കൊച്ചി: ശമ്പളം ലഭിക്കാൻ തൊഴിലുടമയുടെ ഔദ്യോഗിക ബാങ്കിൽ അക്കൗണ്ട് വേണമെന്ന് ജീവനക്കാരനോട് നിർബന്ധിക്കാനാവില്ലെന്ന് ഹൈകോടതി. നിർദേശം പാലിക്കാത്തതിെൻറ പേരിൽ ശമ്പളം തടഞ്ഞുവെക്കാനാവില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ശമ്പളത്തിന് ഐ.ഡി.ബി.ഐ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങണമെന്ന മലബാർ കാൻസർ സെൻററിെൻറ നിർദേശത്തിനെതിരെ ടി.എം. ദിനേശ് കുമാർ ഉൾപ്പെടെ എട്ട് ജീവനക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2013ലാണ് മലബാർ കാൻസർ സെൻറർ അധികൃതർ ഈ നിർദേശം നൽകി സർക്കുലർ ഇറക്കിയത്. എസ്.ബി.ഐയിൽ അക്കൗണ്ടുള്ള ജീവനക്കാർ ഇതിനെതിരെ നിവേദനം നൽകിയതോടെ ശമ്പളം പണമായി ജീവനക്കാർക്ക് നേരിട്ട് നൽകി. എന്നാൽ, ഒാഡിറ്റ് റിപ്പോർട്ടിൽ ഇതിനെതിരെ പരാമർശമുണ്ടായപ്പോൾ ജീവനക്കാർ ഐ.ഡി.ബി.ഐയിൽ അക്കൗണ്ട് തുടങ്ങണമെന്ന് 2016ൽ എം.സി.സി വീണ്ടും നിർദേശിച്ചു. സ്ഥാപനം നൽകുന്ന ശമ്പളത്തുക ഇത്തരത്തിൽ വാങ്ങിയശേഷം തങ്ങളുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് മാറ്റി നൽകണമെന്ന് കാണിച്ച് ഐ.ഡി.ബി.ഐ ബാങ്കിനോട് ജീവനക്കാർക്ക് നിർദേശിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് തയാറാകാതിരുന്നതോടെ കഴിഞ്ഞ ആഗസ്റ്റ് മുതലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
എസ്.ബി.ഐയുടെ നിസ്സഹകരണം മൂലം മലബാർ കാൻസർ സെൻററിെൻറ സാമ്പത്തിക ഇടപാടുകൾക്ക് ബുദ്ധിമുട്ട് വന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഹരജിക്കാരൊഴികെയുള്ളവർ പുതിയ അക്കൗണ്ട് തുടങ്ങിയെന്നുമായിരുന്നു എം.സി.സിയുടെ വിശദീകരണം. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി ചർച്ച നടത്താത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് കോടതി നിരീക്ഷിച്ചു. ശമ്പളം തങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിലേക്ക് മാറ്റണമെന്ന് ഐ.ഡി.ബി.ഐക്ക് ഒരു നിർദേശം ഹരജിക്കാർ നൽകിയാൽ തീരാവുന്ന പ്രശ്നമാണിത്. എന്നാൽ, അക്കൗണ്ട് തുടങ്ങുന്ന കാര്യത്തിൽ ജീവനക്കാരോട് തൊഴിലുടമക്ക് ഇങ്ങനെ നിർദേശിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അധികൃതർക്കുതന്നെ പരിഹരിക്കാമായിരുന്ന വിഷയത്തിെൻറ പേരിൽ ജീവനക്കാരുടെ ശമ്പളം തടഞ്ഞത് അന്യായമാണെന്ന് വ്യക്തമാക്കിയ കോടതി ജീവനക്കാരുടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.