ആലപ്പുഴ: വേമ്പനാട് കായൽ മലിനീകരണത്തിന്റെ പേരിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലയിലെ 18 തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കും.വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ച 10 കോടി രൂപ പിഴ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി.
ആലപ്പുഴ നഗരസഭ 12.25 കോടി രൂപയും ചേർത്തല നഗരസഭ 3.5 കോടിയും പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടിസ് നൽകി. കായലിന്റെ തീരത്തുള്ള 16 പഞ്ചായത്തുകൾക്കു കൂടി ഉടൻ നോട്ടിസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.
അരൂക്കുറ്റി, ആര്യാട്, കോടന്തുരുത്ത്, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കൈനകരി, കുത്തിയതോട്, അരൂർ, മണ്ണഞ്ചേരി, മുഹമ്മ, പാണാവള്ളി, പെരുമ്പളം, തുറവൂർ, വയലാർ, തൈക്കാട്ടുശ്ശേരി, തണ്ണീർമുക്കം പഞ്ചായത്തുകളിൽ നിന്നാണ് പിഴ ഈടാക്കുക. കായലുകളിലെ മലിനീകരണം തടയാൻ ഈ തദ്ദേശ സ്ഥാപനങ്ങൾ എടുത്ത നടപടികൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടി.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാനദണ്ഡം അനുസരിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പിഴത്തുക നിർണയിക്കുന്നതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു. തദ്ദേശ സ്ഥാപന പരിധിയിൽ നിന്ന് കായലുകളിലേക്ക് തുറക്കുന്ന ഓരോ ഓവുചാലിനും ഒരു മാസത്തേക്ക് അഞ്ചു ലക്ഷം രൂപ എന്ന കണക്കിലാണ് പിഴയിട്ടത്.
സംസ്ഥാന സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ച 10 കോടി രൂപ അടക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് 200 കോടിയോളം രൂപയാണ് പിരിച്ചെടുക്കാൻ ഒരുങ്ങുന്നത്.കായലുകളിലെ മലിനീകരണം തടയാൻ നടപടിയെടുക്കണമെന്നു ഹരിത ട്രൈബ്യൂണൽ ആദ്യം നിർദേശം നൽകിയ 2020 ഏപ്രിൽ മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവാണു പിഴ നിശ്ചയിക്കാൻ അടിസ്ഥാനമാക്കിയത്.
വേമ്പനാട് കായൽ മലിനീകരണത്തിന്റെ പേരിൽ മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ച പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അതിനിടെ ആലപ്പുഴ നഗരസഭ ബോർഡിന് മറുപടി നൽകി. കായൽ മലിനമാകുന്നത് തടയാൻ നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണിത്. ശുചിമുറി മാലിന്യവും ഹോട്ടലുകളിൽ നിന്നുള്ള മാലിന്യവും കായലിലേക്കു ഒഴുകുന്നതു തടഞ്ഞിട്ടുണ്ട്. കായലുകളിലേക്ക് തുറക്കുന്ന ഓവുചാലുകൾ അഴുക്കു നിറഞ്ഞതല്ലെന്നും നഗരസഭ നൽകിയ മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.