തൃശൂർ: മുഖ്യമന്ത്രി പങ്കെടുത്ത എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബിജോണിനെ തള്ളി താഴെയിട്ടത് തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി. ഇടതു സഹയാത്രികൻ എന്നവകാശപ്പെടുന്ന ഷുക്കൂർ എന്നയാളെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ ശനിയാഴ്ച രാത്രി 7.15 ഓടെയാണ് സംഭവം. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ വേദിവിട്ട ശേഷമായിരുന്നു സംഭവം അരങ്ങേറിയത്.
ബേബി ജോൺ പ്രസംഗിക്കുന്നതിനിടെ വേദിയിലേക്ക് ഇരച്ചുകയറിയ യുവാവ് സംസാരം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ബേബി ജോണിനെ തള്ളി താഴെയിടുകയുമായിരുന്നു. ഉടൻ തന്നെ പാർട്ടി പ്രവർത്തകർ ബേബി ജോണിനെ താങ്ങി എഴുന്നേൽപ്പിക്കുകയും യുവാവിനെ പിടികൂടുകയും ചെയ്തു. ബേബി ജോണിന് പരിക്കില്ല. അൽപസമയ ശേഷം പ്രസംഗം തുടരുകയും ചെയ്തു. വൈകാതെ ആംബുലൻസിൽ യുവാവിനെ കയറ്റി പൊലീസ് കൊണ്ടുപോകുകയായിരുന്നു.
തനിക്ക് ശാരീരിക പ്രയാസങ്ങളൊന്നുമില്ലെന്നും പെട്ടെന്നുള്ള വികാര പ്രകടനമായേ സംഭവത്തെ കാണുന്നുള്ളൂവെന്നും ബേബി ജോൺ പ്രതികരിച്ചു. സംഭവ ശേഷം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ വിശ്രമിക്കുകയാണ് ബേബി ജോൺ. മദ്യപനെ പ്രവർത്തകർ നേരിട്ടത് സംയമനത്തോടെയാണെന്ന് സംഭവസമയം വേദിയിലുണ്ടായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. നേരത്തെ തയ്യാറാക്കിയ തിരക്കഥപോലെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി അലങ്കോലമാക്കാനാണയാൾ ശ്രമിച്ചതെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.