കൊച്ചി: സർക്കാർ പ്രഖ്യാപിച്ച അംബേദ്കർ സെറ്റിൽമെൻറ് പദ്ധതി അട്ടപ്പാടിയിൽ പാതി വഴിയിലെന്ന് അക്കൗണ്ടൻറ് ജനറലിെൻറ (എ.ജി) ഓഡിറ്റ് റിപ്പോർട്ട്. ആദിവാസി കോളനികളിലെ ക്ഷേമപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ ആദിവാസി ക്ഷേമപദ്ധതികൾ എങ്ങനെയാകണം എന്നതിെൻറ മികച്ച മാതൃകയാണ് അട്ടപ്പാടിയെന്ന മന്ത്രി എ.കെ. ബാലെൻറ പ്രസ്താവനക്ക് തിരിച്ചടിയാണ് എ.ജിയുടെ റിപ്പോർട്ട്.
സംസ്ഥാനത്തെ ആദിവാസി കോളനികളിൽ 'അംബേദ്കർ സെറ്റിൽമെൻറ്' പദ്ധതി നടപ്പാക്കാൻ 2017 സെപ്റ്റംബർ 20 നാണ് സർക്കാർ ഉത്തരവിട്ടത്. തുടർന്ന് ഒക്ടോബർ 10ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 102 പട്ടികവർഗ കോളനികളെ പദ്ധതി നടപ്പാക്കുന്നതിന് തെരഞ്ഞെടുത്തു. അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസിന് കീഴിലുള്ള ഒമ്പത് കോളനികളാണ് 2018-19 സാമ്പത്തിക വർഷത്തിൽ തെരഞ്ഞെടുത്തത്. റോഡുകളുടെ നിർമാണം, കുടിവെള്ള പദ്ധതികൾ, കമ്യൂണിറ്റി ഹാൾ(ഓഡിറ്റോറിയം), വീടുകളുടെ നവീകരണം, കോമ്പൗണ്ട് മതിൽ തുടങ്ങിയവയാണ് നടപ്പാക്കാൻ ഉദ്ദേശിച്ചത്. പദ്ധതി നടപ്പാക്കാൻ ഓരോ കോളനിക്കും ഒരു കോടി വീതം അനുവദിച്ചു.
പാലക്കാട് ജില്ല നിർമിതി കേന്ദ്രത്തെ (ഡി.എൻ.കെ)യാണ് നിർവഹണ ഏജൻസിയായി തെരഞ്ഞെടുത്തത്. 2018 മാർച്ച് മൂന്നിലെ എസ്.സി.എസ്.ടി. ഡയറക്ടറുടെ ഉത്തരവ് പ്രകാരം ആറ് കോളനികൾക്ക് 20 ലക്ഷം വീതം അഡ്വാൻസ് അനുവദിച്ചു. പാലക്കാട് കലക്ടർ മാർച്ച് 20ന് ഏജൻസിയുമായി ധാരണാപത്രവും ഒപ്പിട്ടു.
ആറ് കോളനികളിൽ പദ്ധതി പ്രകാരം ജോലികൾ ആരംഭിച്ചുവെങ്കിലും എസ്റ്റിമേറ്റിൽ നിർദേശിച്ച നിരവധി പ്രവൃത്തികൾ 18 മാസത്തിനുശേഷവും തുടങ്ങിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ആരംഭിച്ച ജോലികൾ പൂർത്തിയായിട്ടുമില്ല. ധാരണാപത്രത്തിലെ എട്ടാം വ്യവസ്ഥ അനുസരിച്ച്,ജോലികൾ 12 മാസത്തിനുള്ളിൽ പൂർത്തിയാക്കണം.
നിർവഹണ ഏജൻസിയുടെ നിരുത്തരവാദപരമായ മനോഭാവവും നിർമാണ പുരോഗതി വിലയിരുത്തുന്നതിൽ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറുടെയും പട്ടികവർഗ ഡയറക്ടറേറ്റിൻറയും അനാസ്ഥയുമാണ് പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തതിെൻറ പ്രധാന കാരണം.
പാർശ്വവത്കൃത വിഭാഗത്തിന് അനുവദിക്കുന്ന വികസന ഫണ്ടുകൾ ചെലവഴിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചാലും ഉന്നതതലത്തിൽനിന്ന് ചോദ്യമുണ്ടാവില്ലെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം. സമൂഹത്തിലെ ദുർബല വിഭാഗത്തിെൻറ അവകാശമാണ് ഇതിലൂടെ നിഷേധിക്കുന്നതെന്ന് എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.