പൊന്നാനി: പശയും മുളകുപൊടിയും ചേർത്ത വെള്ളം മുഖത്തൊഴിച്ച് യുവാവിനെ മർദിച്ചതായി പരാതി. പശ കണ്ണിൽ ഒട്ടിപ്പിടിച്ചതിനാൽ കണ്ണുതുറക്കാൻ പോലും കഴിയാതെ ശരീരമാസകലം പരിക്കേറ്റ പൊന്നാനി കമാം വളവ് സ്വദേശി കീകാട്ടിൽ ജബ്ബാറിനെ (37) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണിൽ ഒട്ടിപ്പിടിച്ച പശകൾ നീക്കം ചെയ്ത് കാഴ്ച ശക്തി തിരിച്ചുകിട്ടിയത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വീട്ടുസാധനങ്ങൾ വാങ്ങാൻ പോവുന്നതിനിടെ ബൈക്കിലെത്തിയ മൂന്നുപേരടങ്ങുന്ന സംഘം അക്രമിക്കുകയായിരുന്നുവെന്ന് ജബ്ബാർ പറയുന്നു. പശ മുഖത്ത് ഒഴിച്ചതിനുശേഷമാണ് ക്രൂരമായി മർദിച്ചത്.
കമാം വളവിലെ വീടിനോട് ചേർന്ന് ചെറിയ മിഠായിക്കട നടത്തിയാണ് അസുഖബാധിതനായ മകനെയും കുടുംബത്തെയും നോക്കുന്നത്. ഇത് രണ്ടാംതവണയാണ് ജബ്ബാറിന് നേരെ അക്രമം നടക്കുന്നത്. തെൻറ എട്ട് വയസ്സുള്ള മകെൻറ കാഴ്ചശക്തി നഷ്ടപ്പെട്ടത് ഡോക്ടർ മരുന്ന് മാറി നൽകിയതാണന്ന് ആരോപിച്ച് നവ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിനെത്തുടർന്ന് മർദന ശ്രമമുണ്ടായിരുന്നു.
ഉന്തുവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന ജബ്ബാറിന് നഗരസഭയും നാട്ടുകാരും കൈകോർത്താണ് മൂന്നുവർഷം മുമ്പ് വീടിനോട് ചേർന്ന് കച്ചവടം നടത്താനുള്ള സാഹചര്യം ഒരുക്കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.