തിരുവനന്തപുരം: ഫ്ലോട്ടിങ് സംവരണം നിര്‍ത്തലാക്കുന്നത് പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശം അട്ടിമറിച്ച് അവരുടെ പ്രാതിനിധ്യം ഇല്ലാതാക്കാനുള്ള ഇടതു സർക്കാരിൻ്റെ ആസൂത്രിത നീക്കത്തിൻ്റെ ഭാഗമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി. ഈ നീക്കത്തിലൂടെ സംവരണീയ വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങൾ ഗണ്യമായി നഷ്ടപ്പെടും. കഴിഞ്ഞ വർഷം സർക്കാർ മെഡിക്കൽ കോളജുകളിൽ ഫ്ളോട്ടിങ് സംവരണത്തിലൂടെ 174 സീറ്റുകളാണ് ലഭിച്ചത്.
വിദ്യാഭ്യാസ- തൊഴിൽ രംഗത്ത് അർഹമായ പ്രാതിനിധ്യം പോലും ലഭിക്കാത്ത പിന്നാക്ക വിഭാഗങ്ങളെ വീണ്ടും പിന്നിലേക്ക് തള്ളുന്നതാണ് പുതിയ നടപടി. മെറിറ്റിലും സംവരണത്തിലും സീറ്റിന് അര്‍ഹതയുള്ളവന് മെച്ചപ്പെട്ട കോളജിലേക്ക് പോകുവാനും അതുവഴി ആ സമുദായത്തിന് ഉണ്ടായേക്കാവുന്ന സംവരണ സീറ്റ് നഷ്ടം ഒഴിവാക്കുവാനുമാണ് ഫ്ലോട്ടിങ് സംവരണം എന്ന ആശയം നടപ്പാക്കിയത്.
ഭരണഘടനാനുസൃമായി പിന്നാക്ക വിഭാഗത്തിന് അനുവദിച്ച് കിട്ടിയ ഒരു അനുകൂല്യം ആവശ്യമായ പഠനമോ ചര്‍ച്ചകളോ നടത്താതെ പിന്‍വലിക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമം നടത്തുന്നത് ഇത് രണ്ടാം തവണയാണ്. 2019 ല്‍ നടപ്പാക്കുവാന്‍ സാധിക്കാതിരുന്നത് സൂത്രത്തില്‍ നടപ്പാക്കുവാനാണ് വീണ്ടും സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളീയ പൊതു സമൂഹത്തെ പ്രതിനിധീകരിക്കുന്ന സർക്കാരല്ല, മുന്നാക്ക വിഭാഗങ്ങളെ മാത്രം പ്രതിനിധീകരിക്കുന്ന സർക്കാരാണിതെന്ന സാക്ഷ്യപ്പെടുത്തൽ കൂടിയാണ്.
പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ഥിയുടെ മെറിറ്റ് സീറ്റ് ഉപേക്ഷിച്ചുവേണം സംവരണ സീറ്റിലേക്കു മാറുവാന്‍ തന്മൂലം ആ സമുദായത്തില്‍പ്പെട്ട ഒരു വിദ്യാര്‍ഥിക്കു കൂടി അഡ്മിഷന്‍ കിട്ടാനുള്ള അവസരം നഷ്ടമാകും. മുന്നാക്ക സംവരണം നടപ്പാക്കിയതിലൂടെ സംവരണ വിഭാഗങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയ, സര്‍ക്കാര്‍ ഈ നീക്കത്തിലൂടെയും അവരെ പിന്‍തള്ളാനാണ് ശ്രമിക്കുന്നത്. ഭരണഘടനാ വിരുദ്ധ സാമ്പത്തിക സംവരണം നടപ്പാക്കിയവർ സാമൂഹിക സംവരണ വിഷയത്തിൽ കാണിക്കുന്ന അട്ടിമറി വംശീയതയും വിവേചന ന്യമാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സവർണ വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള ഗൂഢതന്ത്രമാക്കാതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫ്ലോട്ടിങ് സംവരണം റദ്ദാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.