കോൺഗ്രസ് പിന്തുണച്ചു; അവിണിശ്ശേരിയിൽ ഭരണം വീണ്ടും എൽ.ഡി.എഫിന്​, ഇന്ന്​ രാജി, അധികാരം ബി.ജെ.പിയിലേക്ക്

ചേർപ്പ്: കഴിഞ്ഞ തവണ ബി.ജെ.പി ഭരിച്ചിരുന്ന അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്​ ഭരണം പിടിച്ചെടുത്ത് എൽ.ഡി.എഫ്. ബി.ജെ.പി ഭരണത്തിലെത്തുന്നത് ഒഴിവാക്കാൻ എൽ.ഡി.എഫിനെ കോൺഗ്രസ് പിന്തുണച്ചു. അതേസമയം, എൽ.ഡി.എഫ്-യു.ഡി.എഫ് കൂട്ടുകെട്ടിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. യു. ഡി.എഫി​െൻറ വോട്ടുനേടി വിജയിച്ച പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​ പദവികൾ എൽ.ഡി.എഫ്​ വ്യാഴാഴ്ച രാജിവെക്കും.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് യു.ഡി.എഫ് അംഗങ്ങൾ വോട്ട് ചെയ്യുകയായിരുന്നു. എന്നാൽ, കോൺഗ്രസ്‌ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എൽ.ഡി.എഫി​െൻറ പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആദ്യ തെരഞ്ഞെടുപ്പിന് സമാനമായി എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൽ.ഡി.എഫിലെ സി.പി.എം അംഗം എ.ആർ. രാജുവായിരുന്നു പ്രസിഡൻറ്​ സ്ഥാനാർഥി. എൽ.ഡി.എഫിലെ അഞ്ചുപേരും യു.ഡി.എഫിലെ മൂന്നുപേരും വോട്ട്​ ചെയ്തപ്പോൾ എട്ട് വോട്ടോടെ രാജു വിജയിച്ചു.

വൈസ് പ്രസിഡൻറ്​ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഇരുമുന്നണികളും ഇതേ നിലപാടിൽ തന്നെയായിരുന്നു. സി. പി.ഐയിലെ ഇന്ദിര ജയകുമാറായിരുന്നു സ്ഥാനാർഥി. യു.ഡി.എഫിലെ മൂന്ന് അംഗങ്ങളും വോട്ട് ചെയ്തതോടെ ഇന്ദിര ജയകുമാർ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. അവിണിശ്ശേരി പഞ്ചായത്തിൽ ആകെയുള്ള 14 സീറ്റുകളിൽ ബി.ജെ.പി- ആറ്, എൽ.ഡി.എഫ്-അഞ്ച്, യു.ഡി.എഫ്- മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.

ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും നിയമസഭ ​െതരഞ്ഞെടുപ്പി​െൻറ ട്രയൽ റൺ ആണെന്നും ബി.ജെ.പി വിമർശിച്ചു. അതേസമയം, സുസ്ഥിരമായ പഞ്ചായത്ത്‌ ഭരണത്തിനാണ് എൽ.ഡി.എഫിനെ പിന്തുണച്ചതെന്നാണ് യു.ഡി.എഫ്​ നിലപാട്. എന്നാൽ, ആദ്യ തെരഞ്ഞെടുപ്പിലെ സാഹചര്യം തന്നെയാണ് ഇപ്പോഴുമുണ്ടായതെന്നതിനാൽ സ്ഥാനമൊഴിയാനാണ് എൽ.ഡി.എഫ്​ തീരുമാനം. യു.ഡി.എഫ് വോട്ടുനേടി സ്ഥാനങ്ങൾ സ്വീകരിക്കില്ലെന്നത് നയപരമായ തീരുമാനമാണെന്നും പദവികൾ രാജിവെക്കുമെന്നും കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ഇരുവരും വ്യാഴാഴ്ച പദവികൾ രാജിവെക്കും. രാജിവെക്കുന്നതിലൂടെ വീണ്ടും അധികാരം ബി.ജെ.പിയിലേക്ക് തന്നെയെത്തും.

വീണ്ടും ഭരണപ്രതിസന്ധി

തൃശൂർ: യു.ഡി.എഫി​െൻറ പിന്തുണയിൽ പദവികൾ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടി​െൻറ ഭാഗമായി വീണ്ടും പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​ പദവികൾ രാജിവെക്കുന്നതിലൂടെ അവിണിശ്ശേരി പഞ്ചായത്ത്​ വീണ്ടും ഭരണപ്രതിസന്ധിയിലേക്ക്​. സാമ്പത്തികവർഷാവസാനമായതും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്​. സ്​റ്റാൻഡിങ് കമ്മിറ്റികൾ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പ്രസിഡൻറും വൈസ് പ്രസിഡൻറുമില്ലാതെ ബജറ്റ് അവതരണത്തിന് സാങ്കേതികവും നിയമപരവുമായ തടസ്സമുണ്ട്.

വൈസ് പ്രസിഡൻറിനാണ്​ ധനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റിയുടെ ചുമതല. ആദ്യ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്​, വൈസ് പ്രസിഡൻറുമാർ രാജിവെച്ചതോടെ ആക്ടിങ് പ്രസിഡൻറായി മുതിർന്ന അംഗത്തെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നീടാണ് പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പ് ബുധനാഴ്ചയിലേക്ക് തീരുമാനിച്ചത്. ഇനി തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ആറു മാസമെടുക്കും.

ഇത് പഞ്ചായത്തി​െൻറ പദ്ധതിപ്രവർത്തനങ്ങളെ ബാധിക്കും. ബജറ്റ് അവതരണത്തിനുൾപ്പെടെ കഴിയില്ലെന്നത് വലിയ ചർച്ചയിലേക്കാണ് നീങ്ങുന്നത്. രാഷ്​ട്രീയനിലപാടെന്ന് ഇടതുമുന്നണി പറയുമ്പോൾ, രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തുണ്ട്​.

Tags:    
News Summary - avinissery panchayat , ldf, udf issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.