പാരിസ്ഥിതിക തകര്ച്ചകള് പ്രകൃതി ദുരന്തങ്ങളുടെ തീവ്രത കൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ അവയെക്കൂടി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു ഡിസാസ്റ്റര്‍ മാനേജ്മെന്റ് പോളിസിക്ക് മാത്രമേ ഒരു പരിധിവരെയെങ്കിലും ദുരന്തങ്ങളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കൂ.
കേരളം അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ പിടിയിലമര്‍ന്നിട്ട് പതിറ്റാണ്ടുകാലമായി. അതിവൃഷ്ടി, വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, ചുഴലിക്കാറ്റ്, കൊടുംചൂട് എന്നിവ സംസ്ഥാനത്ത് നിത്യസംഭവങ്ങളാണിന്ന്. ദുരന്താനുഭവത്തുടര്ച്ചകള് മുന്നിലുണ്ടെങ്കിലും അതിന് തടയിടാനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ നാം എത്ര പിന്നിലാണ് എന്നതാണ് ദുഃഖകരമായ കാര്യം. നമ്മുടെ ദുരന്തനിവാരണ നടപടികളിലേക്കൊന്നുനോക്കൂ. ദുരന്താനന്തര ഘട്ടങ്ങളില്‍ (Post disaster phase) ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന അധികാരികള്‍ അവയെ ചെറുക്കാനുള്ള നടപടികളോട് അവഗണനാപൂർവമായ അലംഭാവം പ്രദര്‍ശിപ്പിക്കുന്നു.
പ്രകൃതി-മനുഷ്യ നിർമിത ദുരന്തങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെയും ഭരണ നിര്‍വഹണ രീതികളെയും പ്രതിപാദിക്കുന്ന ഒരു ദുരന്ത കൈകാര്യകര്തൃനയം (Disaster management policy ) 2010ലാണ് കേരളത്തിൽ രൂപപ്പെടുത്തപ്പെട്ടത്. ദുരന്തങ്ങളെ നേരിടുന്നതിനായി ദുരന്തപൂര്‍വ ഘട്ടം (Pre disaster phase), ദുരന്ത പ്രതികരണ ഘട്ടം-ദുരന്തവേളയില്‍ (Disaster response phase), ദുരന്താനന്തര ഘട്ടം (Post disaster phase) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ നയരേഖയില്‍ വിശദീകരിക്കുന്നു. ദീര്‍ഘകാല പ്രത്യാഘാതങ്ങളും ഫലങ്ങളും മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടല്‍ ആവശ്യമായി വരുന്നതാണ് ഇതിലെ ഒന്നും മൂന്നും ഘട്ടങ്ങള്‍. മനുഷ്യ ഇടപെടല്‍ കൂടുന്നതിലൂടെ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തില്‍ ദുരന്തപൂര്‍വ ഘട്ടത്തിലെയും ദുരന്താനന്തര ഘട്ടത്തിലെയും പ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക അവബോധം നിറഞ്ഞതായിരിക്കേണ്ടത് പ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍, നമ്മുടെ ദുരന്ത കൈകാര്യകര്തൃനയത്തില് അത്തരമൊരു കാഴ്ചപ്പാടോ സമീപനമോ കടന്നുവരുന്നില്ല.
ദുരന്തപൂര്‍വ ഘട്ടത്തില്‍ മൂന്നുതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നയത്തില്‍ സൂചിപ്പിക്കുന്നത്: പ്രതിരോധം, ലഘൂകരണം (Mitigation), ഒരുക്കം (Preparedness). ദുരന്ത പ്രതിരോധ - ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നുംതന്നെ മനുഷ്യ ഇടപെടല്‍ മൂലമുണ്ടാകാന്‍ സാധ്യതയുള്ള പ്രാകൃതിക ദുരന്തങ്ങളെ ചെറുക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് സൂചിപ്പിക്കുന്നതേയില്ലെന്നതാണ് പ്രധാന പരിമിതി. സവിശേഷ അപകട മേഖലാ ഭൂപടം ( Hazard specific zonation mapping) പോലുള്ളവ തയാറാക്കുന്നതിനെക്കുറിച്ചും അത്തരം സ്ഥലങ്ങളിലെ നിർമാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നയരേഖ പ്രതിപാദിക്കുന്നുണ്ടെങ്കിലും ഈ മേഖലകളിലെ പരിസ്ഥിതി പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു സൂചനപോലും അത് നല്‍കുന്നില്ല. കേരളം കഴിഞ്ഞ ഏതാനും ദശകങ്ങളായി രൂക്ഷമായ തോതില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മഴക്കാല പ്രകൃതിദുരന്തക്കെടുതികളെ-ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, തീരപ്രദേശ മണ്ണൊലിപ്പ് തുടങ്ങിയവ-പ്രതിസന്ധി കാലത്തെ പരിഹാര നടപടികള്‍ക്കപ്പുറത്ത്, ദീര്‍ഘവീക്ഷണത്തോടുകൂടിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ഒരു സമീപനവും നയരേഖ നിർദേശിക്കുന്നതായി കാണാന്‍ കഴിയില്ല.
ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന അതേ അലംഭാവം തന്നെ ദുരന്താനന്തര ഘട്ടത്തിലും തുടരുന്നുവെന്നതിന് നയരേഖ തന്നെ തെളിവ്. ദുരന്തങ്ങളെത്തുടര്‍ന്ന് നടക്കേണ്ട പുനര്‍നിർമാണ പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ ജീവനോപാധികള്‍ തിരിച്ചുപിടിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഇത്തരമൊരു പാരിസ്ഥിതിക അവബോധമില്ലായ്മ ആഴത്തില്‍ ദര്‍ശിക്കാന്‍ കഴിയും.
ഉരുള്‍പൊട്ടല്‍പോലുള്ള പ്രതിഭാസങ്ങളുടെ സുപ്രധാന കാരണങ്ങളിൽ ഒന്ന് ഭൂവിനിയോഗത്തില്‍ സംഭവിച്ച മാറ്റങ്ങളാണ്. അസാധാരണമായ തോതിലുള്ള ഭൂവിനിയോഗം മണ്ണിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തുന്നുണ്ടെന്നതും അവ ഉരുള്‍പൊട്ടല്‍പോലുള്ള പ്രകൃതി ദുരന്തങ്ങളിലേക്ക് നയിക്കുന്നുവെന്നതും സംബന്ധിച്ച പഠനങ്ങള്‍ ഇന്ന് ലഭ്യമാണ്. അതീവ ദുരന്ത സാധ്യതാ പ്രദേശങ്ങളായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലെ ഭൂവിനിയോഗ രീതികളില്‍ നിര്‍ബന്ധപൂർവമായ മാറ്റങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. (ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ച മുണ്ടക്കൈ, 2019ല്‍ അപകടം സംഭവിച്ച പുത്തുമല എന്നിവ അതീവ ദുരന്ത സാധ്യതാ മേഖലകളായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രദേശങ്ങളാണ്). സൂക്ഷ്മ കാലാവസ്ഥാ വ്യവസ്ഥകളിന്മേല് (Microclimatic system) സംഭവിക്കുന്ന മാറ്റങ്ങള്‍, പ്രാദേശിക പാരിസ്ഥിതിക സേവനങ്ങള്‍, ആവാസ വ്യവസ്ഥകള്‍, വിഭവ ലഭ്യത എന്നിവയുടെ കാര്യത്തില്‍ ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് ആവശ്യമായിരിക്കുന്നത്. അതീവ ദുരന്ത സാധ്യതാ മേഖലകളിലെ നിർമിത പ്രദേശങ്ങളുടെ (Built area) സമ്മർദം കുറക്കുന്നതിനായുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കേണ്ടതാണ്. വീടുകള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, റോഡുകള്‍ തുടങ്ങിയ എല്ലാ പുതിയ നിർമാണങ്ങളും പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം പുതിയ നിർമാണാനുമതി നല്‍കാതിരിക്കുന്നത് സംബന്ധിച്ചും ഗൗരവമായ ആലോചനകള്‍ അനിവാര്യമാണ്.
കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ കാര്‍ഷിക ഭൂമിയിലും കൃഷിയിലും സംഭവിച്ച മാറ്റം സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സുസ്ഥിരതക്ക് വമ്പിച്ച വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും നാശം വെള്ളപ്പൊക്ക തീവ്രത വർധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നിലവിലുള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ഷിക ഭൂമിയുടെ തുണ്ടുവത്കരണം (Fragmentation) വിളകളുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യോൽപാദനം, വരുമാനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അഗ്രോഫോറസ്ട്രി എന്ന കാഴ്ചപ്പാട് ഉൽപാദനം, ഹരിതാവരണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ ലക്ഷ്യങ്ങളെ ഒരേസമയം നിറവേറ്റാന്‍ പര്യാപ്തമായ ഒന്നാണ്. പ്രാദേശിക ജൈവവ്യവസ്ഥക്ക് അനുയോജ്യമായ ഫലവൃക്ഷങ്ങള്‍, ഔഷധച്ചെടികള്‍, മുളകള്‍ എന്നിവക്ക് പ്രാധാന്യം നല്കുന്നതുവഴി ജൈവ ആവാസ വ്യവസ്ഥകളുടെ പുനരുജ്ജീവനം സാധ്യമാക്കുന്നതോടൊപ്പം നിലവിലുള്ള ഭൂവിനിയോഗ രീതികളില്‍ വലിയ മാറ്റമൊന്നും കൂടാതെയുള്ള പരിഷ്കരണങ്ങള്‍ക്ക് സഹായകമാകുന്നതാണ്.
പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് ഇരകളായിത്തീരുന്നവരില്‍ ബഹുഭൂരിഭാഗവും സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളാണ് എന്ന് വീണ്ടും തെളിയിക്കുന്ന ഒന്നാണ് ചൂരല്‍മല-മുണ്ടക്കൈ ദുരന്തം. അവരുടെ ജീവന് സുരക്ഷ നല്‍കുക എന്നത് ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.