പാലക്കാട്: പാലക്കാട് നഗരസഭയിൽ ബി.ജെ.പി അംഗങ്ങളുടെ സഹകരണത്തോടെ സി.പി.എം ഭരിച്ച കാലത്ത് ബാബരി മസ്ജിദ് പൊളിച്ചതിലുള്ള പ്രതിഷേധ പ്രമേയം ചർച്ചക്കെടുക്കാതെ തള്ളിയെന്ന് വെളിപ്പെടുത്തൽ. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തപ്പോൾ നഗരസഭ കൗൺസിലിൽ പ്രമേയം അവതരിപ്പിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും വിഷയം തള്ളുകയായിരുന്നെന്ന് ബി.ജെ.പി മുൻ ജില്ല ജനറൽ സെക്രട്ടറിയും ഇപ്പോൾ ബി.ജെ.പി കൗൺസിലറുമായ എൻ. ശിവരാജനാണ് വെളിപ്പെടുത്തിയത്. 1991 ആഗസ്റ്റ് ഒമ്പതിന് പാലക്കാട് നഗരസഭയിൽ നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജില്ല പ്രസിഡന്റിനോട് പ്രതിപക്ഷ നേതാവായിരുന്ന എം.എസ്. ഗോപാലകൃഷ്ണൻ സഹായം അഭ്യർഥിച്ച് കത്ത് നൽകിയ കാര്യം ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. 1988ൽ നടന്ന നഗരസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 36 സീറ്റിൽ കോൺഗ്രസ്- ലീഗ് സഖ്യം 18 സീറ്റ് നേടിയാണ് ഭരണം പിടിച്ചെടുത്തത്. സി.പി.എം-11, ബി.ജെ.പി-6, സ്വതന്ത്രൻ-1 എന്നിങ്ങനെയായിരുന്നു മറുഭാഗത്തെ കക്ഷിനില.
എൻ.എ. കരീം ചെയർമാനായി ഭരണം തുടരുന്നതിനിടെ 1991 ജൂലൈയിൽ അദ്ദേഹം നിര്യാതനായി. തുടർന്ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിലാണ് പ്രതിപക്ഷ നേതാവായിരുന്ന എം.എസ്. ഗോപാലകൃഷ്ണൻ ബി.ജെ.പി ജില്ല പ്രസിഡന്റായിരുന്ന ടി. ചന്ദ്രശേഖരനോട് സഹായം തേടിയത്. രേഖാമൂലം കത്ത് ആവശ്യപ്പെട്ടതു പ്രകാരം ഗോപാലകൃഷ്ണൻ എഴുതിനൽകുകയായിരുന്നെന്ന് എൻ. ശിവരാജൻ ഓർക്കുന്നു. അന്ന് സി.പി.എം ഏരിയ സെക്രട്ടറി എൻ.എൻ. കൃഷ്ണദാസും ജില്ല സെക്രട്ടറി ടി. ശിവദാസമേനോനുമായിരുന്നു. അവരാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നില്ല.
ആഗസ്റ്റ് ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ 35 അംഗങ്ങളിൽ 33 അംഗങ്ങൾ വോട്ട് ചെയ്തു. അതിൽ 17 വോട്ടുകൾ എം.എസ്. ഗോപാലകൃഷ്ണന് ലഭിച്ചു. പി.പി. ഡൊമിനിക് 16 വോട്ട് നേടി. ഒരു വോട്ട് അസാധുവായി. ഫലപ്രഖ്യാപനവും വിവാദമായിരുന്നു. X ചിഹ്നത്തിന് പകരം ഉപയോഗിച്ച ചിഹ്നം നിയമനടപടിയിലൂടെ എം.എസ്. ഗോപാലകൃഷ്ണന് അനുകൂലമായതും പിന്നീട് ആ ട്രൈബ്യൂണൽ ഉത്തരവ് ഹൈകോടതി തടഞ്ഞതും അക്കാലത്ത് വിവാദമായിരുന്നു.
ലീഗും ജനസംഘവും ചേർന്നും നഗരസഭ ഭരിച്ചു
പാലക്കാട്: 1968ൽ ആർ.എസ്.എസിന്റെ രാഷ്ട്രീയ മുഖമായിരുന്ന ഭാരതീയ ജനസംഘം മുസ്ലിം ലീഗുമായി ചേർന്ന് പാലക്കാട് നഗരസഭ ഭരിച്ചതും ചരിത്രം. നഗരസഭയിലെ 28 സീറ്റിൽ ജനസംഘം-ഏഴ്, മുസ്ലിം ലീഗ്-ആറ് എന്നിങ്ങനെ കക്ഷിനിലയിലുണ്ടായിരുന്ന സമയത്താണ് പി.എസ്. ലക്ഷ്മിനാരായണ അയ്യർ ചെയർമാനും കെ. ബാലകൃഷ്ണൻ വൈസ് ചെയർമാനുമായി മുസ്ലിം ലീഗിന്റെ പിന്തുണയോടെ ഭരണം നടന്നത്. ലീഗ് നേതാവ് പി.എ. അഹമ്മദ് ഇബ്രാഹിം പറക്കുന്നുമായിരുന്നു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. മലപ്പുറം ജില്ല രൂപവത്കരണ വിരുദ്ധ സമരസമിതി ജില്ല കൺവീനർ കൂടിയായിരുന്നു വൈസ് ചെയർമാൻ കെ. ബാലകൃഷ്ണനെന്ന് ബി.ജെ.പി കൗൺസിലർ എൻ. ശിവരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സി.പി.എം മാത്രമല്ല ലീഗും ബി.ജെ.പിക്ക് അസ്പർശ്യരായിരുന്നില്ലെന്നും എൻ. ശിവരാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.