കടയ്ക്കൽ: സൈനികന്റെ ദേഹത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന വ്യാജ പരാതിക്കേസിൽ പ്രതികൾക്ക് ജാമ്യം. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സൈനികനായ ഇട്ടിവ സ്വദേശി ബി.എസ് ഭവനില്‍ ഷൈൻ, സുഹൃത്ത് ജോഷി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കടയ്ക്കൽ കോടതിയിലെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അവധിയിലായതിനാൽ പകരം ചുമതലയുള്ള പുനലൂർ കോടതിയിലെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറെ കഴിഞ്ഞ ദിവസം ഓൺലൈനായി കേട്ട ശേഷമാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്.
രാജസ്ഥാനിലെ ജയ്സാൽമീർ 751 ഫീൽഡ് വർക്ഷോപ്പിൽ സൈനികനാണ് ചാണപ്പാറ ബി.എസ് നിവാസിൽ ഷൈൻകുമാർ. ഒരുമാസം മുമ്പാണ് ഷൈൻ അവധിക്ക് നാട്ടിലെത്തിയത്. കഴിഞ്ഞ 24ന് രാത്രി സുഹൃത്തിന് പണം കൊടുക്കാൻ പോകവെ ചാണപ്പാറക്കും മുക്കടക്കും ഇടയിലെ ആളൊഴിഞ്ഞ വഴിയിൽ കുറച്ചുപേരെ കാണുകയും ബൈക്ക് നിർത്തി കാര്യം തിരക്കവെ അവർ ഇടവഴിയിലേക്ക് വിളിച്ചുകൊണ്ടുപോയി തന്നെ മർദിക്കുകയും വസ്ത്രം വലിച്ചുകീറി മുതുകത്ത് പി.എഫ്.ഐ എന്ന് എഴുതുകയും ചെയ്തതായി പരാതിപ്പെട്ടാണ് ഷൈൻ രംഗത്തെത്തിയത്.
സംഭവം ദേശീയ മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായി. ഷൈനിനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. എന്നാൽ, കേസ് വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
സൈനികനായ ഷൈൻ പറഞ്ഞതനുസരിച്ചാണ് പുറത്ത് പി.എഫ്.ഐ എന്നെഴുതിയതെന്ന് സുഹൃത്ത് ജോഷി മൊഴി നൽകിയതോടെ 26ന് ഇരുവരും അറസ്റ്റിലായി. മുതുകിൽ പി.എഫ്.ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും ജോഷിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. റിമാൻഡ് ചെയ്ത പ്രതികളെ തെളിവെടുക്കുന്നതിന് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
15 വർഷം മുമ്പാണ് ഷൈൻ സൈന്യത്തിൽ ചേർന്നത്. മൂന്ന് വർഷംകൂടി കഴിഞ്ഞാൽ വിരമിക്കാമായിരുന്നു. കേസിൽ രാജ്യദ്രോഹം അടക്കം വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നെങ്കിലും ഗൂഢാലോചന അടക്കം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.