലറി ആയിരുന്നു. എന്നാൽ, പുതിയ കണക്ക് പ്രകാരം മൊത്തം കേസുകളിൽ 20 ശതമാനം മാത്രമാണ് മൾട്ടി ബാസിലറി. ഭൂരിഭാഗവും പകർച്ചശേഷിയുള്ള പോസി ബാസിലറിയാണ്. കൂടുതൽ ആസൂത്രണത്തോടെയുള്ള ഇടപെടൽ ആവശ്യമായ ഈ ഘട്ടത്തിലാണ് അസിസ്റ്റന്റ് ലെപ്രസി ഓഫിസർമാരുടെയടക്കം തസ്തിക വെട്ടിക്കുറക്കാനുള്ള തീരുമാനം. പ്രത്യേക വിഭാഗത്തെ ഒഴിവാക്കിയശേഷം കുഷ്ഠരോഗ നിയന്ത്രണ പ്രവർത്തനങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാർ ഏൽപിക്കുകയാണ്. ഇവർക്കാകട്ടെ വേണ്ടത്ര പരിശീലനത്തിന്റെ അഭാവംമൂലം രോഗം നേരത്തേ കണ്ടെത്തുന്നതിനടക്കം കഴിയാത്ത സ്ഥിതിയുമുണ്ടാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.