മണ്ണാർക്കാട്: ജുഡീഷ്യൽ ചരിത്രത്തിൽ ശ്രദ്ധേയവും പുതുമകളുള്ളതുമായ നടപടിക്രമങ്ങൾക്കാണ് മധു കൊലക്കേസിന്റെ വിചാരണ കോടതി സാക്ഷ്യംവഹിച്ചത്. സാക്ഷികളുടെ തുടർച്ചയായ കൂറുമാറ്റത്തെ തുടർന്ന് പ്രോസിക്യൂട്ടർ സി. രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി വിചാരണ കോടതി മുമ്പാകെ അപേക്ഷ നൽകുന്ന സാഹചര്യമുണ്ടായി.
പ്രോസിക്യൂട്ടറെ മാറ്റാൻ വിചാരണ കോടതിക്ക് അധികാരമില്ലെന്നും ഹൈകോടതിയെ സമീപിക്കാനും ജഡ്ജി ആവശ്യപ്പെട്ടു. ഹൈകോടതി നിർദേശപ്രകാരമാണ് സർക്കാർ, അതുവരെ അഡീഷനൽ പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം. മോനോനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. സാക്ഷികളുടെ കൂറുമാറ്റത്തിനെതിരെ വിക്ടിം പ്രൊട്ടക്ഷൻ സ്കീം നടപ്പാക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സാക്ഷികൾക്ക് സംരക്ഷണം നൽകാനും അവരെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികൾക്കെതിരെ നടപടിക്കും വിക്ടിം പ്രൊട്ടക്ഷൻ കൗൺസിൽ നിർദേശം നൽകി. ഒരു കൊലക്കേസിൽ പോസ്റ്റ്മോർട്ടം വിഡിയോ ആദ്യമായി കോടതി രേഖകളുടെ ഭാഗമാകുന്നത് മധു കേസിലായിരിക്കുമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മധുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത വിഡിയോയും മധുവിന്റേത് കസ്റ്റഡി മരണമല്ലെന്ന ദേശീയ മനുഷ്യാവകാശ കമീഷന്റെ റിപ്പോർട്ടും കോടതി രേഖകളായി മാർക്ക് ചെയ്യപ്പെട്ടു. രണ്ട് മജിസ്റ്റീരിയൽ റിപ്പോർട്ടുകൾ കോടതിരേഖയുടെ ഭാഗമായതും റിപ്പോർട്ട് തയ്യാറാക്കിയ മണ്ണാർക്കാട് ജുഷീഡ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനേയും ഒറ്റപ്പാലം സബ്കലക്ടറേയും വിസ്തരിച്ചതും വിചാരണ നടപടികളിലെ അപൂർവതകളാണ്.
ജാമ്യത്തിലുള്ള പ്രതികളാൽ സാക്ഷികൾ സ്വാധീനിക്കപ്പെട്ടുവെന്നതിന്റെ തെളിവുകൾ കോടതി രേഖയുടെ ഭാഗമായി മാർക്ക് ചെയ്യപ്പെട്ടതും സാക്ഷികൾക്കെതിരെ കളവായി തെളിവ് നൽകിയതിന് കേസ് ചാർജ് ചെയ്യപ്പെട്ടതും പ്രോസിക്യൂഷൻ ചരിത്രത്തിലെ പുതിയ ചുവടുകളാണെന്നും രാജേഷ് എം. മേനോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.