കൊച്ചി: യുവതി നൽകിയ ബലാത്സംഗ പരാതി വ്യാജമെന്ന പൊലീസ് റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാർ. നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞു. തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് യുവതി പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊക്കെ നടന്നത് കേരളത്തിലാണെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. നിരപരാധിത്വം തെളിയുന്ന പൊലീസ് റിപ്പോർട്ട് വന്നതിൽ സന്തോഷം. ജീവിതത്തിൽ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ആളാണ് തനിക്കെതിരെ പരാതി നൽകിയത്. ദിലീപിനെതിരെ ആരോപണം ഉയർത്തിയതിനുശേഷമാണ് ഇത്തരം കേസുകൾ ഉണ്ടായതെന്നും തന്നോട് ശത്രുതയുള്ള ആളുകൾ ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു. സത്യം തെളിയുന്നതുവരെ നിയമപരമായി ഏതറ്റം വരെയും പോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2010ൽ സംവിധായകൻ ബാലചന്ദ്രകുമാർ തന്നെ പീഡിപ്പിച്ചു എന്ന് കണ്ണൂര്‍ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതി വ്യാജമാണെന്നും കേസിൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.