ചാവക്കാട്: പൊലീസിനെ ആക്രമിച്ച കേസിൽ സ്റ്റേഷനിൽ ഹാജരായ അവതാർ ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം തൃത്താല ഊരത്തൊടിയിൽ അബ്ദുള്ളയാണ് (57) ചാവക്കാട് പൊലീസിനെ ആക്രമിച്ച് ഓടിയ കേസിൽ സ്റ്റേഷനിൽ അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ചാവക്കാട് സ്റ്റേഷനിൽ അവതാർ ജ്വല്ലറിക്കെതിരെയുള്ള പതിനഞ്ചോളം കേസുകളിൽ പ്രതിയായ അബ്ദുള്ള തൃശൂർ ജില്ലാ കോടതിയിൽ നിന്ന് മൂൻകൂർ ജാമ്യം നേടിയ ശേഷമാണ് ചാവക്കാട് സ്റ്റേഷനിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻറെ മുൻപാകെ ഹാജരാകണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇദ്ദേഹം എസ്.എച്ച്.ഒ അനിൽ ടി മേപ്പിള്ളിയുടെ ഓഫീസിലെത്തിയത്. എന്നാൽ ഇദ്ദേഹത്തിനെതിരേയുള്ള കേസുകളുടെ ഫയുകൾ പരിശോധിച്ച് കഴിഞ്ഞ പൊലീസ് സമീപ സ്റ്റേഷനുകളിൽ പരാതികളുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഇതിൽ കുന്നംകുളം സ്റ്റേഷനിൽ ഇയാൾക്കെതിരെ വാറണ്ട് ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
അതിനാൽ കുന്നംകുളം പൊലീസ് എത്തുന്നതു കാത്ത് സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് സി.പി.ഒമാരുടെ കൂടെ പറഞ്ഞയക്കുന്നതിനിടയിലാണ് അവരെ തള്ളിമാറ്റി റോഡിലേക്ക് ഓടിയത്. ഈ സമയം അബ്ദുള്ള സ്റ്റേഷനിലേക്ക് എത്തിയ കാർ പുറത്ത് കാത്തു നിന്നിരുന്നു. സ്റ്റേഷനിൽ നിന്ന് അൻപതോളം മീറ്റർ അകലമുള്ള വടക്കേ ബൈപ്പാസ് ഭാഗത്തേക്ക് ഓടിയ അബ്ദുള്ള മുന്നിലും പിന്നിൽ പൊലീസുകാരായ നന്ദനും ശരത്തും ഓടുന്നതിനിടയിൽ അവർക്ക് പിന്നാലെ കാറുമെത്തി. അബ്ദുള്ളയെ പിടിക്കുമെന്നായപ്പോൾ പൊലീസുകാരെ കാറിടിച്ച് വീഴ്ത്തിയെന്നാണ് കേസ്.
അബ്ദുല്ല കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു. പൊലീസുകാരായ ശരത്ത്, നന്ദൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്. കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്താണ് അബ്ദുള്ള ബുധനാഴ്ച്ച സ്റ്റേഷനിൽ ഹാജരായത്. നടപടിക്കൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.