‘മിന്നൽ മുരളി’യുടെ സെറ്റ് പൊളിച്ച് ബജ്റംഗദളിന്‍റെ സ്വാഭിമാന സംരക്ഷണം; വ്യാപക പ്രതിഷേധം 

കൊച്ചി: ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് സിനിമ ‘മിന്നൽ മുരളി’യുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ കൂറ്റൻ സെറ്റ് ബജ്റംഗദൾ പ്രവർത്തകർ തകർത്തു. സിനിമയുടെ അണിയറ പ്രവർത്തകർ മാസങ്ങളെടുത്ത് തയാറാക്കിയ കൂറ്റൻ കെട്ടിടത്തിന്‍റെ സെറ്റാണ് ഞായറാഴ്ച തകർത്തത്. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

അഖിലകേരള ഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകർത്ത കാര്യം ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ സഹിതം അറിയിച്ചത്.
കാലടി മണപ്പുറത്ത് ക്ഷേത്രത്തിന് മുന്നിൽ സെറ്റിട്ടപ്പോൾ തന്നെ തങ്ങൾ എതിർത്തതാണെന്നും സ്വാഭിമാനം സംരക്ഷിക്കാനായാണ് സെറ്റ് തകർത്തതെന്നും ഹരി പാലോട് അവകാശപ്പെട്ടു. രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്‍റ് മലയാറ്റൂർ രതീഷിന്‍റെ നേതൃത്വത്തിലാണ് സെറ്റ് തകർത്തതെന്നും ചിത്രങ്ങൾ സഹിതം വിശദീകരിക്കുന്നുണ്ട്. 

ക്ഷേത്രത്തിന് മുന്നിൽ കെട്ടിയത് പള്ളിയാണെന്നും അതിനാലാണ് തങ്ങൾ പൊളിച്ചുമാറ്റിയതെന്നും ഹരി പാലോട് കമന്‍റുകൾക്ക് മറുപടിയായി വിശദീകരിക്കുന്നുമുണ്ട്.

കാലടി മണപ്പുറത്ത് മഹാദേവന്‍റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികൾ നൽകിയിരുന്നു. യാജിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്‍റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ -ഹരി പാലോട് ഫേസ്ബുക്കിൽ എഴുതി. 

സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു. തങ്ങളുടെ സ്വപ്നമാണ് ചിലർ തകർത്തതെന്ന് മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫ് പറഞ്ഞു. ലോക്ഡൗൺ കാരണമാണ് ഷൂട്ടിങ് നീണ്ടുപോയത്. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനമായിരുന്നു. 

രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട്ട് ഡയറക്ടറും സംഘവും പൊരിവെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെർമിഷനുകളും ഉണ്ടായിരുന്നതാണ്. കേരളത്തിൽ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ബേസിൽ ജോസഫ് പറഞ്ഞു. 

 

Full View

സെറ്റ് തകർത്തതിനേക്കാൾ ഞെട്ടലുണ്ടാക്കുന്നതാണ് അതിന്‍റെ കാരണമെന്ന് നടൻ അജു വർഗീസ് ഫേസ്ബുക്കിൽ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയതാണ് സെറ്റ്. ഇതൊക്കെ എങ്ങനെ തോന്നുന്നുവെന്നും അജു വർഗീസ് ചോദിച്ചു. 

 

Full View
Tags:    
News Summary - bajrangdal demolish minnal murali movie set -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.