അടിമാലി: റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ വിനോദസഞ്ചാരികളുടെ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വന്‍തുക തട്ടിയ റിസോര്‍ട്ട് ജീവനക്കാരനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ചിത്തിരപുരത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്ട്രീസ് റിസോര്‍ട്ടിലെ ജീവനക്കാരന് ചാലക്കുടി സ്വദേശി ഗ്ലാഡ്വിനെയാണ് (35) വെള്ളത്തൂവല്‍ പൊലീസിെൻറ സഹായത്തോടെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍നിന്ന് ചൈന നിർമിത സ്വൈപ്പിങ് മെഷീന് പിടിച്ചെടുത്തു.
റൂം ബുക്ക് ചെയ്ത് താമസിക്കാനെത്തുന്നവരിൽ പലരും തങ്ങളുടെ കൈവശമുള്ള എ.ടി.എം, ഡെബിറ്റ് കാര്‍ഡുകളിലൂടെയാണ് വാടകയും മറ്റും കൈമാറിയിരുന്നത്.
യഥാര്‍ഥ ബില്‍ റിസോര്‍ട്ടിലെ സ്വൈപ്പിങ് മെഷീനിലൂടെ പിന്‍വലിച്ച ശേഷം ഗ്ലാഡ്വിന് സ്വന്തം സ്വൈപ്പിങ് മെഷീനില്‍ സ്വൈപ്പ് ചെയ്ത് വിനോദസഞ്ചാരികളുടെ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ മനസ്സിലാക്കും. ഇവര്‍ പോയി ആഴ്ചകള്‍ക്ക് ശേഷമാണ് ഈ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചിരുന്നത്. ഇതര സംസ്ഥാനക്കാരുടെയും വിദേശികളുടെയും ഉള്‍പ്പെടെ പണം ഇത്തരത്തില്‍ തട്ടിയെടുത്തെങ്കിലും തെലങ്കാന സ്വദേശി മാത്രമാണ് പരാതി നല്‍കിയത്. ലക്ഷങ്ങൾ തട്ടിയതാണ് പരാതിക്ക് ഇടയാക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ച എത്തിയ തെലുങ്കാന പൊലീസ് റിസോര്‍ട്ട് റെയ്ഡ് ചെയ്താണ് ചൈനീസ് സ്വൈപ്പിങ് മെഷീന് കസ്റ്റഡിയിലെടുത്തത്. ഫ്രണ്ട് ഓഫിസ് ജോലിക്കാരനെന്നാണ് റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞത്. കേരള പൊലീസ് ഇയാളെ ചോദ്യംചെയ്ത് വിശദാംശങ്ങള്‍ മനസ്സിലാക്കാതെയാണ് തെലങ്കാന പൊലീസിന് കൈമാറിയതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.