പെൺകുട്ടികൾക്ക് വിലക്ക്; പ്രശ്നം ലജ്ജയെന്ന് ജിഫ്രി തങ്ങൾ

കോഴിക്കോട്: മദ്റസ പരിപാടിയില്‍ പെൺകുട്ടിയെ പുരസ്‌കാരം ഏറ്റുവാങ്ങാൻ ക്ഷണിച്ചപ്പോൾ സമസ്ത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാർ സംഘാടകരെ അധിക്ഷേപിച്ചത്, ലജ്ജയുണ്ടാകുന്ന പെൺകുട്ടികളെ വേദിയിൽ കയറ്റി വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

മുതിർന്ന പെൺകുട്ടികളെ വേദിയിൽ കയറ്റരുതെന്നത് സമസ്തയുടെ 100 വർഷത്തെ പാരമ്പര്യനിലപാടാണെന്ന് സമസ്ത ജന. സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാരും സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാരും. പെൺകുട്ടിയെ അപമാനിച്ചെന്ന പ്രശ്നം വിവാദമായി ദിവസങ്ങൾ പിന്നിട്ടശേഷം ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു നേതാക്കൾ. ഒരു കുട്ടിയെയും സമസ്ത അപമാനിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. പത്താം ക്ലാസിലെ വിദ്യാർഥിനിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ ആ കുട്ടിയുടെ മുഖത്ത് ലജ്ജ പ്രകടമായി. പെൺകുട്ടികൾക്ക് പ്രയാസമുണ്ടാക്കുമെന്ന് മനസ്സിലാക്കിയാണ് ഇനി കുട്ടികളെ വേദിയിലേക്ക് വിളിക്കേണ്ടെന്ന് എം.ടി. അബ്ദുല്ല മുസ്‍ലിയാർ നിർദേശിച്ചത്.

പ്രത്യേക ശൈലിയിൽ പറഞ്ഞത് അദ്ദേഹത്തിന്റെ പ്രകൃതമാണ്. ഇതിനെ എന്തോ വലിയ ഭീകരപ്രവർത്തനമെന്ന രീതിയിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. പ്രസ്തുത കുട്ടിക്കോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ ഇതുസംബന്ധിച്ച് പരാതിയില്ല. ബാലാവകാശ കമീഷൻ കേസെടുത്തത് സ്വാഭാവിക നടപടിയാണ്. നിലപാടിനെ വിമർശിച്ച ഗവർണർക്ക് ഇതുസംബന്ധിച്ച നിയമങ്ങൾ അറിയുമോ എന്ന് തങ്ങൾക്കറിയില്ല. സമസ്ത രാജ്യത്തെ നിയമങ്ങളെ മാനിക്കുന്നവരാണെന്നും എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകളെ നേരത്തെതന്നെ എതിർത്തവരാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. പുരസ്കാരം വാങ്ങാനെത്തിയ കുട്ടിയെ അപമാനിക്കുന്ന ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് എം.ടി. അബ്ദുല്ല മുസ്‍ലിയാർ പറഞ്ഞു.

ഉത്തരവാദപ്പെട്ട വ്യക്തികൾ ഇരിക്കുന്ന വേദിയിൽ മുതിർന്ന പെൺകുട്ടികൾ വരാൻ പാടില്ല. ഒന്നിച്ച് ഇടപഴകാനും പാടില്ല. മറക്കപ്പുറത്തിരുന്ന് അവർക്ക് സന്തോഷിക്കുകയും ആസ്വദിക്കുകയും ചെയ്യാം. മുതിർന്ന പെൺകുട്ടികൾക്ക് സനദ് ഉൾപ്പെടെ നൽകേണ്ടിവരുമ്പോൾ അവരുടെ രക്ഷിതാക്കളെയോ ഗുരുനാഥരെയോ ഏൽപിക്കുകയാണ് ചെയ്യാറുള്ളത്. സമസ്ത മതസംഘടനയും പണ്ഡിതസഭയുമാണ്. തങ്ങളുടെ പ്രവർത്തനവും മൗനാനുവാദവുമെല്ലാം മറ്റുള്ളവർക്ക് മാതൃകയാകേണ്ടതുണ്ട്. അവ്വിധം ഇസ്‍ലാമിക ശിക്ഷണം നൽകാനാണ് തനിക്ക് അവിടെ ഇവ്വിധം നിലപാട് സ്വീകരിക്കേണ്ടിവന്നത്.

ലജ്ജയില്ലാത്ത കുട്ടികളെ വേദിയിൽ കയറ്റുന്നതിൽ പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന്, ലജ്ജയുടെ പ്രശ്നമല്ലെന്നും കുട്ടികൾക്ക് അതുകൊണ്ട് പ്രയാസമുണ്ടാക്കരുതെന്നാണ് ഉദ്ദേശിച്ചതെന്നും അബ്ദുല്ല മുസ്‍ലിയാർ പറഞ്ഞു.

എം.ടി. അബ്ദുല്ല മുസ്‍ലിയാർക്ക് പിന്തുണ

കോഴിക്കോട്: മലപ്പുറം പാതിരിമണ്ണ ദാറുൽ ഉലൂം മദ്‌റസയുടെ കെട്ടിട ഉദ്ഘാടനച്ചടങ്ങിലെ വേദിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ അപമാനിച്ചു എന്നതരത്തിലുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതിയോഗം അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി.

പൊതുവേദികളിൽ മുതിർന്ന പെൺകുട്ടികളെ പങ്കെടുപ്പിക്കാതിരിക്കലാണ് സമസ്തയുടെ കീഴ് വഴക്കം. ഇക്കാര്യം സംഘാടകരോട് ഉണർത്തുകമാത്രമാണ് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി കൂടിയായ എം.ടി. അബ്ദുല്ല മുസ്‍ലിയാർ ചെയ്തതെന്നും പ്രമേയം വിശദീകരിച്ചു. പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷത വഹിച്ചു. യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയും പ്രാർഥിച്ചുമാണ് യോഗം ആരംഭിച്ചത്. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.പി. ഉമ്മർ മുസ്‍ലി‌യാർ കൊയ്യോട്, കെ.ടി. ഹംസ മുസ്‍ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി കൂരിയാട്, കെ. ഉമർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്‍ലിയാർ, ഡോ. എൻ.എ.എം. അബ്ദുൽ ഖാദിർ, എം.സി. മായിൻ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, മാന്നാർ ഇസ്മായിൽ കുഞ്ഞുഹാജി, എസ്. സഈദ് മുസ്‍ലിയാർ വിഴിഞ്ഞം, എം. അബ്ദുറഹിമാൻ മുസ്‍ലിയാർ കൊടക് എന്നിവർ സംസാരിച്ചു. എം.ടി. അബ്ദുല്ല മുസ്‍ലിയാർ സ്വാഗതവും ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു

Tags:    
News Summary - Ban on girls: the problem was shame -Jifry Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.