തിരുവനന്തപുരം: ഗുണ്ടാനേതാക്കളുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്.പി എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ആലപ്പുഴ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയാണ് സാബു.
ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സാബുവിനെതിരെ നടപടി. ൃ ക്രൈംബ്രാഞ്ച് സിവിൽ പൊലീസ് ഓഫിസർ ദീപക്, പൊലീസ് ഡ്രൈവർമാരായ അനീഷ്, ജോളിമോൻ എന്നിവരാും വിരുന്നിൽ പങ്കെടുത്തിരുന്നു. ജോളിമോൻ, ദീപക് എന്നിവരെ ആലപ്പുഴ ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടനേതാവ് തമ്മനം ഫൈസലും കൂട്ടാളികളും താമസിക്കുന്ന അങ്കമാലി പാറക്കടവ് പുളിയനത്തെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ട് ഡിവൈ.എസ്.പിയും പൊലീസുകാരും വിരുന്നിനെത്തിയത്.
വീട് സുഹൃത്തിന്‍റേതാണെന്ന് ഡിവൈ.എസ്.പി പൊലീസുകാരെ വിശ്വസിപ്പിച്ചെന്നാണ് വിവരം. പൊലീസ് സംഘം വീട്ടിലെത്തി അധികം കഴിയുംമുമ്പ് അങ്കമാലി എസ്.ഐ റോയിയും സംഘവും പരിശോധനക്കെത്തി. ഗുണ്ടകളെ പിടികൂടാനുള്ള ‘ഓപറേഷൻ ആഗി’ന്‍റെ ഭാഗമായായിരുന്നു പരിശോധന. പൊലീസ് എത്തിയതോടെ ഡിവൈ.എസ്.പി ശൗചാലയത്തിൽ ഒളിച്ചു. പൊലീസുകാർ ചിതറിയോടി. പൊലീസിന്‍റെ അടിയേൽക്കുമെന്ന് കണ്ടതോടെ, ഡിവൈ.എസ്.പിയും പൊലീസുകാരുമാണെന്ന് സംഘം വെളിപ്പെടുത്തുകയായിരുന്നു. മേയ് 31ന് ഡിവൈ.എസ്.പി സർവിസിൽ നിന്ന് വിരമിക്കുകയാണ്. നടപടി വന്നതോടെ യാത്രയയപ്പ് ചടങ്ങ് ഉപേക്ഷിച്ചു.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. നടപടി രണ്ട് പൊലീസുകാരിൽ ഒതുങ്ങിയതിൽ സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ഡിവൈ.എസ്.പി സാബുവിന്റെയും സസ്പെൻഷന് മുഖ്യമന്ത്രി നിർദേശിച്ചത്. നേരത്തേ നിരവധി ആരോപണങ്ങൾ നേരിട്ടയാളാണ് സാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.