പായിപ്പാട് പക്ഷിപ്പനി: 18,000 താറാവുകളെ കൊലപ്പെടുത്തും; മേഖലയിൽ പക്ഷി, മുട്ട വിൽപന നിരോധിച്ചു

കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പുത്തൻപുരയിൽ ഔസേപ്പ്‌ മാത്യു എന്നയാൾ വളർത്തിയ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.

18000 താറാവുകളെയാണ് ഇവിടെ വളർത്തിയിരുന്നത്. അഞ്ചരമാസം പ്രായമുള്ളവയാണ്. ഇവയടക്കം രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു.

മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമസംഘമാണ് പക്ഷികളെ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കുക. കേന്ദ്ര സർക്കാരിന്റെ 2021ലെ നിർദേശങ്ങൾ പ്രകാരമാണ് സംസ്‌കരണനടപടി. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ പക്ഷികളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു.

ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന പായിപ്പാട് പഞ്ചായത്തിലെ മറ്റുവാർഡുകളിലും ചങ്ങനാശേരി നഗരസഭയിലും വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലും വ്യാഴാഴ്ച (മേയ് 30) മുതൽ ജൂൺ രണ്ടു വരെ നാലു ദിവസത്തേക്ക് പക്ഷികളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കളക്‌ട്രേറ്റിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. മൃഗസംരക്ഷവകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, പൊലീസ്, വനം, ആരോഗ്യം, അഗ്‌നിരക്ഷാ സേന, മോട്ടോർവാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കലക്ടർ നിർദേശം നൽകി.



Tags:    
News Summary - Avian flu confirmed in Kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.