തൃശൂർ: ബിവറേജസ് കോർപറേഷനിൽ പുതിയ സ്റ്റാഫ് പാറ്റേൺ പ്രകാരം അംഗീകരിച്ച തസ്തികകൾ പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നില്ലെന്ന് പരാതി.
ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ 258 പേർക്കും എൽ.ഡി ക്ലർക്ക് തസ്തികയിൽ 136 പേർക്കും പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നൽകുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇൗ തസ്തികകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉദ്യോഗാർഥികളോട്, മുഖ്യമന്ത്രി പറഞ്ഞ 136 എണ്ണത്തെക്കുറിച്ച് അറിയില്ലെന്നാണ് ബിവറേജസ് കോർപറേഷൻ അധികൃതർ പറഞ്ഞത്. ആകെയുള്ള 375 ഒഴിവുകളും റാങ്ക് പട്ടികയിലുള്ളവർക്ക് നൽകിയെന്നും അധികൃതർ അറിയിച്ചു.
6,349 പേരുള്ള റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒന്നര വർഷത്തിനുള്ളിൽ നാല് അഡ്വൈസുകളിലായി 861 നിയമന ശിപാർശകൾ മാത്രമാണ് നൽകിയത്.
ജോലിക്ക് കയറിയത് 213 പേർ മാത്രം. ഇതിൽ തന്നെ 62 പേർക്ക് ഇനിയും നിയമനം ലഭിക്കാനുണ്ട്. കൂടാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച 136 പുതിയ തസ്തികകളിലടക്കം 198 പേർക്ക് ഇനിയും ജോലി നൽകേണ്ടതുണ്ട്. എന്നാൽ, ഇത് നികത്താനാവശ്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കോർപറേഷൻ ഉദ്യോഗാർഥികളെ വലക്കുകയാണ്.
പുതുതായി സൃഷ്ടിച്ച 136 തസ്തികകളിൽ താൽക്കാലികക്കാരെ തിരുകിക്കയറ്റാൻ നീക്കം നടക്കുന്നുവെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
ആത്മഹത്യ ചെയ്ത ചാരായ തൊഴിലാളികളുടെ മക്കൾ 222 പേർ, ദിവസവേതനാടിസ്ഥാനത്തിൽ 446 പേർ, സർവിസിൽ പുനഃപ്രവേശനം ലഭിച്ച ദിവസവേതനക്കാർ 52 പേർ എന്നിങ്ങനെ കോർപറേഷനിൽ എൽ.ഡി.സി തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്.
ദിവസവേതനാടിസ്ഥാനക്കാർക്ക് വരെ തസ്തിക നൽകിയ സ്റ്റാഫ് പാറ്റേണിൽ, റാങ്ക് ലിസ്റ്റിൽ വന്നവരെ തഴയുന്ന നിലപാടാണ് കോർപറേഷനും സർക്കാറിനുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.