തളിപ്പറമ്പ്: തൃച്ചംബരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു. ആക്രമണത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ തൃച്ചംബരം ക്ഷേത്രത്തില്‍നിന്ന് ഉത്സവം കണ്ടു മടങ്ങുകയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനായ തളിപ്പറമ്പ് ആടിക്കുംപാറയിലെ കിരണിനാണ് (19) കുത്തേറ്റത്. കോള്‍ മൊട്ടയിലെ അശ്വന്ത് (18), അര്‍ജുന്‍ (18), കീഴാറ്റൂരിലെ ധീരജ് എന്നിവർക്കാണ് പരിക്കേറ്റത്. മാരകമായി വെട്ടേറ്റ കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തൃച്ചംബരം ആർ.എസ്.എസ് കാര്യാലയത്തിനു മുന്നിലെ റോഡില്‍വെച്ച് തടഞ്ഞപ്പോള്‍ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഇരുപതോളം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. നാലുപേരെയും വെവ്വേറെയായി വളഞ്ഞിട്ട് കത്തി, ഇരുമ്പുദണ്ഡ് തുടങ്ങി മാരകായുധങ്ങളും ഹെല്‍മറ്റും ഉപയോഗിച്ചാണ് മർദിച്ചത്. അടുത്തുണ്ടായിരുന്ന പൊലീസ് അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെയും മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പരിക്കേറ്റ നാലുപേരെയും ആദ്യം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കിരണിന് വയറ്റിൽ മൂന്ന് കുത്തേറ്റു. ഇതിലൊന്ന് ആഴമേറിയതാണ്. സംഭവത്തിനു പിന്നില്‍ ആർ.എസ്.എസാണെന്നും കിരണിനെ ലക്ഷ്യംെവച്ച് കരുതിക്കൂട്ടിയുള്ള അക്രമമാണ് നടന്നതെന്നും പരിേക്കറ്റവര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മുള്ളൂൽ കൂത്താട്ടെ ജയൻ, മുറിയാത്തോട്ടെ രാജേഷ്, കൂവേരി ആലത്തിട്ടയിലെ അക്ഷയ്, അജേഷ് എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തു. നാല് പേരും ബി.ജെ.പി പ്രവർത്തകരാണ്. അനിഷ്ടസംഭവങ്ങള്‍ തടയാന്‍ പൊലീസ് സ്ഥലത്ത് ജാഗ്രത പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.