തിരുവനന്തപുരം: വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനുനേരെ ഗുണ്ടകളുടെ ആക്രമണം. ബൈക്കിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് ജീപ്പും ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചു.
അപകടത്തിൽ ഫോർട്ട് എസ്.ഐ പി. പ്രേമചന്ദ്രനും ഡ്രൈവർ വിഷ്ണു രാജിനും നെഞ്ചിനും തലക്കും സാരമായി പരിക്കേറ്റു. പൊലീസ് ജീപ്പിലിടിച്ച് നിന്ന കാറിൽനിന്ന് പ്രതികളെ സാഹസികമായി വളഞ്ഞിട്ടാണ് പൊലീസ് പിടികൂടിയത്. വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നിവരുടെ അറസ്റ്റ് രാത്രിയോടെ പൊലീസ് രേഖപ്പെടുത്തി.
ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. രണ്ടുമാസം മുമ്പ് കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ കേസിൽ പ്രതികളായ ചന്ദ്രബോസ്, ഫിറോസ് എന്നിവർ എസ്.എസ് കോവിൽ റോഡിലെ ബാറിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് രണ്ട് ബൈക്കുകളിലായി ഫോർട്ട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ സാബു, ബിനു, ഷിബു, കണ്ണൻ എന്നിവർ മഫ്തിയിൽ ബാറിന് മുന്നിലെത്തിയത്.
എന്നാൽ, പൊലീസ് എത്തിയെന്ന് മനസ്സിലാക്കിയ ചന്ദ്രബോസും ഫിറോസും സുഹൃത്തായ വിഷ്ണുവിനെയും കൂട്ടി കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച നാലുപേരെയും ആദ്യം കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്.
ഇതിനിടയിലാണ് പൊലീസ് ജീപ്പ് ഇവരെ തടഞ്ഞത്. ഇതോടെ പൊലീസ് ജീപ്പിനെ ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെടാനായി ഇവരുടെ ശ്രമം. ജീപ്പിലേക്ക് അതിവേഗം കാർ കൊണ്ടിടിച്ചു. കാറുമായി വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് വളഞ്ഞ് സാഹസികമായി ഗ്ലാസ് തകർത്താണ് പിടികൂടിയത്.
ആൽത്തറ വിനീഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാണ് പിടിയിലായ ചന്ദ്രബോസ്. മൂവരെയും ഞായറാഴ്ച റിമാൻഡ് ചെയ്യും. മോഷണക്കേസിൽ ഒരാൾകൂടി ഇനി പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.