പേരാമ്പ്ര: പേരാമ്പ്രയിലെ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടവും സ്ഥലവും അന്യാധീനപ്പെടുത്താനുള്ള ശ്രമം ഊർജിതം. പേരാമ്പ്ര ജങ്ഷനു സമീപമുള്ള ഈ പൊലീസ് സ്റ്റേഷൻ 1937ലാണ് പയ്യോളി പൊലീസ് സ്റ്റേഷന്റെ ഔട്ട് പോസ്റ്റായി സ്ഥാപിതമായത്. 1948ൽ പൊലീസ് സ്റ്റേഷനായി അപ്ഗ്രേഡ് ചെയ്തു.
2001ൽ ഇതിനു സമീപത്തുതന്നെ പുതിയ സ്റ്റേഷൻ നിർമിച്ചതോടെ ട്രാഫിക് പൊലീസ് സ്റ്റേഷനാക്കി മാറ്റിയിരുന്നു. എന്നാൽ, ട്രാഫിക് സ്റ്റേഷനും ഇവിടെനിന്ന് ഒഴിവാക്കി. ഇപ്പോൾ ട്രാഫിക് യൂനിറ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. ഹോം ഗാർഡുമാരാണ് ഈ സ്റ്റേഷനിൽ ഉണ്ടാവുക. വൈദ്യുതി കുടിശ്ശികയായതോടെ കണക്ഷൻ വിച്ഛേദിച്ചു. ഇതോടെ സ്റ്റേഷൻ ഇരുട്ടിലായി. മേൽക്കൂരയുടെ ഓടുകൾ നശിച്ചു. കഴുക്കോൽ ഉൾപ്പെടെ തകർന്നിട്ടുണ്ട്. കൂടാതെ മരത്തിന്റെ ജനൽ പാളികളെല്ലാം ജീർണിച്ച അവസ്ഥയിലാണ്. ചുമരിന്റെ പ്ലാസ്റ്ററിങ്ങും തകർന്നു. സ്റ്റേഷൻ വളപ്പിലെ കിണർ ഉൾപ്പെടെ കാടുപിടിച്ചുകിടക്കുകയാണ്.
സ്റ്റേഷൻ നിർമിക്കാനുള്ള സ്ഥലം ആദ്യകാലത്ത് സ്വകാര്യ വ്യക്തി വിട്ടുകൊടുത്തതായിരുന്നു.
വിട്ടുകൊടുത്ത ആവശ്യത്തിനുവേണ്ടി സ്ഥലം ഉപയോഗിക്കുന്നില്ലെങ്കിൽ ഉടമക്ക് തിരിച്ചുകൊടുക്കണമെന്ന് വ്യവസ്ഥയുണ്ടത്രേ. അതുകൊണ്ട് ഈ സ്ഥലം വിട്ടുകൊടുത്തവരുടെ അനന്തരാവകാശികളുമായുള്ള ഒത്തുകളിയുടെ ഭാഗമാണ് വൈദ്യുതി ബിൽ അടക്കാത്തത് ഉൾപ്പെടെ സംഭവങ്ങളെന്ന് ആരോപണമുയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഈ സ്റ്റേഷൻ വളപ്പിലെ കിണറ്റിൽനിന്ന് സമീപത്തെ ഹോട്ടലിലേക്ക് സ്റ്റേഷൻ അധികൃതരുടെ അനുമതിയില്ലാതെ മോട്ടോർ വെച്ചത് അധികൃതർ ഇടപെട്ട് എടുപ്പിച്ചിരുന്നു. സ്റ്റേഷന് സ്ഥലം വിട്ടുകൊടുത്തവരുടെ അനന്തരാവകാശികളുടെ നിർദേശപ്രകാരമാണ് മോട്ടോർ വെച്ചതത്രേ.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് സ്ഥാപിച്ച ഈ പൊലീസ് സ്റ്റേഷനെ നശിപ്പിക്കാൻ അനുവദിക്കരുതെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. പേരാമ്പ്ര ടൗണിന്റെ ഹൃദയഭാഗത്ത് സംസ്ഥാന പാതയോട് ചേർന്നുള്ള ഈ പഴയ പൊലീസ് സ്റ്റേഷൻ ട്രാഫിക് സ്റ്റേഷനായോ വനിത സ്റ്റേഷനായോ മാറ്റാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.