താനൂർ: താനൂർ റെയിൽവേ മേൽപാലത്തിന്റെ നിർമാണ സാമഗ്രികൾ ഇതേ കരാറുകാർ പ്രവൃത്തിയേറ്റെടുത്ത മറ്റൊരു മേൽപാല നിർമാണത്തിനായി മാറ്റാൻ ശ്രമമെന്ന് ആരോപണം. മറ്റൊരു സ്ഥലത്തേക്ക് മാറ്റാനായി സാമഗ്രികൾ കയറ്റിയ വാഹനം നാട്ടുകാർ തടഞ്ഞു. സ്ഥലത്തെത്തിയ മുസ്ലിം ലീഗ് നേതാക്കളുടേയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെയും നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്. എന്നാൽ, താനൂർ മേൽപാല നിർമാണത്തിന് ആവശ്യമില്ലാത്ത കമ്പികളാണ് ഇവിടെനിന്ന് കൊണ്ടുപോയതെന്നാണ് നിർമാണ ചുമതല വഹിക്കുന്നയാൾ നൽകുന്ന വിശദീകരണം. 16 ലക്ഷത്തിലേറെ രൂപ മൂല്യമുള്ള കമ്പിയാണ് നീക്കം ചെയ്തത്. ഷൊർണൂരിനടുത്തുള്ള വാടാനാംകുറിശ്ശിയിലെ റെയിൽവേ മേൽപാലം നിർമാണത്തിനായാണ് കമ്പികൾ മാറ്റിയത്.
തെയ്യാല മേൽപാലത്തിന് തൽക്കാലം ആവശ്യമില്ലാത്ത കമ്പികളായതുകൊണ്ടാണ് അവ സ്ഥലം മാറ്റിയതെന്ന് സൈറ്റ് ഇൻ ചാർജ് പറയുന്നുണ്ടെങ്കിലും താനൂരിൽ ആവശ്യമില്ലാത്ത കമ്പികൾ എന്തുകൊണ്ടാണ് താനൂരിൽ ഇറക്കിയതെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നാണ് സ്ഥലത്തെത്തിയ നേതാക്കൾ പറയുന്നത്. എന്തായാലും മേൽപാല നിർമാണ സ്ഥലത്തുനിന്നുള്ള നിർമാണ സാമഗ്രികളുടെ ഇടക്കിടെയുള്ള നീക്കംചെയ്യലിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി കെ.സലാം, നേതാക്കളായ എ.പി.മുഹമ്മദ് ശരീഫ്, ആബിദ് വടക്കയിൽ, സമീർ ചിന്നൻ, റഷീദ് വടക്കയിൽ, നിസാം താനൂർ, ഫാറൂക്ക് നടക്കാവ്, റജീഷ്, സാദിക്ക്, സൈതലവി, ജംഷിക്ക്, റഷീദ് എന്നിവരും വ്യാപാരികളുടെ പ്രതിഷേധത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂണിറ്റ് പ്രസിഡന്റ് എൻ.എൻ.മുസ്തഫ കമാൽ, സെക്രട്ടറി എം.സി.റഹീം ഭാരവാഹികളായ ബാബു കള്ളിയത്ത്, സഹീർ കാരാട് എന്നിവരും നേതൃത്യം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.