തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തുന്ന ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം നടപ്പാക്കാന്‍ കരാര്‍ നല്കി റെയില്‍വേ. റെയില്‍ വികാസ് നിഗവും കെ റെയിലും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന് കരാര്‍ അനുവദിച്ച് ദക്ഷിണ മേഖല റെയില്‍വേ ഉത്തരവിറക്കി. 156.47 കോടി രൂപയുടേതാണ് കരാര്‍. 750 ദിവസത്തിനകം നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്നാണ് ഉത്തരവിലെ നിർദേശം.
103 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എറണാകുളം-വള്ളത്തോള്‍ നഗര്‍ പാതയിലാണ് ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം വരുന്നത്. സംവിധാനംവരുന്നതോടെ പാതയുടെ ശേഷി വര്‍ധിക്കും. ഇതോടെ ട്രെയിൻ സര്‍വിസുകളുടെ എണ്ണം കൂട്ടാന്‍ സാധിക്കും.
നിലവില്‍, അബ്സല്യൂട്ട് ബ്ലോക്ക് സിഗ്നലിങ് എന്ന സംവിധാനപ്രകാരമാണ് സംസ്ഥാനത്തെ റെയില്‍വേ ഗതാഗതം. ഇതുപ്രകാരം സ്റ്റേഷനുകളിലാണ് സിഗ്നല്‍ സംവിധാനം ഉണ്ടാകുക. അതിനാല്‍, ഓരോ സ്റ്റേഷനില്‍നിന്നും മാത്രമേ സിഗ്നല്‍ ലഭിക്കുകയുള്ളൂ. താൽക്കാലിക ഹാള്‍ട്ട് സ്റ്റേഷനുകളില്‍ സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമില്ല. അതിനാല്‍, ട്രെയിൻ ഒരു സ്റ്റേഷന് വിട്ടാല്‍ മാത്രമേ പിന്നില്‍നിന്ന് വരുന്ന ട്രെയിനിന് കടന്നുപോകാന്‍ സിഗ്നല്‍ ലഭിക്കുകയുള്ളൂ.
എന്നാല്‍, ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം വരുന്നതോടെ ഓരോ കിലോമീറ്ററിലും സിഗ്നല്‍ പോസ്റ്റുകള്‍ ഉണ്ടാകും. ഇതോടെ ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തിന്റെ വ്യത്യാസത്തില്‍ ട്രെയിനുകള്‍ കടത്തിവിടാന്‍ സാധിക്കും. ഗതാഗതത്തിരക്ക് കൂടിയ പാതകളിലാണ് ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തുക. സംസ്ഥാനത്ത് ഏറ്റവും തിരക്ക് കൂടിയ പാത ആയതിനാലാണ് എറണാകുളം-വള്ളത്തോള്‍ നഗര്‍ റൂട്ടില്‍ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.