തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയുംവിധം ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ് അനുവദിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ). ജൂലൈ 10ന് ചേർന്ന യോഗത്തിന്‍റെ തീരുമാനങ്ങളടങ്ങുന്ന മിനിട്സ് കഴിഞ്ഞ ദിവസമാണ് ഗതാഗത കമീഷണറേറ്റ് പുറത്തുവിട്ടത്. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്നാണ് എസ്.ടി.എ നിർദേശം. നിലവിൽ അതത് ജില്ലകളിൽ മാത്രം ഓടുന്നതിനാണ് പെർമിറ്റ്. ഒപ്പം സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാമെന്ന വാക്കാൽ അനുമതിയും. എസ്.ടി.എ തീരുമാനത്തോടെ കേരളത്തിൽ എവിടെയും ഇനി ഓട്ടോറിക്ഷകൾക്ക് ഓട്ടം പോകാം. ജില്ല കടമ്പകളോ കിലോമീറ്റർ പരിമിതിയോ ഇല്ല.
സാങ്കേതിക സൗകര്യം ഒട്ടുമില്ലാത്ത പഴയകാല ഓട്ടോകൾ നിരത്തിലുണ്ടായിരുന്ന കാലത്താണ് പെർമിറ്റുകൾ ജില്ല അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തിയത്. ഇപ്പോഴുള്ള ഓട്ടോകളെല്ലാം അത്യാധുനിക സംവിധാനങ്ങളുള്ളതായതിനാൽ പെർമിറ്റ് സംസ്ഥാന അടിസ്ഥാനത്തിലാക്കണമെന്നായിരുന്നു എസ്.ടി.എക്ക് മുന്നിലെത്തിയ ആവശ്യം. കണ്ണൂർ മാടായി സി.ഐ.ടി.യു ഏരിയ കമ്മിറ്റിയാണ് ഇതിന് അപേക്ഷ നൽകിയത്. അനൗദ്യോഗിക അജണ്ടയായിട്ടും എസ്.ടി.എ യോഗം ഇതിന് പച്ചക്കൊടി കാട്ടുകയായിരുന്നു. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റൽ സംബന്ധിച്ച സർക്കാർ അജണ്ട നിരസിച്ച് സാഹചര്യത്തിൽ കൂടിയാണ് അനൗദ്യോഗിക അജണ്ടക്ക് പരിഗണന കിട്ടിയത്.
പഴയകാല ഓട്ടോകളിൽ ഡ്രൈവറുടെ സീറ്റിന് താഴെയായാണ് എൻജിൻ. ഒരു മണിക്കൂർ ഓടുമ്പോഴേക്കും എൻജിൻ ചൂടായി വാഹനം നിർത്തിയിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതത് ജില്ലകളിൽ പെർമിറ്റ് പരിമിതപ്പെടുത്തിയത്. ഇപ്പോളിറങ്ങുന്ന ഓട്ടോകൾക്ക് തുടർച്ചയായി എട്ട് മണിക്കൂർ വരെ ഓടിക്കാൻ കഴിയുമെന്ന് തൊഴിലാളികൾ പറയുന്നു.
സംസ്ഥാന പെർമിറ്റിന് തടസ്സമുണ്ടെങ്കിൽ അയൽ ജില്ലകളിൽ 30 കിലോമീറ്റർ വരെ ഓടാൻ അനുവദിക്കണമെന്ന ആവശ്യവും രേഖാമൂലം എസ്.ടി.എയുടെ മുന്നിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.