തൃശൂർ: സർക്കാറിെൻറ ഉടമസ്ഥതയിലുള്ള അച്ചടി, ദൃശ്യമാധ്യമങ്ങളിൽ ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് നിർദേശം. കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. പട്ടികജാതി-ഗോത്രവർഗ കമീഷെൻറ നിർദേശമനുസരിച്ചാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചത്. പട്ടികജാതി-വർഗ വിഭാഗങ്ങളെ എളുപ്പത്തിലുള്ള വിശേഷണ പദമായി ദലിത് എന്നാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഹരിജൻ, ദലിത് തുടങ്ങിയ പദങ്ങൾ പട്ടികജാതി വിഭാഗക്കാരെ അവഹേളിക്കുന്നതാണെന്നും ഈ പദങ്ങൾ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിൽ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി-ഗോത്ര വർഗ കമീഷന് പരാതി ലഭിച്ചു.
പരാതിയുടെ പകർപ്പുൾപ്പെടെ ശിപാർശയോടെയാണ് പബ്ലിക് റിലേഷൻസ് വകുപ്പിന് കമീഷൻ നോട്ടീസ് നൽകിയത്. സർക്കുലർ അനുസരിച്ച് പബ്ലിക് റിലേഷൻസ് വിഭാഗത്തിെൻറ പ്രതിമാസ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിങ് എന്നിവയിലും മറ്റ് വകുപ്പ് പ്രസിദ്ധീകരണങ്ങളിലും വകുപ്പുമായി ബന്ധപ്പെട്ട ദൃശ്യ, ശ്രവ്യ പ്രചാരണോപാധികളിലും ദലിത്, ഹരിജൻ, ഗിരിജൻ പദങ്ങൾ പൂർണമായും ഒഴിവാക്കിയാണ് പുതിയ ലക്കം തയറാവുന്നത്. സ്വകാര്യ പ്രസിദ്ധീകരണങ്ങളിൽ ഇത്തരം നിയന്ത്രണത്തെക്കുറിച്ച് നിർദേശമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.