നവീൻ കുറ്റസമ്മതം നടത്തിയെന്ന് കലക്ടർ നുണ പറയുന്നു; കലക്ടറേറ്റിലെ ആരും വിശ്വസിക്കില്ല -മഞ്ജുഷ

പത്തനംതിട്ട: കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയൻ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയിൽ പറയുന്നത് നുണയാണെന്ന് ഭാര്യ മഞ്ജുഷ. എ.ഡി.എം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണ്. സഹപ്രവര്‍ത്തകരോട് ഒരിക്കലും സൗഹാര്‍ദ്ദപരമായി പെരുമാറാത്ത കലക്ടറോട് നവീന്‍ബാബു ഒന്നും തുറന്നു പറയില്ലെന്ന് ഉറപ്പാണ്. കലക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.

കലക്ടറോട് നവീൻ എന്തെങ്കിലപം തുറന്നു പറഞ്ഞെന്ന് കണ്ണൂര്‍ കലക്ടറേറ്റിലെ ആരും വിശ്വസിക്കാന്‍ സാധ്യതയില്ല. കേസില്‍ നിയമപരമായി എല്ലാ സാധ്യതയും തേടും. വിഷയത്തില്‍ ശക്തമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് മഞ്ജുഷ പറഞ്ഞു. കലക്ടറുമായി ആദ്യം മുതലേ സുഖകരമല്ലാത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്നും മാറാന്‍ നവീന്‍ബാബു ആഗ്രഹിച്ചുവെന്നും കുടുബം സൂചിപ്പിച്ചു.

നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതി അടക്കം ആരാണ് ഉണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാന്‍ പ്രശാന്തന്റെ പങ്ക് അന്വേഷിക്കണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രശാന്തനും ദിവ്യയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. കൈക്കൂലി നല്‍കിയെന്നു പറഞ്ഞ പ്രശാന്തനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. പമ്പുമായി ബന്ധപ്പെട്ട ബെനാമി ഇടപാടുകള്‍ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്ന് നവീന്റെ കുടുംബം പറഞ്ഞു.

യാത്രയയപ്പ് ദിവസം കളക്ടറോട് നവീൻ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട് പറഞ്ഞത്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ അരുണ്‍ കെ. വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. തെറ്റ് പറ്റിയെന്ന് എ.ഡി.എം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    
News Summary - Naveen Babu's wife take stand against Kannur Collector Arun K Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.