മണ്ണാർക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂറുമാറ്റത്തിന് തുനിഞ്ഞ സാക്ഷികൾക്ക് പ്രത്യേക ശിക്ഷ ഉണ്ടാകുമോ? കൂറുമാറാന്‍ ഇടനില നിന്നവർക്കെതിരെ കോടതി എന്ത് നടപടി സ്വീകരിക്കും തുടങ്ങി നിരവധി നിയമപരമായ ചോദ്യങ്ങള്‍കൂടി ഉയരുന്നു.
സാക്ഷി സംരക്ഷണ നിയമപ്രകാരം മധു കേസിലെ സാക്ഷികളുടെ കൂറുമാറ്റത്തെ കുറിച്ച അന്വേഷണമാണ് കൂറുമാറ്റത്തിന് പിന്നിലെ അന്തർനാടകങ്ങൾ പുറത്തുകൊണ്ടുവന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ നേരിട്ടും ഇടനിലക്കാരൻ മുഖേനയും ഫോണിൽ സാക്ഷികളെ വിളിച്ചത് 385 തവണ. വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീമിന്റെ നിയമപരമായ പിൻബലത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂറുമാറ്റി കേസ് അട്ടിമറിക്കാനുള്ള നീക്കം പുറത്തുവന്നത്.
വിചാരണ തുടങ്ങുന്നതിന് തൊട്ടുമുമ്പ് വാങ്ങിയ പുതിയ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു സാക്ഷികളുമായുള്ള പ്രതികളുടേയും ഇടനിലക്കാരന്റെയും കൂടുതൽ ആശയവിനിമയം. ഇടനിലക്കാരൻ ആനവായി ഊരിലെ ആഞ്ചൻ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണം ഉണ്ടായാൽ പോലും പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാൻ വേണ്ട മുൻകരുതൽ എടുത്തിരുന്നു പ്രതികളും ഇടനിലക്കാരനും. പക്ഷേ, ആസൂത്രിതമായ കൂറുമാറ്റമാണ് ഇതെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചു. അതോടെ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയ 12 പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. കൂറുമാറിയ ഒമ്പത് സാക്ഷികൾക്കെതിരെ നടപടിക്കും പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചു. ഇതിനെതിരെ സാക്ഷികൾ മേൽകോടതിയിൽ തടസ്സഹരജി ഫയൽ ചെയ്തിരിക്കുകയാണ്. സാക്ഷി സംരക്ഷണ നിയമം നടപ്പാക്കിയത് കൊണ്ട് മാത്രം അട്ടിമറിനീക്കം തടയാനായ കേസാണ് മധു കൊലക്കേസ് എന്ന് നിയമജ്ഞർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.